Connect with us

Kerala

പി എഫ് ഐ ഹര്‍ത്താലില്‍ നടന്നത് ആസൂത്രിത അക്രമം; പിന്നിലുള്ളവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും: മുഖ്യമന്ത്രി

തീവ്രവാദ സംഘടനകളില്‍ നിന്ന് സമാധാനം പ്രതീക്ഷിക്കാനാകില്ല. അടയാളം മറച്ചുവെക്കാന്‍ മുഖംമൂടി ധരിച്ചാണ് അക്രമികള്‍ വന്നത്.

Published

|

Last Updated

തിരുവനന്തപുരം | പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ നടന്നത് ആസൂത്രിത അക്രമങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആള്‍ക്കൂട്ട ആക്രമണങ്ങളും മുഖംമൂടി ആക്രമണങ്ങളും അപലപനീയമാണ്. തീവ്രവാദ സംഘടനകളില്‍ നിന്ന് സമാധാനം പ്രതീക്ഷിക്കാനാകില്ല. അടയാളം മറച്ചുവെക്കാന്‍ മുഖംമൂടി ധരിച്ചാണ് അക്രമികള്‍ വന്നത്. വര്‍ഗീയ ശക്തികള്‍ തീവ്രവാദ സ്വഭാവം പ്രകടിപ്പിക്കുകയാണ്. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതകള്‍ ഒരുപോലെ എതിര്‍ക്കപ്പെടണം. അക്രമത്തിനു പിന്നിലുള്ള എല്ലാവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നടപടികള്‍ സ്വീകരിക്കുന്നതില്‍ പോലീസിന്റെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായിട്ടില്ല. വര്‍ഗീയ അക്രമത്തെ നേരിടാന്‍ സംസ്ഥാന പോലീസിനു കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കുറ്റവാളികളില്‍ ചിലരെ ഇന്നലെ തന്നെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. കുറേ പേരെ ഇനിയും പിടികൂടാനുണ്ട്. ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ല. കുറ്റവാളികള്‍ നിയമത്തിന്റെ കരങ്ങളിലെത്തുന്ന രൂപത്തിലുള്ള നടപടികള്‍ കേരളത്തിലെ പോലീസ് സേന സ്വീകരിക്കും. താത്കാലിക ലാഭത്തിന് വേണ്ടി ഇത്തരം സംഘടനകളെ ഒപ്പം നിര്‍ത്തിയവര്‍ ചിന്തിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.