Connect with us

Alappuzha

പുന്നപ്ര- വയലാർ സമരത്തെയും വെട്ടുന്നു

പുന്നപ്ര- വയലാർ സമരത്തെയും സ്വാതന്ത്ര്യ സമര പട്ടികയിൽ നിന്നൊഴിവാക്കാൻ ആലോചന.

Published

|

Last Updated

ആലപ്പുഴ | മലബാർ സമര നേതാക്കളായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ലിയാർ ഉൾപ്പെടെയുള്ള 387 രക്തസാക്ഷികളെ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവിൽ നിന്ന് നീക്കം ചെയ്തതിന് പിന്നാലെ പുന്നപ്ര- വയലാർ സമരത്തെയും സ്വാതന്ത്ര്യ സമര പട്ടികയിൽ നിന്നൊഴിവാക്കാൻ ആലോചന.

1946ൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന പുന്നപ്ര- വയലാർ സമരം സായുധ പോരാട്ടത്തിലും രക്തച്ചൊരിച്ചിലിലും അവസാനിക്കുകയായിരുന്നു. ഇരുനൂറോളം പേർ മരിച്ചതായാണ് വിലയിരുത്തപ്പെടുന്നത്. 1998 ജനുവരി 20ന് ഐ കെ ഗുജ്‌റാൾ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്ന ഇന്ദ്രജിത്ത് ഗുപ്തയാണ് പുന്നപ്ര- വയലാർ സമരത്തെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി അംഗീകരിച്ച് ഉത്തരവിട്ട്, പങ്കെടുത്തവർക്ക് സ്വാതന്ത്ര്യസമര പെൻഷൻ അനുവദിച്ചത്.

ഔദ്യോഗികമായി ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം 1947 ആഗസ്റ്റ് 15നാണ് നടന്നതെങ്കിലും 1946 സെപ്തംബർ രണ്ടിന് തന്നെ ജവഹർലാൽ നെഹ്‌റുവിന്റെ നേതൃത്വത്തിൽ ഇടക്കാല ദേശീയ ഗവൺമെന്റ് കേന്ദ്രത്തിൽ അധികാരത്തിൽ വന്നിരുന്നതായും പ്രായോഗികമായി യഥാർഥ സ്വാതന്ത്ര്യലബ്ധി അതോടെ നടന്നുകഴിഞ്ഞിരുന്നതായും ചരിത്രകാരൻ എ ശ്രീധരമേനോൻ പറയുന്നു. അതുകൊണ്ടുതന്നെ, പിന്നീട് ഒക്ടോബറിൽ നടന്ന പുന്നപ്ര- വയലാർ സമരം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി കണക്കാക്കാനാകില്ലെന്നും അദ്ദേഹം വാദിക്കുന്നു.
കമ്മ്യൂണിസ്റ്റ് പ്രവർത്തകർ ഈ സമരത്തെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി കാണുമ്പോൾ മറ്റ് പലരും ഇതിനെ ജന്മി- കുടിയാൻ സമരമായി മാത്രമായാണ് കാണുന്നത്.
പുന്നപ്ര- വയലാർ സമരങ്ങളിലെ രക്തസാക്ഷികളുടെ കുടുംബങ്ങൾക്കും പങ്കെടുത്തവർക്കും സ്വാതന്ത്ര്യസമര പെൻഷൻ നൽകണമെന്ന ആവശ്യം കോൺഗ്രസ്സ് സർക്കാർ 1989ൽ നിരസിക്കുകയായിരുന്നു. നിരവധി വാദപ്രതിവാദങ്ങൾക്ക് ശേഷം 1998ലാണ് ഇത് അംഗീകരിച്ചത്.
പുന്നപ്ര- വയലാർ സമരത്തിന് സ്വാതന്ത്ര്യ സമരവുമായി ബന്ധമില്ലെന്ന് ബി ജെ പി ചൂണ്ടിക്കാട്ടുന്നു.
ഇതിനെ സ്വാതന്ത്ര്യസമര പട്ടികയിൽ നിന്നൊഴിവാക്കണമെന്ന ആവശ്യം സംസ്ഥാന ബി ജെ പി നേതൃത്വം ഏറെ നാളായി ഉയർത്തുന്നുണ്ട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ ആലപ്പുഴയിലെ എൻ ഡി എ സ്ഥാനാർഥി സന്ദീപ് വാചസ്പതി പുന്നപ്രയിലെ രക്തസാക്ഷി മണ്ഡപത്തിൽ കയറി പുഷ്പാർച്ചന നടത്തുകയും രക്തസാക്ഷി മണ്ഡപം പൊതുസ്വത്താണെന്നും എല്ലാവർക്കും അവകാശപ്പെട്ട സ്ഥലമാണെന്നും വാദമുന്നയിക്കുകയും ചെയ്തത് വിവാദത്തിനിടയാക്കിയിരുന്നു.