Kerala
ഫോണ്‍ ചോര്‍ത്തല്‍: ഹൈക്കോടതി ഉത്തരവ് പ്രകാരം പി വി അന്‍വറിനെതിരെ കേസെടുത്തു
കൊല്ലം സ്വദേശി മുരുഗേഷ് നരേന്ദ്രന്റെ പരാതിയിലാണ് കേസ്

മലപ്പുറം | ടെലിഫോണ്‍ ചോര്‍ത്തലില്‍ ഹൈക്കോടതി ഉത്തരവു പ്രകാരം തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വറിനെതിരെ പോലീസ് കേസെടുത്തു. കൊല്ലം സ്വദേശി മുരുഗേഷ് നരേന്ദ്രന്റെ പരാതിയിലാണ് മലപ്പുറം പോലീസ് അന്‍വറിനെ പ്രതിയാക്കി കേസെടുത്തത്.
മുരുഗേഷ് നരേന്ദ്രന്‍ മലപ്പുറം പോലീസ് സ്റ്റേഷനില്‍ ഹാജരായി മൊഴിനല്‍കിയിരുന്നു. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട്, ടെലികമ്യൂണിക്കേഷന്‍ ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തത്. മലപ്പുറം ഗസ്റ്റ് ഹൗസില്‍ കഴിഞ്ഞ സെപ്തംബര്‍ ഒന്നിന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ താന്‍ പോലീസ് ഉദ്യോഗസ്ഥരുടെ അടക്കം പലരുടെയും ഫോണ്‍ കോളുകള്‍ ചോര്‍ത്തിയിട്ടുണ്ടെന്ന് പി വി അന്‍വര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അന്‍വറിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പരാതി നല്‍കിയതിനാ, തന്റെ ഫോണും ചേര്‍ത്തിയിട്ടുണ്ടെന്നും പി വി അന്‍വറിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് മുരുഗേഷ് നരേന്ദ്രന്‍ പോലീസില്‍ പരാതി നല്‍കിയത്.
പരാതിയില്‍ നടപടിയില്ലാതെ വന്നതോടെ അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചു. വ്യക്തികളുടെ അനുമതിയില്ലാതെ ഭരണഘടന പൗരന് നല്‍കുന്ന മൗലികാവകാശമായ സ്വകാര്യത ലംഘിച്ച്, നിയമവിരുദ്ധമായി ഫോണ്‍ ചോര്‍ത്തിയത് കേസെടുക്കാവുന്ന ഗൗരവതരമായ കുറ്റകൃത്യമാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു.