editorial
ഇന്ത്യൻ കരുത്തറിയിച്ച "ഓപറേഷൻ സിന്ദൂർ'
1965ല്‍ 17 ദിവസം നീണ്ടുനില്‍ക്കുന്ന യുദ്ധവും കാര്‍ഗില്‍, ഉറി, ബാലാകോട്ട് തുടങ്ങി സര്‍ജിക്കല്‍ സ്‌ട്രൈക്കുകളും നടന്നു. അതിന്റെ തുടര്‍ച്ചയാണ് ഓപറേഷന്‍ സിന്ദൂര്‍. പാകിസ്്താനാണ് ഇത്തരം സൈനിക നടപടികള്‍ക്ക് വഴിമരുന്നിടുന്നത്.

പഹല്‍ഗാം തീവ്രവാദിയാക്രമണത്തിന് ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നല്‍കിയത്. ബുധനാഴ്ച പുലര്‍ച്ചെ 1.30ന് കര- വ്യോമ സേനകള്‍ സംയുക്തമായി നടത്തിയ “ഓപറേഷന്‍ സിന്ദൂരി’ല്‍ ഒമ്പത് തീവ്രവാദ കേന്ദ്രങ്ങള്‍ തകര്‍ത്തതായി സേനാ നേതൃത്വം വെളിപ്പെടുത്തുന്നു. ലശ്കറെ ത്വയ്യിബ, ജെയ്‌ഷെ മുഹമ്മദ്, ഹിസ്ബുല്‍ മുജാഹിദീന്‍ തുടങ്ങി പാക് അധീന കശ്മീര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകളുടെ ആസ്ഥാനങ്ങള്‍ സ്ഥിതി ചെയ്യുന്ന ബഹാവല്‍പൂര്‍, കോട്‌ലി, മുരിഡ്‌കെ തുടങ്ങിയ കേന്ദ്രങ്ങളെയാണ് ഇന്ത്യന്‍ സൈന്യം ലക്ഷ്യമിട്ടത്. ഈ തീവ്രവാദ കേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യ 24 മിസൈലുകള്‍ തൊടുത്തുവിട്ടു. ലശ്കര്‍ നേതാക്കളായ അബ്്ദുല്‍ മാലിക്, മുദ്ദസിര്‍ ഉള്‍പ്പെടെ 17 തീവ്രവാദികള്‍ കൊല്ലപ്പെടുകയും എമ്പതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി റിപോര്‍ട്ട് ചെയ്യപ്പെടുന്നു. 70 പേര്‍ കൊല്ലപ്പെട്ടതായും അനൗദ്യോഗിക റിപോര്‍ട്ടുണ്ട്. 26 പേര്‍ കൊല്ലപ്പെടുകയും 40ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി പാക് സ്ഥിരീകരിക്കുകയുണ്ടായി.
രാജ്യം ആഗ്രഹിച്ചതാണ് ഇത്തരമൊരു തിരിച്ചടി. കശ്മീര്‍ പ്രശ്‌നത്തിലോ, ഇന്ത്യാ പാക് രാഷ്്ട്രീയ തര്‍ക്കത്തിലോ ഒരു പങ്കുമില്ലാത്ത നിരപരാധികളായ 26 വിനോദസഞ്ചാരികളെയാണ് പഹല്‍ഗാമില്‍ കുടുംബങ്ങള്‍ക്ക് മുന്നില്‍ വെച്ച് തീവ്രവാദികള്‍ നിഷ്ഠുരമായി വധിച്ചത്. ഇസ്‌റാഈല്‍ സൈന്യം നിരപരാധികളായ ഫലസ്്തീനികളെ കൊന്നൊടുക്കുന്നതിന് സമാനം അതിക്രൂരവും മാപ്പര്‍ഹിക്കാത്തതമായ ചെയ്തിയാണിത്. സംഭവത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്നാണ് പാക് ഭരണകൂടം പറയുന്നതെങ്കിലും പാക് ചാര സംഘടനയായ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സി (ഐ എസ് എ)ന്റെയും പാക് സൈന്യത്തിന്റെയും പിന്തുണയോടെയും സഹകരണത്തോടെയുമാണ് ലശ്കറെ ത്വയ്യിബയുടെ പോഷക സംഘടനയായ “ദ റസിസ്റ്റന്റ്ഫ്രണ്ട്’ ആക്രമണം നടത്തിയതെന്ന് വ്യക്തമായിട്ടുണ്ടെന്നാണ് ദേശീയ അന്വേഷണ ഏജന്‍സി പറയുന്നത്. ഇതുസംബന്ധിച്ച് ഇന്റലിജന്‍സിന് ലഭിച്ച തെളിവുകളും നിര്‍ണായക ദൃക്‌സാക്ഷി മൊഴികളും ഇന്ത്യ വിദേശ നയതന്ത്ര പ്രതിനിധികള്‍ക്ക് കൈമാറിയിട്ടുമുണ്ട്.
തീവ്രവാദികളും പാകിസ്്താനും അര്‍ഹിക്കുന്നതാണ് ഓപറേഷന്‍ സിന്ദൂര്‍.പാകിസ്്താനെതിരെയല്ല, തീവ്രവാദത്തിനെതിരെയാണ് ഇന്ത്യ തിരിച്ചടിച്ചതെന്ന് ഓപറേഷന്‍ സിന്ദൂരിന് ശേഷം ഇന്നലെ കാലത്ത് ഡല്‍ഹിയില്‍ നടന്ന വാർത്താ സമ്മേളനത്തില്‍ സൈനിക നേതൃത്വങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. കശ്മീരില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന സംഘര്‍ഷത്തിലും അരക്ഷിതാവസ്ഥയിലും പാകിസ്്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദി സംഘടനകള്‍ക്ക് വലിയ പങ്കുണ്ട്. തീവ്രവാദികളുടെ താവളമായി മാറിയിരിക്കുകയാണ് പാകിസ്്താന്‍. ഇവരുമായി പാകിസ്്താനുള്ള ബന്ധം സ്ഥിരപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഇന്ത്യക്കെതിരെയുള്ള തീവ്രവാദി ആക്രമണത്തിന് പാകിസ്്താന്‍ പിന്തുണ നല്‍കുന്നുണ്ടെന്നും ഈ സാഹചര്യത്തിലാണ് ഇന്ത്യ തിരിച്ചടിക്ക് നിര്‍ബന്ധിതമായതെന്നും വാർത്താ സമ്മേളനത്തില്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി, കേണല്‍ സോഫിയ ഖുറേഷി, വ്യോമസേനാ വിംഗ് കമാന്‍ഡര്‍ വ്യോമിക സിംഗ് എന്നിവര്‍ വ്യക്തമാക്കി. സാധാരണക്കാര്‍ക്ക് ഒരു പ്രയാസം സൃഷ്്ടിക്കാത്ത വിധവും വന്‍തൊതിലുള്ള നാശനഷ്്ടങ്ങള്‍ക്ക് ഇടവരുത്താതെയും തീവ്രവാദ കേന്ദ്രങ്ങളെക്കുറിച്ച് വ്യക്തമായി പഠിച്ചറിഞ്ഞ ശേഷവുമായിരുന്നു ആക്രമണം. വിശ്വസനീയമായ ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലക്ഷ്യങ്ങള്‍ തിരഞ്ഞെടുത്തതെന്നും പാക് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടന്നിട്ടില്ലെന്നും കമാന്‍ഡര്‍ വ്യോമിക സിംഗ് പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇന്ത്യ നല്‍കിയ മൂന്നാമത്തെ തിരിച്ചടിയാണിത്.
1947ല്‍ വിഭജനാനന്തരം കശ്മീര്‍ ഇന്ത്യയോട് ചേര്‍ന്ന അന്നുതൊട്ടേ തുടങ്ങിയതാണ് ഇന്ത്യാ- പാക് സംഘര്‍ഷം. കശ്മീരിനെ ചൊല്ലി പലപ്പോഴും അതിര്‍ത്തിയില്‍ ഏറ്റുമുട്ടലുണ്ടായിട്ടുണ്ട്. 1965ല്‍ 17 ദിവസം നീണ്ടുനില്‍ക്കുന്ന യുദ്ധവും കാര്‍ഗില്‍, ഉറി, ബാലാകോട്ട് തുടങ്ങി സര്‍ജിക്കല്‍ സ്‌ട്രൈക്കുകളും നടന്നു. അതിന്റെ തുടര്‍ച്ചയാണ് ഓപറേഷന്‍ സിന്ദൂര്‍. പാകിസ്്താനാണ് ഇത്തരം സൈനിക നടപടികള്‍ക്ക് വഴിമരുന്നിടുന്നത്. സൈനിക ആക്രമണങ്ങളിലൂടെയും തീവ്രവാദികളെ ഉപയോഗപ്പെടുത്തി അയല്‍രാഷ്്ട്രത്തിന്റെ സ്വസ്ഥതയും സമാധാന അന്തരീക്ഷവും തകർത്തുമല്ല രാഷ്്ട്രങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കങ്ങളും രാഷ്്ട്രീയ പ്രശ്‌നങ്ങളും പരിഹരിക്കേണ്ടത്. ചര്‍ച്ചകളിലൂടെയും നയതന്ത്ര ഇടപെടലുകളിലൂടെയുമാണ്. പാകിസ്്താന് ഇതറിയാതെയല്ല. എങ്കിലും ആഭ്യന്തര കുഴപ്പങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ ഭരണനേതൃത്വം അതിര്‍ത്തിയില്‍ കുഴപ്പങ്ങളും തീവ്രവാദികളെ ഉപയോഗപ്പെടുത്തി കശ്മീരില്‍ സംഘര്‍ഷങ്ങളും സൃഷ്്ടിക്കുകയാണ്.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയും സൈനിക ശക്തിയില്‍ ഇന്ത്യക്കു താഴെനില്‍ക്കുകയും ചെയ്യുന്ന പാകിസ്്താന് ഇന്ത്യയെ അതിജയിക്കാനാകില്ല. നയതന്ത്രപരമായ നീക്കങ്ങളാണ് ഇക്കാര്യത്തില്‍ പാകിസ്്താന്‍ സ്വീകരിക്കേണ്ടത്. ഇത്തരമൊരു വിവേകപരമായ നിലപാടിലേക്ക് നീങ്ങുന്നതിന്റെ സൂചനയായി വേണം ഓപറേഷന്‍ സിന്ദൂറിന് തൊട്ടുപിന്നാലെ പാക് പ്രതിരോധ മന്ത്രി ഖാജാ ആസിഫ് നടത്തിയ പ്രസ്്താവന വ്യക്തമാക്കുന്നത്. “ഇന്ത്യക്കെതിരെ ശത്രുതാപരമായ നടപടി സ്വീകരിക്കില്ലെന്ന് കഴിഞ്ഞ രണ്ടാഴ്ചയായി പറഞ്ഞുകൊണ്ടിരിക്കുകയാണ്. നിലവിലെ സ്ഥിതിഗതികള്‍ ലഘൂകരിക്കാന്‍ ഇന്ത്യ സന്നദ്ധമാവുകയും സൈനിക നടപടികളില്‍ നിന്ന് പിന്മാറുകയും ചെയ്താല്‍ നിശ്ചയമായും ഞങ്ങള്‍ സംഘര്‍ഷം ഒഴിവാക്കു’മെന്നായിരുന്നു ഇസ്‌ലാമാബാദില്‍ ബ്ലൂംബെര്‍ഗ് ടി വിയുമായി സംസാരിക്കവെ ഖാജാ ആസിഫ് പറഞ്ഞത്. ഇത് വിവേകത്തിന്റെ സ്വരമാണ്.