Connect with us

Online Class

ഓൺലൈൻ പഠനം "ഗൂഗിൾ ക്ലാസ്സ് റൂമി'ലേക്ക്

375 സ്‌കൂളുകളിൽ ആദ്യഘട്ടം തുടങ്ങി

Published

|

Last Updated

കൊച്ചി | സംസ്ഥാനത്തെ സ്‌കൂളുകളിൽ ഓൺലൈൻ ക്ലാസ്സുകൾക്കായി ഏകീകൃത പ്ലാറ്റ്‌ഫോം സജ്ജമായ പശ്ചാത്തലത്തിൽ ഓൺലൈൻ പഠനം സമ്പൂർണമായി ഗൂഗിൾ ക്ലാസ്സ് റൂമിലേക്ക് മാറുന്നു. പൊതുവിദ്യാലയങ്ങളിൽ ഐ ടി അധിഷ്ഠിത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സർക്കാർ കമ്പനിയായ കൈറ്റ് ഗൂഗിളിന്റെ സഹകരണത്തോടെ രൂപം നൽകിയ പുതിയ പഠന മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ ഭാഗമായാണ് പഠനം കൂടുതൽ വിശാലമായ ഓൺലൈൻ ഇടങ്ങളിലേക്ക് മാറുന്നത്. ഇതിന്റെ ഭാഗമായി ഗൂഗിൾ ക്ലാസ്സ് റൂം വഴിയുള്ള പഠനം 375 സ്‌കൂളുകളിൽ ആരംഭിച്ചു.

ഓൺലൈൻ ക്ലാസ്സുകളുമായി ബന്ധപ്പെട്ട് നിലവിലുള്ള പ്രശ്‌നങ്ങൾ പരമാവധി പരിഹരിച്ച് പഠനം സുഗമമാക്കുന്നതിന് പുതിയ സംവിധാനത്തിലൂടെ കഴിയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഓൺലൈൻ ക്ലാസ്സുകൾക്കായി ജി സ്യൂട്ട് എന്ന പൊതു ഓൺലൈൻ പ്ലാറ്റ്‌ഫോം തയ്യാറാക്കുന്നതിനായി കഴിഞ്ഞ ജൂൺ 30ന് കൈറ്റും ഗൂഗിൾ ഇന്ത്യാ ലിമിറ്റഡും ധാരണാപത്രം ഒപ്പുവെച്ചിരുന്നു. ആദ്യം വി എച്ച് എസ് ഇ ക്ലാസ്സുകളിലാണ് ഈ ഓൺലൈൻ പ്ലാറ്റ്‌ഫോം പരീക്ഷിച്ചത്. അതിന്റെ ഭാഗമായി തിരഞ്ഞെടുത്ത സ്്കൂളികളിലാണ് ഗൂഗിൾ ക്ലാസ്സ് റൂം വഴി പരീക്ഷണാടിസ്ഥാനത്തിൽ പഠനം തുടങ്ങിയിരുന്നത്. ഇത് വിജയകരമായതോടെയാണ് എല്ലാ ക്ലാസ്സുകളിലേയും ഓൺലൈൻ പഠനം പൂർണമായും ഗൂഗിൾ ക്ലാസ്സ് റൂമിലേക്ക് മാറ്റുന്നത്.

പത്താം ക്ലാസ്സിലും ഹർസെക്കൻഡറി തലത്തിലുമാണ് നിലവിൽ ഗൂഗിൾ ക്ലാസ്സ് റൂം വഴിയുള്ള ഓൺലൈൻ പഠനം തുടങ്ങിയിട്ടുള്ളത്. ഘട്ടം ഘട്ടമായി ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള എല്ലാ ക്ലാസ്സുകളിലും പുതിയ ഓൺലൈൻ പഠന രീതി തുടങ്ങും. മൊബൈൽ ഫോൺ, ലാപ്‌ടോപ്പ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ എല്ലാ കുട്ടികൾക്കുമുള്ള ക്ലാസ്സുകളിലാണ് ഇപ്പോൾ ഗൂഗിൾ ക്ലാസ്സ് റൂം തുടങ്ങിയിട്ടുള്ളത്. പുറത്തുള്ളവർക്ക് പ്ലാറ്റ്‌ഫോമിൽ കയറാനാകാത്ത വിധം ഓൺലൈൻ സുരക്ഷയുള്ള ക്ലാസ്സ് റൂമിൽ ക്ലാസ്സുകൾ തിരിച്ചും വിഷയങ്ങൾ തിരിച്ചും കുട്ടികളുടെ ഗ്രൂപ്പ് ഉണ്ടാക്കിയാണ് പഠനം. അധ്യാപകരാണ് കുട്ടികളെ ക്ലാസ്സ് റൂമിലേക്ക് ചേർക്കുന്നത്. കുട്ടികൾക്ക് സംശയനിവാരണത്തിനും അസൈൻമെന്റുകൾ നൽകാനും സൗകര്യമുണ്ട്. പ്ലാറ്റ്‌ഫോമിലെ ക്ലാസ്സ് റൂമിനകത്ത് കുട്ടികൾ അപ്‌ലോഡ് ചെയ്യുന്ന പ്രവർത്തനങ്ങൾ അധ്യാപകർക്ക് ഓൺലൈനായി മൂല്യനിർണയം നടത്താനുമാകും. ഇതുവരെ 10,000 അധ്യാപകർക്ക് പരിശീലനം നൽകിയിട്ടുണ്ട്.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest