Kerala
'സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപം'; 3.45 കോടി തട്ടിയ കേസില്‍ പാലക്കാട് സ്വദേശി അറസ്റ്റില്‍
കേസില്‍ 10 പേര്‍ മുമ്പ് അറസ്റ്റിലായിരുന്നു.

പത്തനംതിട്ട | കോടികളുടെ സാമ്പത്തിക തട്ടിപ്പു കേസില്‍ പാലക്കാട് കൊപ്പം കൈപ്പറമ്പ് സ്വദേശി പത്തനംതിട്ടയില്‍ അറസ്റ്റില്‍. പാലക്കാട് കൊപ്പം കൈപ്പറമ്പ് പട്ടമ്മാര് വളപ്പില്‍ വീട്ടില്‍ മുഹമ്മദ് സലിം (42)നെയാണ് ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി. കെ എ വിദ്യാധരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ പണം നിക്ഷേപിച്ചാല്‍ അമിതലാഭം നേടാമെന്ന വാഗ്ദാനം നല്‍കി കോഴഞ്ചേരി സ്വദേശിയില്‍ നിന്നും 3.45 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്. കമ്മീഷന്‍ വാഗ്ദാനം ചെയ്ത് ചെറുപ്പക്കാരെ കൊണ്ട് തങ്ങളുടെ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിപ്പിച്ച് കുഴല്‍പ്പണമായി വിദേശത്തേക്ക് കടത്തുന്ന കണ്ണിയില്‍ പ്രധാനിയാണ് സലിം. ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിനായി സമര്‍പ്പിച്ച അപേക്ഷകള്‍ ജില്ലാ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ നാലുമാസമായി ഒളിവില്‍ കഴിയുകയായിരുന്നു. സലീമിന്റെ കൂട്ടാളികള്‍ക്കു വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.
കേസില്‍ ആന്ധ്ര സ്വദേശികളായ ഹരീഷ് കുരാപതി, നാഗ വെങ്കട്ട സൗജന്യ കുരാപതി എന്നിവരെയും മലപ്പുറം കോഴിക്കോട് സ്വദേശികളായ മറ്റു പത്ത് പ്രതികളെയും നേരത്തെ ജില്ലാ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. കംബോഡിയ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തട്ടിപ്പ് സംഘങ്ങള്‍ വിവിധ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജ പരസ്യങ്ങള്‍ പ്രസിദ്ധപ്പെടുത്തി ആളുകളെ വശീകരിച്ച് അവരുടെ മനോനിലയും താത്പര്യങ്ങളും സാമ്പത്തിക ഭദ്രതയും മനസ്സിലാക്കി കൂടുതല്‍ പണം നിക്ഷേപിപ്പിച്ചാണ് ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നത്.
കേരളത്തില്‍ നിന്നും ഉയര്‍ന്ന ശമ്പളത്തില്‍ തൊഴില്‍ രഹിതരായ ചെറുപ്പക്കാരെ കംബോഡിയ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തട്ടിപ്പ് കേന്ദ്രങ്ങിലേക്ക് റിക്രൂട്ട് ചെയ്യുന്നതായും അന്വേഷണത്തില്‍ വെളിവായി. അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കൂട്ടാളികള്‍ ഇനിയും പിടിയിലാവാനുണ്ട്. സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാര്‍ ജില്ലയിലെ സൈബര്‍ കേസുകള്‍ വിലയിരുത്തി കര്‍ശനമായ തുടര്‍നടപടികള്‍ നിര്‍ദേശിച്ചിരുന്നു. ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി. എ കെ വിദ്യാധരന്റെ നേതൃത്വത്തില്‍ എസ് ഐമാരായ ബി എസ് ശ്രീജിത്ത്, കെ ആര്‍ അരുണ്‍ കുമാര്‍, പി എന്‍ അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.