Ongoing News
'അത്യന്തം വികാരഭരിതനാണ്, കരയുന്നില്ലെന്ന് മാത്രം': വിംബിള്‍ഡണ്‍ ചാമ്പ്യന്‍ ജാനിക് സിന്നര്‍
കഴിഞ്ഞ വര്‍ഷം ലോക ഉത്തേജക വിരുദ്ധ ഏജന്‍സി നടത്തിയ പരിശോധനയില്‍ നിരോധിത മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് സിന്നറിന് മൂന്ന് മാസത്തെ വിലക്ക് നേരിടേണ്ടി വന്നിരുന്നു.

ലണ്ടന്‍ | കോര്‍ട്ടിലും പുറത്തും അഭിമുഖീകരിക്കേണ്ടി വന്ന പ്രതികൂല സാഹചര്യങ്ങളെ മനസ്ഥൈര്യം കൊണ്ട് മറികടക്കാനായതില്‍ അഭിമാനം കൊണ്ട് വിംബിള്‍ഡണ്‍ ചാമ്പ്യന്‍ ജാനിക് സിന്നര്‍. നിലവിലെ ചാമ്പ്യന്‍ സ്‌പെയിനിന്റെ കാര്‍ലോസ് അല്‍കാരസിനെ ഫൈനലില്‍ 4-6, 6-4, 6-4, 6-4 എന്ന സ്‌കോറിനെ പരാജയപ്പെടുത്തിയാണ് സിന്നര്‍ തന്റെ കന്നി വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കിയത്. 23കാരനായ ഐസ് കൂളിന്റെ നാലാമത്തെ ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്. ഇറ്റലിയുടെ ആദ്യ വിംബിള്‍ഡണ്‍ ചാമ്പ്യന്‍ കൂടിയാണ് സിന്നര്‍.
കഴിഞ്ഞ വര്‍ഷം ലോക ഉത്തേജക വിരുദ്ധ ഏജന്‍സി നടത്തിയ പരിശോധനയില്‍ നിരോധിത മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് സിന്നറിന് മൂന്ന് മാസത്തെ വിലക്ക് നേരിടേണ്ടി വന്നിരുന്നു. ഫെബ്രുവരി ഒമ്പത് മുതല്‍ മെയ് നാല് വരെയായിരുന്നു വിലക്കേര്‍പ്പെടുത്തിയത്. ജനുവരിയില്‍ നടന്ന ആസ്‌ത്രേലിയന്‍ ഓപണില്‍ ജേതാവായ ശേഷമായിരുന്നു വിലക്ക്. ഫിസിയോ തെറാപ്പിസ്റ്റിന്റെ നിര്‍ദേശപ്രകാരമാണ് നിരോധിക്കപ്പെട്ട ക്ലോസ്റ്റബോള്‍ ഉള്‍പ്പെട്ട മരുന്ന് ഉപയോഗിച്ചതെന്ന് സിന്നര്‍ നല്‍കിയ വിശദീകരണം അംഗീകരിച്ചാണ് ലോക ഉത്തേജക വിരുദ്ധ ഏജന്‍സി (വാഡ) കടുത്ത നടപടികള്‍ സ്വീകരിക്കാതിരുന്നത്.
വിലക്കിനു ശേഷം മേയില്‍ കളിക്കളത്തിലേക്ക് തിരിച്ചെത്തിയ ശേഷം സിന്നര്‍ നേടുന്ന ആദ്യ കിരീടമാണിത്. ഒരുമാസം മുമ്പ് നടന്ന ഫ്രഞ്ച് ഓപണ്‍ കലാശത്തില്‍ അല്‍കാരസിനോട് താരം അടിയറവ് പറഞ്ഞിരുന്നു. മൂന്ന് മാച്ച് പോയിന്റുകള്‍ നഷ്ടപ്പെടുത്തിയായിരുന്നു തോല്‍വി.
കരയുന്നില്ലെങ്കിലും ഏറെ വികാരഭരിതനാണ് താനെന്ന് സിന്നര്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. ‘എനിക്കും എന്നോട് അടുത്തു നില്‍ക്കുന്നവര്‍ക്കും മാത്രമേ കളത്തിനകത്തും പുറത്തും കടന്നുപോന്ന പ്രയാസകരമായ നിമിഷങ്ങളെ കുറിച്ച് അറിയൂ. അത് എളുപ്പമായിരുന്നില്ല. മാനസിക സംഘര്‍ഷമുണ്ടായിരുന്നുവെങ്കിലും കഠിന പരിശീലനവുമായി മുന്നോട്ട് പോവുകയായിരുന്നു. അതാണ് തുണച്ചത്.’
തന്റെ നേട്ടത്തില്‍ ആസ്‌ത്രേലിയന്‍ കോച്ച് ഡാരെന്‍ കാഹില്‍ ഉള്‍പ്പെടെയുള്ള സംഘത്തെ പ്രത്യേകം പ്രകീര്‍ത്തിക്കാനും സിന്നര്‍ മറന്നില്ല.