International
ഇന്ത്യ- ചൈന സഹകരണം ഊന്നിപ്പറഞ്ഞ് പ്രധാനമന്ത്രി
ചൈനയുമായി ഒരുമിച്ചുള്ള പ്രവർത്തനം ആഗോള സമ്പദ് വ്യവസ്ഥക്ക് സ്ഥിരത കൊണ്ടുവരുമെന്ന് മോദി

ടോക്കിയോ | ഇന്ത്യയും ചൈനയും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് പ്രധാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൈനീസ് സന്ദര്‍ശനത്തിന് മുന്നോടിയായി ജപ്പാനില്‍ വെച്ചാണ് മോദി ചൈനയുമായുള്ള ബന്ധം ദൃഢമാക്കണമെന്ന് ഊന്നിപ്പറഞ്ഞത്. യു എസുമായുള്ള താരിഫ് തര്‍ക്കത്തിനിടയില്‍ നിര്‍ണായകമാണ് മോദിയുടെ വാക്കുകൾ.
ചൈനയുമായി ഒരുമിച്ചുള്ള പ്രവർത്തനം പ്രാദേശിക സമാധാനത്തിനും സമൃദ്ധിക്കും നല്ല സ്വാധീനം ചെലുത്തുമെന്നും ആഗോള സമ്പദ് വ്യവസ്ഥക്ക് സ്ഥിരത കൊണ്ടുവരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ജപ്പാനിലെ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി മോദി ഷാങ്ഹായ് കോ- ഓപറേഷന്‍ ഓര്‍ഗനൈസേഷന്റെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ചൈനയിലേക്ക് തിരിക്കും. റഷ്യ, ഇറാന്‍, കസാകിസ്താന്‍, കിര്‍ഗിസ്താന്‍, പാകിസ്താന്‍, താജിക്കിസ്താന്‍, ഉസ്‌ബെകിസ്താന്‍, ബെലാറുസ് എന്നിവരും ഉള്‍പ്പെടുന്ന പ്രാദേശിക കൂട്ടായ്മയാണിത്.
‘ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ ക്ഷണപ്രകാരം, എസ് സി ഒ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഞാന്‍ ഇവിടെ നിന്ന് ടിയാന്‍ജിനിലേക്ക് പോകും. കഴിഞ്ഞ വര്‍ഷം കസാനില്‍ പ്രസിഡന്റ് ഷിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം നമ്മുടെ ഉഭയകക്ഷി ബന്ധങ്ങളില്‍ സ്ഥിരവും ക്രിയാത്മകവുമായ പുരോഗതി ഉണ്ടായിട്ടുണ്ട്’ മോദി ജാപ്പനീസ് മാധ്യമങ്ങളോട് പറഞ്ഞു.