Connect with us

Kozhikode

ക്യു കൗൻ ഖുർആൻ റിസർച്ച് കോൺഫറൻസ് സമാപിച്ചു

ഖുർആൻ പഠന ക്യാമ്പിൽ പത്ത് സെഷനുകളിലായി കേരളത്തിലെ പ്രഗൽഭ ഖുർആൻ പണ്ഡിതർ കോൺഫറൻസിൽ വിദ്യാർത്ഥികളുമായി സംവദിച്ചു

Published

|

Last Updated

കോഴിക്കോട് | മർകസിനു കീഴിൽ പാറപ്പള്ളിയിൽ പ്രവർത്തിക്കുന്ന മർകസ് മാലിക് ദീനാർ ഖുർആൻ റിസർച്ച് അക്കാദമി വിദ്യാർത്ഥി സംഘടന വിശുദ്ധ ഖുർആനിന്റെ പുതിയ കാല വായനകളെ പരിചയപ്പെടുത്തുന്നതിനായി ക്യൂ കൗൻ ഖുർആൻ റിസർച്ച് കോൺഫറൻസ് സംഘടിപ്പിച്ചു. രണ്ടു ദിവസങ്ങളിലായി നീണ്ടുനിന്ന സംഗമം മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു.

ഖുർആൻ പഠന ക്യാമ്പിൽ പത്ത് സെഷനുകളിലായി കേരളത്തിലെ പ്രഗൽഭ ഖുർആൻ പണ്ഡിതർ കോൺഫറൻസിൽ വിദ്യാർത്ഥികളുമായി സംവദിച്ചു. 50 സ്ഥാപനങ്ങളിൽ നിന്നായി ഇരുനൂറോളം പ്രതിനിധികൾ പങ്കടുക്കുന്ന കോൺഫറൻസിൽ ഖുർആനിന്റെ സാഹിത്യം, ശാസ്ത്രം, പരിസ്ഥിതി, ആത്മീയത, ചരിത്രം, രാഷ്ട്രീയം, മാനവീകത തുടങ്ങിയ വിഷയങ്ങളിൽ സംവാദങ്ങളും, ചർച്ചകളും സംഭാഷണങ്ങളും നടന്നു.

ഖുർആൻ ചർച്ചകൾ മാത്രം വിഷയമാക്കുന്ന കേരളത്തിലെ പ്രഥമ ഖുർആൻ റിസർച്ച് കോൺഫറൻസ് ആണ് മർകസ് മാലിക് ദീനാർ സ്റ്റുഡന്റ്സ് യൂണിയൻ അന്നബഅ് ഒരുക്കുന്ന ക്യു കൗൻ. ക്യാമ്പിലെ വ്യത്യസ്ത സെഷനുകൾക്ക് , മുഹയുദ്ധീൻ കുട്ടി മുസ്ലിയാർ പുറക്കാട്, പേരോട് അബ്ദുറഹ്മാൻ സഖാഫി, ബഷീർ ഫൈസി വെണ്ണക്കോട്, അലി ബാഖവി ആറ്റുപുറം, ഷാഫി സഖാഫി മുണ്ടമ്പ്ര, എൻ.എം സാദിഖ് സഖാഫി പെരുന്താറ്റിരി, ഡോ. ഫൈസൽ അഹ്സനി രണ്ടത്താണി, ഡോ.ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല, ആരിഫ് ബുഖാരി, സജീർ ബുഖാരി, ഹനീഫ് സഖാഫി ആനമങ്ങാട്, ഹാഫിസ് അബൂബക്കർ സഖാഫി പന്നൂർ, സി എൻ ജാഫർ സാദിഖ്, നാസർ സഖാഫി മണ്ടാട്, യൂനുസ് സഖാഫി കൊയിലാണ്ടി, ഹാഫിസ് അബ്ദുറഹ്മാൻ നൂറാനി മമ്പീതി എന്നിവർ സംബന്ധിച്ചു.

സമാപന സംഗമത്തിൽ മർകസ് മാലിക് ദീനാർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഇസ്സുദ്ദീൻ സഖാഫി പുല്ലാളൂർ അധ്യക്ഷതനായി. മർകസ് പ്രസിഡണ്ട് സയ്യിദ് അലി ബാഫഖി തങ്ങൾ സമാപന സംഗമം ഉൽഘാടനം ചെയ്തു.

ക്യൂ കൗൻ ഖുർആൻ റിസൾട്ട് കോൺഫറൻസിന് ചുക്കാൻ പിടിച്ച ഹാഫിള് ഹസീബ് സഖാഫിയെ വിദ്യാർത്ഥി യൂണിയൻ ആദരിച്ചു.