Connect with us

Kerala

'രാഹുല്‍ അയോഗ്യനല്ല, ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ല, എന്ത് ന്യായത്തില്‍ ഇറക്കിവിടും'; എംഎല്‍എയുമായി വേദി പങ്കിട്ടതിൽ  മന്ത്രി വി ശിവൻകുട്ടി

കഴിഞ്ഞ ദിവസം പാലക്കാട് വെച്ച് നടന്ന സംസ്ഥാന സ്‌കൂള്‍ ശാസ്ത്ര മേളയുടെ ഉദ്ഘാടന ചടങ്ങിന്റെ വേദിയിലായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ എത്തിയത്.

Published

|

Last Updated

തിരുവനന്തപുരം| രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സംസ്ഥാന സ്‌കൂള്‍ ശാസ്ത്ര മേളയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തത് ചര്‍ച്ചയായതോടെ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. രാഹുല്‍ നിലവില്‍ എംഎല്‍എയാണ്. ഇത് ജനാധിപത്യ മര്യാദയുടെ ഒരു പ്രശ്നമാണ്. രാഹുല്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച വ്യക്തിയാണ്. അയാള്‍ അയോഗ്യനല്ല. ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ല. കേസുകള്‍ നടന്നുകൊണ്ടിരിക്കുന്നേയുള്ളു. അങ്ങനെ ഒരാള്‍ വേദിയില്‍ വന്നാല്‍ ഇറക്കി വിടുന്നത് തങ്ങളുടെ മര്യാദയല്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

എംഎല്‍എയായ ഒരാളെ എന്ത് ന്യായത്തില്‍ ഇറക്കിവിടും. അല്ലെങ്കില്‍ ഞങ്ങള്‍ ഇറങ്ങിപ്പോകണം. വിയോജിപ്പുള്ള കാര്യമുണ്ട്. എല്‍ഡിഎഫിന്റെ മര്യാദ അതാണ്. ഞങ്ങളുടെ അഭിപ്രായം പറഞ്ഞിട്ടുണ്ട്. നമ്മുടെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി അദ്ദേഹത്തെ തടയുന്നില്ലെന്ന് പറഞ്ഞിട്ടുണ്ട്. വികസന പ്രവര്‍ത്തനം നടത്തുന്നതിന് രാഹുല്‍ വരുന്നതില്‍ നിന്നും തടയുന്നില്ലെന്നും  എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രാഹുല്‍ മാങ്കൂട്ടത്തിലിനെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നുവെന്നും സംഘാടക സമിതി യോഗത്തില്‍ നോട്ടീസില്‍ പേര് വെച്ചിരുന്നുവെന്നും മന്ത്രി ശിവന്‍കുട്ടി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പാലക്കാട് വെച്ച് നടന്ന സംസ്ഥാന സ്‌കൂള്‍ ശാസ്ത്ര മേളയുടെ ഉദ്ഘാടന ചടങ്ങിന്റെ വേദിയിലായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ എത്തിയത്. ശിവന്‍കുട്ടിയും മന്ത്രി എം ബി രാജേഷും വേദിയിലുണ്ടായിരുന്നപ്പോഴാണ് രാഹുല്‍ വേദിയിലെത്തിയത്. തുടര്‍ന്ന് വി ശിവന്‍കുട്ടിയുമായി സംസാരിച്ചിരുന്ന രാഹുലിന്റെ ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ചടങ്ങില്‍ രാഹുല്‍ മാങ്കൂട്ടത്തിലാണ് ആശംസ പ്രസംഗം നടത്തിയത്.

രാഹുല്‍ പരിപാടിയില്‍ പങ്കെടുത്തതില്‍ പ്രതിഷേധിച്ച് ബിജെപി കൗണ്‍സിലര്‍ വേദി വിട്ടിറങ്ങിയിരുന്നു. പാലക്കാട് നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനി കൃഷ്ണകുമാറാണ് പ്രതിഷേധിച്ച് വേദി വിട്ടത്.

 

 

---- facebook comment plugin here -----

Latest