Connect with us

Kerala

പ്രദീപിന്റെ വിയോഗം വിശ്വസിക്കാനാകാതെ പൊന്നൂക്കര; മൃതദേഹം നാട്ടിലെത്തിക്കാന്‍ ഊര്‍ജിത നീക്കം

Published

|

Last Updated

തൃശൂര്‍ | കൂനൂര്‍ ഹെലികോപ്ടര്‍ ദുരന്തത്തില്‍ തൃശൂരിലെ പൊന്നൂക്കര ഗ്രാമത്തിന് നഷ്ടമായത് സൗമ്യനും സ്‌നേഹധനനുമായ നാട്ടുകാരനെ. പൊന്നൂക്കര മൈമ്പുള്ളി ക്ഷേത്രത്തിന് സമീപം അറക്കല്‍ വീട്ടില്‍ രാധാകൃഷ്ണന്റെ മകന്‍ എ പ്രദീപ് (38) ആണ് മരിച്ചത്. ഇന്ത്യയുടെ സംയുക്ത സൈനിക ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേര്‍ മരണപ്പെട്ട അപകടത്തില്‍ പ്രദീപിന്റെ ജീവനും പൊലിയുകയായിരുന്നു. സംഭവത്തിന്റെ നടുക്കത്തിലാണ് പൊന്നൂക്കര. അപകട വിവരമറിഞ്ഞ് സഹോദരനും ബന്ധുവും കൂനൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മൃതദേഹം ഇന്ന് ഡല്‍ഹിയില്‍ എത്തിക്കും. നാട്ടില്‍ കൊണ്ടുവരാനുള്ള നീക്കവും ഊര്‍ജിതമായി നടക്കുന്നുണ്ട്.

പിതാവിന് സുഖമില്ലാത്തതിനാല്‍ രണ്ടാഴ്ച മുമ്പ് പ്രദീപ് അവധിക്ക് നാട്ടില്‍ എത്തിയിരുന്നു. ഓക്‌സിജന്റെ സഹായത്താലാണ് പിതാവ് കഴിയുന്നത്. പിതാവിനെ ഇതുവരെ മരണ വിവരം അറിയിച്ചിട്ടില്ല. പ്രദീപ് അവധിക്ക് വന്നപ്പോള്‍ അദ്ദേഹം ആശുപത്രിയിലായിരുന്നു. ഡിസ്ചാര്‍ജ് ആയ ശേഷമാണ് മടങ്ങിയത്. വിവരം ഇന്ന് മാതാവിനെ അറിയിച്ചിട്ടുണ്ട്. പ്രദീപിന്റെ ഭാര്യയും അഞ്ചും രണ്ടും വയസുള്ള മക്കളും കോയമ്പത്തൂരിലെ ക്വാര്‍ട്ടേഴ്‌സിലാണ് താമസം. ജനറല്‍ ബിപിന്‍ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്ടറിന്റെ ഫ്‌ളൈറ്റ് ഗണ്ണറായിരുന്നു എ പ്രദീപ്.

നാട്ടില്‍ വന്നാല്‍ എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറുന്ന വ്യക്തിയായിരുന്നു പ്രദീപെന്ന് പൊന്നൂക്കര പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വിവരം അറിഞ്ഞതു മുതല്‍ താന്‍ വീടിന്റെ പരിസരത്ത് വന്ന് നില്‍ക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.

 

 

---- facebook comment plugin here -----

Latest