Kerala
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
വൃക്ക- ഹൃദയ സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് ഇന്നലെ രാത്രിയോടെ ഷാനവാസിന്റെ മരണം സ്ഥിരീകരിച്ചത്.

തിരുവനന്തപുരം| മലയാളത്തിന്റെ നിത്യഹരിത നായകന്‍ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് (71) അന്തരിച്ചു. ഇന്നലെ രാത്രി 11.50-ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. വൃക്ക- ഹൃദയ സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഇന്നലെ രാത്രി ഏഴുമണിയോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ഖബറടക്കം ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് പാളയം മുസ്‌ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍ നടക്കും.
മലയാളത്തില്‍ 50ലധികം ചിത്രങ്ങളില്‍ ഷാനവാസ് അഭിനയിച്ചിരുന്നു.1981 ല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത പ്രേമഗീതങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം 2011ല്‍ പുറത്തിറങ്ങിയ ചൈനാ ടൗണ്‍ എന്ന മലയാള ചലച്ചിത്രത്തിലൂടെ അദ്ദേഹം സിനിമാരംഗത്തേക്ക് തിരിച്ചെത്തി. 2022 ല്‍ പുറത്തിറങ്ങിയ ജനഗണമനയാണ് അവസാനമായി അഭിനയിച്ച സിനിമ. ഷാനവാസ് ഏറെക്കാലമായി മലേഷ്യയിലായിരുന്നു താമസം. ആയിഷ ബീവിയാണ് ഭാര്യ. ഷമീര്‍ ഖാന്‍, അജിത് ഖാന്‍ എന്നിവരാണ് മക്കള്‍.