Connect with us

siraj editorial

പാലാ ബിഷപ്പിന്റെ വിഷം ചീറ്റല്‍

കേരളീയ സമൂഹത്തില്‍ മതസ്പര്‍ധയും വൈരവും തടയാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ഉത്തരവാദപ്പെട്ട മത, രാഷ്ട്രീയ നേതൃത്വങ്ങള്‍ ചിന്തിച്ചു കൊണ്ടിരിക്കെ മുസ്‌ലിംകളെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താനിടയാക്കുന്ന പരാമര്‍ശങ്ങള്‍ ഒരു രൂപതയുടെ അധ്യക്ഷനില്‍ നിന്നുണ്ടായത് ഖേദകരമായിപ്പോയി

Published

|

Last Updated

ക്രിസ്തീയ പുരോഹിതന്മാര്‍ക്ക് തന്നെയാണ് ഒരു പക്ഷേ ജനങ്ങളെ സാംസ്‌കാരികമായി തകര്‍ക്കുന്ന ‘നാര്‍കോട്ടിക് ജിഹാദി’നെക്കുറിച്ച് ആധികാരികമായി പറയാന്‍ അര്‍ഹത. ലോകത്ത് മതപ്രചാരണത്തിന്റെ ഭാഗമായി ഈ തന്ത്രം ആദ്യം ആവിഷ്‌കരിച്ചതും ഇപ്പോഴും വ്യാപകമായി പ്രയോഗിച്ചുകൊണ്ടിരിക്കുന്നതും ക്രിസ്തീയ മിഷനറിമാരും അവരുടെ ആശയങ്ങള്‍ പ്രിതിനിധാനം ചെയ്യുന്ന പാശ്ചാത്യന്‍ രാജ്യങ്ങളുമാണ്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ക്രിസ്തീയ മിഷനറിമാര്‍ മതപ്രചാരണത്തിന് മയക്കുമരുന്നും മദ്യവും തരുണികളെയും ഉപയോഗിച്ചിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. ഇസ്ലാമിനെ ആശയപരമായി നേരിടുന്നതില്‍ പരാജയപ്പെട്ടപ്പോള്‍, മുസ്ലിം രാജ്യങ്ങളെ സാംസ്‌കാരികമായി തകര്‍ക്കാനായി പാശ്ചാത്യര്‍ പ്രയോഗിച്ചതും ഇതേ തന്ത്രമായിരുന്നു.

കുറുവങ്ങാട് ക്രിസ്തീയപള്ളിയില്‍ എട്ട് നോമ്പ് തിരുനാള്‍ ദിനത്തില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പ്രസംഗം കേട്ടപ്പോഴാണ് മതപ്രചാരണ രംഗത്തെ ഇത്തരം തന്ത്രങ്ങളെക്കുറിച്ച് പറയേണ്ടി വന്നത്. കേരളത്തില്‍ മുസ്ലിം തീവ്രവാദികള്‍ മറ്റു മതങ്ങളിലെ കുട്ടികളെ വശത്താക്കാനായി നാര്‍കോട്ടിക്സ് ജിഹാദ് പ്രയോഗിക്കുന്നുണ്ടെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. കത്തോലിക്കാ യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാന്‍ ഗൂഢനീക്കങ്ങള്‍ നടക്കുന്നതായും കോളജുകളും സ്‌കൂളുകളും കേന്ദ്രീകരിച്ച് ഇത്തരം പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചതായും അദ്ദേഹം പറയുന്നു. മുസ്ലിംകള്‍ നടത്തുന്ന ജ്യൂസ് കടകളിലും ഐസ്‌ക്രീം പാര്‍ലറുകളിലും ഹോട്ടലുകളിലുമെല്ലാം ലഹരിപദാര്‍ഥങ്ങള്‍ ചേര്‍ത്ത വിഭവങ്ങള്‍ നല്‍കി ഇസ്ലാമേതര മതവിശ്വാസികളെ മയക്കുമരുന്നിന്റെ അടിമകളാക്കി സാംസ്‌കാരികമായി നശിപ്പിക്കുന്നുണ്ടത്രെ. പോലീസും കോടതികളും തള്ളിക്കളഞ്ഞ ലവ് ജിഹാദ് ആരോപണവും ഹലാല്‍ വിവാദവും ആവര്‍ത്തിക്കുന്നുണ്ട് ബിഷപ്പ് തന്റെ പ്രസംഗത്തില്‍. ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണെന്നും മുസ്ലിം ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഹലാല്‍ വിവാദം പോലുള്ള സംഭവങ്ങളെന്നും ജോസഫ് കല്ലറങ്ങാട്ട് പറയുന്നു.

കേരളത്തില്‍ മുമ്പെങ്ങുമില്ലാത്ത വിധം മയക്കുമരുന്ന്ലോബി വ്യാപകമാണെന്നത് ഒരു വസ്തുതയാണ്. അടുത്തിടെയായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എക്സൈസും പോലീസും വന്‍തോതില്‍ മയക്കുമരുന്ന് പിടിച്ചെടുക്കുകയുണ്ടായി. മലപ്പുറം ജില്ലയില്‍ മയക്കുമരുന്നുമായി എത്തിയ ഒരു മിനിലോറി തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. എല്ലാ മതവിഭാഗത്തില്‍ പെട്ടവരുമുണ്ട് ഇതുമായി പിടിയിലായവരുടെ ഗണത്തില്‍. സാമ്പത്തിക ലക്ഷ്യം മുന്നില്‍ കണ്ടുള്ള ലഹരി വിപണനത്തിന്റെ ഭാഗമാണ് കേരളത്തിലേക്കുള്ള മയക്കുമരുന്നുകളുടെ ഒഴുക്കെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. ഇതിനെ ഏതെങ്കിലും മതവുമായി കൂട്ടിക്കെട്ടുന്നതും ചില പ്രത്യേക മതവിഭാഗങ്ങളെ സാംസ്‌കാരികമായി തകര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ആരോപിക്കുന്നതും ശുദ്ധ അസംബന്ധമാണ്. കുറ്റകൃത്യങ്ങള്‍ക്ക് ജാതിയോ മതമോ രാഷ്ട്രീയമോ ഇല്ല. സമ്മിശ്ര സാമൂഹിക വ്യവസ്ഥ നിലനില്‍ക്കുന്ന കേരളത്തില്‍ കുറ്റകൃത്യങ്ങളെയും സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളെയും ഒരു മതത്തിനു മേല്‍ വെച്ചുകെട്ടുന്നത് ശുദ്ധ വിഡ്ഢിത്തവുമാണ്.

കേരളീയ സമൂഹത്തില്‍ മതസ്പര്‍ധയും വൈരവും തടയാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ഉത്തരവാദപ്പെട്ട മത, രാഷ്ട്രീയ നേതൃത്വങ്ങള്‍ ചിന്തിച്ചു കൊണ്ടിരിക്കെ മുസ്ലിംകളെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താനിടയാക്കുന്ന പരാമര്‍ശങ്ങള്‍ ഒരു രൂപതയുടെ അധ്യക്ഷനില്‍ നിന്നുണ്ടായത് ഖേദകരമായിപ്പോയി. വിഷലിപ്തമായ ഇത്തരം പ്രസ്താവനകള്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് അറിയാത്തയാളാണ് ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടെന്ന് കരുതാനാകില്ല. ഇരു സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധയും വിദ്വേഷവും സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ തന്നെയാണ് അദ്ദേഹം ഈ ആരോപണങ്ങളും കെട്ടുകഥകളും പ്രചരിപ്പിക്കുന്നത്. ഹോട്ടലുകളിലെ ഹലാല്‍ ബോര്‍ഡിനെതിരെ നേരത്തേ സംഘ്പരിവാര്‍ നടത്തിയ പ്രചാരണത്തിനു പിന്നിലെ ലക്ഷ്യവും ഒളിഞ്ഞു കിടപ്പുണ്ട് മുസ്ലിം കച്ചവട സ്ഥാപനങ്ങള്‍ക്കെതിരെയുള്ള ബിഷപ്പിന്റെ ആരോപണത്തിലെന്നും വിലയിരുത്തപ്പെടുന്നു. നല്ലൊരു വിഭാഗം കച്ചവടക്കാര്‍ ഉള്‍ക്കൊള്ളുന്ന കേരളീയ മുസ്ലിം സമൂഹത്തെ സാമ്പത്തികമായി തകര്‍ക്കുകയാണ് ഇതിനു പിന്നിലെ അജന്‍ഡ. ലവ് ജിഹാദ് ആരോപണം ഹിന്ദുത്വര്‍ക്കു പുറത്ത് ആദ്യം ഏറ്റുപിടിച്ചതും ഒരു ബിഷപ്പായിരുന്നുവെന്നത് പ്രസ്താവ്യമാണ്. 2015 ജൂണില്‍ കാഞ്ഞിരപ്പള്ളിയില്‍ പാസ്റ്റര്‍ സെന്ററിന്റെ യോഗത്തില്‍ സംസാരിക്കവെ, ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കാട്ടില്‍ ആയിരുന്നു അതേറ്റുപിടിച്ചത്. സീറോ മലബാര്‍ സഭയും പിന്നീട് ഇതേ വഴിയില്‍ സഞ്ചരിച്ചു.
പാലാ രൂപതയുടെ കീഴിലുള്ള യുവതീ യുവാക്കള്‍ക്കിടയില്‍ മയക്കുമരുന്ന് ഉപയോഗവും ധാര്‍മികച്യുതിയും വര്‍ധിച്ചു വരികയാണെന്നും ലവ് ജിഹാദ് പോലുള്ള വ്യാജ വിവാദങ്ങള്‍ക്കു പിന്നാലെ പോകുന്ന സഭാനേതൃത്വം സ്വന്തം അനുയായി വൃന്ദത്തിലെ അധാര്‍മിക പ്രവണതകള്‍ പ്രതിരോധിക്കുന്നതില്‍ പരാജയമാണെന്നും ക്രിസ്തീയ വിശ്വാസികള്‍ക്കിടയില്‍ പരാതിയുള്ളതായി വാര്‍ത്തവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് സഭാ നേതൃത്വത്തിന്റെ മുഖത്തിനു നേരേ ഉയരുന്ന വിരലുകളുടെ എണ്ണം കുറക്കുകയാണ് മുസ്ലിം സമുദായത്തിനെതിരായ പുതിയ വിദ്വേഷ പ്രചാരണത്തിനു പിന്നിലെന്നും പറയപ്പെടുന്നുണ്ട്. കേരളത്തിലെ സീറോ കത്തോലിക്കാ സഭ അഭിമുഖീകരിക്കുന്ന ആഭ്യന്തര പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചു വിടാനുള്ള തന്ത്രവുമാകാം. ഇതുപക്ഷേ ഇക്കാലമത്രയും സൗഹൃദത്തിലും സഹകരണത്തിലും വര്‍ത്തിച്ചുവന്ന രണ്ട് സമുദായങ്ങളെ തമ്മിലടിപ്പിച്ചു വേണമെന്നുണ്ടോ?

ആഗോള ക്രിസ്തീയ സമൂഹത്തിന്റെ പരമോന്നത നേതാവ് മാര്‍പ്പാപ്പ, വിവിധ സമുദായങ്ങള്‍ക്കിടയില്‍ സൗഹൃദവും സഹിഷ്ണുതയും കാത്തുസൂക്ഷിക്കുന്ന വ്യക്തിത്വമാണ്. ഇസ്ലാമിക രാഷ്ട്രങ്ങളുമായും മുസ്ലിം നേതാക്കളുമായും ഊഷ്മളമായ ബന്ധമാണദ്ദേഹത്തിന്. ഇതര സമൂഹങ്ങളോട് സഹിഷ്ണുത കാണിക്കേണ്ടതിന്റെ അനിവാര്യത തന്റെ കീഴിലുള്ള സഭാ അധ്യക്ഷന്മാരെ അടിക്കടി ഉണര്‍ത്താറുമുണ്ട് അദ്ദേഹം. ഇതെല്ലാം ധിക്കരിച്ചു കൊണ്ടാണ് കേരളത്തിലെ ചില ക്രിസ്തീയ പുരോഹിതന്മാരും സീറോ മലബാര്‍ സഭയും മുസ്ലിം സമുദായത്തിനെതിരെ രംഗത്തു വന്നിരിക്കുന്നത്. സംസ്ഥാനത്തിന്റെ സാമൂഹികാന്തരീക്ഷം വഷളാക്കുന്ന ഇത്തരം പരാമര്‍ശങ്ങള്‍ ഇനിയെങ്കിലും സഭാ നേതൃത്വങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മേലധ്യക്ഷന്മാര്‍ ഇടപെടേണ്ടിയിരിക്കുന്നു.

Latest