Uae
സ്വകാര്യ സ്‌കൂൾ ഫീസ് നിർണയം; ഗുണനിലവാരം അടിസ്ഥാനമാക്കി നിശ്ചയിക്കും
ഇർതിഖ പരിശോധനാ ചട്ടക്കൂട് അനുസരിച്ച് സ്‌കൂളുകളുടെ പ്രകടനം വിലയിരുത്തിയാണ് ഫീസ് നിർണയിക്കുക.

അബൂദബി| സ്വകാര്യ സ്‌കൂളുകളിലെ ഫീസ് ക്രമീകരണം വിദ്യാഭ്യാസ ഗുണനിലവാരവും ന്യായമായ ചെലവുകളും അടിസ്ഥാനമാക്കി നിശ്ചയിക്കുമെന്ന് അബൂദബി വിദ്യാഭ്യാസ അതോറിറ്റി വ്യക്തമാക്കി. ഫീസ് വർധനവ് ഉൾപ്പെടെയുള്ള മാറ്റങ്ങൾ സൂക്ഷ്മമായി പരിഗണിക്കുകയും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവുമായി ബന്ധിപ്പിക്കുകയും ചെയ്യുമെന്ന് വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് അറിയിച്ചു. ഇർതിഖ പരിശോധനാ ചട്ടക്കൂട് അനുസരിച്ച് സ്‌കൂളുകളുടെ പ്രകടനം വിലയിരുത്തിയാണ് ഫീസ് നിർണയിക്കുക.
സ്‌കൂളുകളുടെ ഫീസ് ക്രമീകരണം, വിദ്യാർഥികളുടെ അക്കാദമിക് പുരോഗതി, അധ്യാപന-വിലയിരുത്തൽ ഗുണനിലവാരം, പാഠ്യപദ്ധതി, സ്‌കൂൾ അന്തരീക്ഷം, മാനേജ്‌മെന്റിന്റെ കാര്യക്ഷമത എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഇർതിഖ മൂല്യനിർണയത്തെ അടിസ്ഥാനമാക്കിയാണ് വിദ്യാഭ്യാസ ചെലവ് സൂചിക തയ്യാറാക്കുന്നത്. മികച്ച പ്രകടനമോ ഗണ്യമായ പുരോഗതിയോ കാണിക്കുന്ന സ്‌കൂളുകൾക്ക്, അംഗീകൃത ചെലവുകൾ ന്യായീകരിക്കുന്ന പക്ഷം, നിശ്ചിത പരിധിക്കുള്ളിൽ ഫീസ് വർധിപ്പിക്കാൻ അനുമതി ലഭിക്കും.
ഫീസ് വർധനയ്ക്ക് സ്‌കൂളുകൾ രണ്ട് വ്യവസ്ഥകൾ പാലിക്കണം. ഉയർന്ന ഇർതിഖ മൂല്യനിർണയം അല്ലെങ്കിൽ കഴിഞ്ഞ രണ്ട് പരിശോധനകളിൽ പുരോഗതി, വർധനവിനെ ന്യായീകരിക്കുന്ന വിദ്യാഭ്യാസ ചെലവ് എന്നിവയാണത്.