thankamala quarry
കീഴരിയൂർ തങ്കമല ക്വാറി രാത്രികാല ഖനനം ചോദ്യം ചെയ്ത സി പി എം പ്രവർത്തകർക്കെതിരെ പോലീസ് നടപടി
സമീപ പ്രദേശങ്ങളിലുള്ളവർക്ക് വീടുകളിൽ സ്വസ്ഥമായി ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥ

മേപ്പയ്യൂർ | കോഴിക്കോട് പേരാമ്പ്ര കീഴരിയൂർ തങ്കമല ക്വാറിയിലെ രാത്രികാല ഖനനം ചോദ്യം ചെയ്ത സി പി എം പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി പി കെ സുനിൽ, ലോക്കൽ കമ്മിറ്റി അംഗം ഷംസീർ, കെ പി അമ്മദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ പിന്നീട് വിട്ടയച്ചു.
ക്വാറിയുടെ പ്രവർത്തനം രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെയായി നിശ്ചിയിക്കണമെന്നും രാത്രികാല പ്രവർത്തനം പാടില്ലെന്നും ആവശ്യപ്പെട്ട് സി പി എമ്മിന്റെ നേതൃത്വത്തിൽ പ്രദേശവാസികൾ പ്രക്ഷോഭം നടത്തിയിരുന്നു. ഒരു തവണ രാത്രികാല പ്രവർത്തനം തടഞ്ഞതിനെ തുടർന്ന് കഴിഞ്ഞ രണ്ടുമൂന്ന് ദിവസമായി രാത്രികാല പ്രവർത്തനം നിർത്തിവെച്ചിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം വീണ്ടും പ്രവർത്തിപ്പിക്കാനുള്ള ശ്രമം നടത്തുകയും സി പി എമ്മിന്റെ നേതൃത്വത്തിൽ പ്രതിഷേധിക്കുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി ലോക്കൽ സെക്രട്ടറിയടക്കമുള്ളവരെ കസ്റ്റഡിയിലെടുത്തത്. ക്വാറി കമ്പനിയുമായി മധ്യസ്ഥ ചർച്ച നടത്താമെന്ന തീരുമാനമെടുത്തിട്ടുണ്ട്. വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും പ്രദേശവാസികളും ചർച്ചയിൽ പങ്കെടുക്കും.
ക്രഷർ യൂനിറ്റ് രാത്രികാലങ്ങളിൽ പ്രവർത്തിക്കുന്നത് പ്രദേശവാസികൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. സമീപ പ്രദേശങ്ങളിലുള്ളവർക്ക് വീടുകളിൽ സ്വസ്ഥമായി ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണെന്ന് ലോക്കൽ സെക്രട്ടറി സുനിൽ പറഞ്ഞു. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.