Kozhikode
സ്വാതന്ത്ര്യ സമരത്തിന്റെ ഓര്‍മകള്‍ നിറച്ച് ക്വിസ് മത്സരം ശ്രദ്ധേയമായി
ജനചേതന ഉള്ളിയേരി സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന ക്വിസ് മത്സ വിജയികള്‍ക്ക് എഴുത്തുകാരന്‍ ഡോ. പി സുരേഷ് പുരസ്‌കാരം നല്‍കുന്നു

ഉള്ളിയേരി | സ്വാതന്ത്ര്യ സമരത്തിന്റെ തീഷ്ണമായ ഓര്‍മകള്‍ ഇളം മനസ്സുകളില്‍ നിറച്ച് സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം ശ്രദ്ധേയമായി. ജനചേതന ഉള്ളിയേരിയാണ് സ്വാതന്ത്ര്യ ദിനത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചത്. ഉള്ളിയേരി ജി എല്‍ പി സ്‌കൂളില്‍ നടന്ന പരിപാടി പ്രധാന അധ്യാപിക ശ്രീലേഖ ഉദ്ഘാടനം ചെയ്തു. ഉള്ളിയേരി പഞ്ചായത്തിലെ ഒന്‍പത് എല്‍ പി സ്‌കൂളില്‍ നിന്നു രണ്ടുപേരടങ്ങിയ ടീമുകളിലായി 18 കുട്ടികള്‍ പങ്കെടുത്തു.
ചന്ദ്രന്‍ പുളിയഞ്ചേരി ആയിരുന്നു ക്വിസ് മാസ്റ്റര്‍. ഒന്നാം സ്ഥാനം ഉള്ളിയേരി ജി എല്‍ പി സ്‌കൂളിലെ അലോക് അനീഷ്- നൈതിക നായര്‍ ടീം കരസ്ഥമാക്കി. രണ്ടാം സ്ഥാനം കന്നൂര്‍ ജി യു പി സ്‌കൂളിലെ ജാന്യ ലക്ഷ്മി- അദൃത് ആര്‍ നായര്‍ ടീമും മൂന്നാം സ്ഥാനം നാറാത്ത് എന്‍ എം എം എ യു പി സ്‌കൂളിലെ പി അന്‍വിന്‍- കെ അക്ഷര ടീമും കരസ്ഥമാക്കി.
വിജയികള്‍ക്ക് ശങ്കരന്‍കണ്ടി വാസുദേവന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം എഴുത്തുകാരന്‍ ഡോ. പി സുരേഷ് നല്‍കി. പരിപാടിയില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള മൊമെന്റോയും സര്‍ട്ടിഫിക്കറ്റും വാസുദേവന്‍ മാസ്റ്ററുടെ മക്കളായ എസ് വി നിഷ, എസ് വി ഷീജ എന്നിവരും നല്‍കി.
പി വി ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് എം കെ അമല്‍ജിത്ത്, നിമിഷ പ്രസാദ് സംസാരിച്ചു. സെക്രട്ടറി ബി പി പ്രബിന്‍ സ്വാഗതവും വനിതാ കമ്മിറ്റി പ്രസിഡന്റ് ബിജില അനീഷ് നന്ദിയും പറഞ്ഞു.