Connect with us

Kerala

പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

രക്തസമ്മര്‍ദക്കുറവ്, ഹൃദയമിടിപ്പ് കൂടുതല്‍, ശ്വാസതടസം, ഡയബറ്റിക് ന്യൂറോപ്പതി മൂലം രക്തചംക്രമണ വ്യവസ്ഥയ്ക്കുണ്ടായ തകരാറുകള്‍ എന്നിവയെ തുടര്‍ന്നാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

Published

|

Last Updated

കൊച്ചി | പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം എറണാകുളത്തെ വസതിയില്‍ വിശ്രമത്തിലായിരുന്ന മഅ്ദനിയെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലാണ് അഡ്മിറ്റ് ചെയ്തത്.

രക്തസമ്മര്‍ദക്കുറവ്, ഹൃദയമിടിപ്പ് കൂടുതല്‍, ശ്വാസതടസം, ഡയബറ്റിക് ന്യൂറോപ്പതി മൂലം രക്തചംക്രമണ വ്യവസ്ഥയ്ക്കുണ്ടായ തകരാറുകള്‍ എന്നിവയെ തുടര്‍ന്നാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കഴിഞ്ഞ ഫെബ്രുവരിയില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ദീര്‍ഘകാലം വിവിധ രോഗങ്ങള്‍ക്ക് ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാരുടെ കര്‍ശന നിരീക്ഷണത്തില്‍ വീട്ടില്‍ തുടരുകയായിരുന്നു അദ്ദേഹം. ആശുപത്രിയില്‍ പ്രവേശിച്ച മഅ്ദനിക്ക് എക്കോ, ഇ സി ജി, എക്‌സ്‌റേ, ഡോപ്ലര്‍ സ്‌കാനുകള്‍ തുടങ്ങിയ പരിശോധനകള്‍ നടത്തി. മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലെ നേഫ്രോളജിസ്റ്റ് ഡോ. പി എച്ച് മുഹമ്മദ് ഇഖ്ബാലിന്റെ നേതൃത്വത്തില്‍ വിദഗ്ധ മെഡിക്കല്‍ സംഘം വിശദമായ പരിശോധനകള്‍ക്കും നിരീക്ഷണങ്ങള്‍ക്കും വിധേയമാക്കി. ഭാര്യ സൂഫിയ മഅ്ദനി, പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ്, സലിം ബാബു എന്നിവര്‍ അദ്ദേഹത്തോടൊപ്പം ആശുപത്രിയില്‍ ഉണ്ട്.

 

Latest