National
ഉള്ളി വിലയിടിവില്‍ പ്രതിപക്ഷ ബഹളം; മഹാരാഷ്ട്ര നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു
സംസ്ഥാനത്ത് തുടര്‍ച്ചയായി ഇടിവ് നേരിട്ട സവാളയുടെ മൊത്തവില ഇന്നലെ കിലോക്ക് നാല് രൂപയില്‍ നിന്ന് രണ്ട് രൂപയായി കുറഞ്ഞിരുന്നു.
മുംബൈ| ഉള്ളിയുടെ വിലയിടിവിനെ ചൊല്ലിയുള്ള പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് മഹാരാഷ്ട്ര നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. സര്‍ക്കാര്‍ കര്‍ഷക വിരുദ്ധമായ നടപടികളാണ് സ്വീകരിക്കുന്നതെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നാനാ പടോലെ ആരോപിച്ചു.
സംസ്ഥാനത്ത് തുടര്‍ച്ചയായി ഇടിവ് നേരിട്ട സവാളയുടെ മൊത്തവില ഇന്നലെ കിലോക്ക് നാല് രൂപയില്‍ നിന്ന് രണ്ട് രൂപയായി കുറഞ്ഞിരുന്നു. ഒരു ക്വിന്റല്‍ ഉള്ളിക്ക് 1,500 രൂപ അടിയന്തരമായി അനുവദിക്കണമെന്നും തങ്ങളുടെ ഉത്പന്നങ്ങള്‍ കിലോ്ക്ക് 15-20 രൂപക്ക് സര്‍ക്കാര്‍ വാങ്ങണമെന്നും ഉള്ളി കര്‍ഷകര്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം, മണ്ടിയില്‍ ലേലം പുനരാരംഭിക്കാന്‍ അനുവദിക്കില്ലെന്ന് ഒരു കര്‍ഷക പ്രതിനിധി പറഞ്ഞു.
ഉള്ളി ഉത്പാദകര്‍ക്ക് ഗ്രാന്റ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്ന് ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നിയമസഭയില്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കര്‍ഷക പ്രശ്‌നം നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ എം എല്‍ എമാര്‍ ആവശ്യപ്പെട്ടത്. ഉള്ളി കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ വാങ്ങി ആശ്വാസം നല്‍കുന്നതിനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ടെന്നായിരുന്നു ഫഡ്‌നാവിസിന്റെ പ്രതികരണം.
നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി എം എല്‍ എമാര്‍ നിയമസഭയില്‍ ഉള്ളി മാല ധരിച്ച് പ്രതിഷേധിച്ചു. നാസിക് ജില്ലയില്‍ ഉള്ളി വിപണിയില്‍ വിലയിടിവ് മൂലം കര്‍ഷകര്‍ ലേലം നിര്‍ത്തിയതിന് പിന്നാലെയായിരുന്നു പ്രതിഷേധം. പ്രശ്‌നം പരിഹരിക്കാമെന്ന സംസ്ഥാന മന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്ന് നാസിക്കിലെ ലാസല്‍ഗാവ് മണ്ഡിയില്‍ നടന്ന പ്രതിഷേധം പിന്‍വലിച്ചു. പ്രതിഷേധക്കാര്‍ യഥാര്‍ഥത്തില്‍ കോണ്‍ഗ്രസ്, എന്‍ സി പി പ്രവര്‍ത്തകരാണെന്ന് ബി ജെ പി എം എല്‍ എ. രാം കദം ആരോപിച്ചു.



