Connect with us

National

കേണല്‍ സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; മന്ത്രി വിജയ് ഷായ്‌ക്കെതിരെ കേസെടുത്ത് പോലീസ്

ജബല്‍പുര്‍ ഹൈക്കോടതി നിര്‍ദേശിച്ച സമയ പരിധിക്കുള്ളില്‍ ഇന്നലെ രാത്രിയാണ് കേസെടുത്തത്.

Published

|

Last Updated

ന്യൂഡല്‍ഹി| കേണല്‍ സോഫിയ ഖുറേഷിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ ബിജെപി മന്ത്രി വിജയ് ഷായ്‌ക്കെതിരെ കേസെടുത്ത് പോലീസ്. മധ്യപ്രദേശിലെ മാന്‍പൂര്‍ പോലീസാണ് കേസെടുത്തത്. ജബല്‍പുര്‍ ഹൈക്കോടതി നിര്‍ദേശിച്ച സമയ പരിധിക്കുള്ളില്‍ ഇന്നലെ രാത്രിയാണ് കേസെടുത്തത്. മന്ത്രിയുടെ പ്രസ്താവന നിന്ദ്യവും പരിഹാസ്യവുമാണെന്ന് കോടതി പറഞ്ഞിരുന്നു. മതസ്പര്‍ധയുണ്ടാക്കുന്നതും സമൂഹത്തില്‍ വിള്ളലുണ്ടാക്കാന്‍ ശേഷിയുള്ളതുമാണ് ഇതെന്ന് കോടതി നിരീക്ഷിച്ചു.

വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരോടൊപ്പം ഓപ്പറേഷന്‍ സിന്ദൂറിന്റെ വിവരങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിച്ചത് കേണല്‍ സോഫിയ ഖുറേശിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങുമായിരുന്നു. സോഫിയയെ ‘ഭീകരവാദികളുടെ സഹോദരി’ എന്ന് മന്ത്രി വിജയ് ഷാ വിശേഷിപ്പിച്ചത് വന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെ സഹോദരിയെത്തന്നെ വിട്ടു മോദിജി പാഠം പഠിപ്പിച്ചുവെന്നായിരുന്നു മന്ത്രിയുടെ പ്രസംഗം.

എന്നാല്‍, പ്രസ്താവന വിവാദമായതോടെ മന്ത്രി വാക്കുകള്‍ മയപ്പെടുത്തി. ‘സോഫിയ ഖുറേശി ജാതിക്കും മതത്തിനും അതീതമായി ഇന്ത്യയ്ക്ക് അഭിമാനം കൊണ്ടുവന്നു. രാജ്യത്തോടുള്ള അവരുടെ സേവനത്തിന് അവരെ അഭിവാദ്യം ചെയ്യുന്നു. സ്വപ്നത്തില്‍ പോലും അവരെ അപമാനിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ നമുക്ക് കഴിയില്ല. എന്റെ വാക്കുകള്‍ സമൂഹത്തെയും മതത്തെയും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ പത്തു തവണ ക്ഷമ ചോദിക്കാന്‍ തയാറാണ്.’- മന്ത്രി പിന്നീട് പറഞ്ഞു. മന്ത്രിയുടെ വാക്കുകള്‍ക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. വിജയ് ഷായെ സംസ്ഥാന മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുകയും ചെയ്തു.വിജയ് ഷായുടെ പ്രസ്താവനയെ അപലപിച്ച് ദേശീയ വനിതാ കമ്മീഷനും രംഗത്തെത്തിയിരുന്നു. സ്ത്രീകള്‍ക്കെതിരെ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് ദൗര്‍ഭാഗ്യകരമാണ്. പ്രസ്താവന സ്ത്രീകളുടെ അന്തസ്സിനെ മുറിവേല്‍പ്പിക്കുന്നതാണെന്നും കമ്മീഷന്‍ വിലയിരുത്തി.