Connect with us

National

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷത്തിന്റെ ഇംപീച്ച്‌മെന്റ് നീക്കം

ഗ്യാനേഷ് കുമാര്‍ ബി ജെ പിയുടെ പാവയും വക്താവുമായെന്ന് ഇന്ത്യ സഖ്യ നേതാക്കള്‍ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി

Published

|

Last Updated

ന്യൂഡല്‍ഹി | മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കാന്‍ പ്രതിപക്ഷ നീക്കം. ഗ്യാനേഷ് കുമാര്‍ ബി ജെ പിയുടെ പാവയും വക്താവുമായെന്ന് ഇന്ത്യ സഖ്യ നേതാക്കള്‍ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

ഇന്നലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ നടത്തിയത് പ്രതിപക്ഷത്തിനെതിരായ യുദ്ധപ്രഖ്യാപനമായിരുന്നു. ഏഴു ദിവസത്തിനകം സാക്ഷ്യപത്രം നല്കിയില്ലെങ്കില്‍ കള്ള ആരോപണങ്ങള്‍ ഉന്നയിച്ചതിന് രാഹുല്‍ ഗാന്ധി വോട്ടര്‍മാരോട് മാപ്പു പറയണം എന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടത്.

ഗ്യാനേഷ് കുമാറിന് മറുപടി നല്കാനാണ് എട്ട് പ്രതിപഷ പാര്‍ട്ടികളുടെ നേതാക്കള്‍ ഇന്ന് സംയുക്ത വാര്‍ത്താസമ്മേളനം നടത്തിയത്. പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്കാതെയും കള്ളം പറഞ്ഞും ഗ്യാനേഷ് കുമാര്‍ പക്ഷം പിടിക്കുകയാണെന്നും മെഷീന്‍ റീഡബിള്‍ വോട്ടര്‍ പട്ടിക നല്കരുതെന്ന് കോടതി പറഞ്ഞെന്ന വാദം തെറ്റാണെന്നും എംപിമാര്‍ പറഞ്ഞു. ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടീസ് അടക്കം എല്ലാ വഴികളും തേടുന്നുണ്ടെന്നും പ്രതിപക്ഷം വ്യക്തമാക്കി.

ജഡ്ജിമാരെ ഇംപീച്ച് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യാനും പാലിക്കേണ്ടത്. പ്രമേയം ആദ്യം സ്പീക്കറോ രാജ്യസഭ അധ്യക്ഷനോ അംഗീകരിക്കേണ്ടതുണ്ട്. പിന്നീട് ഹാജരാകുന്നവരില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തിന്റെ വോട്ടോടെ ഇരു സഭകളും പ്രമേയം പാസാക്കണം. ഇതിന് സാധ്യതയില്ലെന്നിരിക്കെ കമ്മീഷനിലുള്ള അവിശ്വാസം പ്രകടിപ്പിക്കാനാണ് പ്രതിപക്ഷ നീക്കം.

Latest