Kerala
ഛത്തീസ്ഗഡില്‍ സിസ്റ്റര്‍മാരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ സഭ രാഷ്ട്രീയം കാണുന്നില്ല: ആര്‍ച്ച് ബിഷപ്പ് പാംപ്ലാനി
വിഷയത്തില്‍ എം വി ഗോവിന്ദന്‍ പക്കാരാഷ്ട്രീയം പറയുകയാണെന്നും ബിഷപ് പറഞ്ഞു

കണ്ണൂര്‍ | ഛത്തീസ്ഗഡില്‍ സിസ്റ്റര്‍മാരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ സഭ രാഷ്ട്രീയം കാണുന്നില്ലെന്ന് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. സഭയ്ക്ക് ഇത് രാഷ്ട്രീയ വിഷയമല്ല. വിഷയത്തില്‍ എം വി ഗോവിന്ദന്‍ പക്കാരാഷ്ട്രീയം പറയുകയാണെന്നും ബിഷപ് പറഞ്ഞു. ഛത്തീസ്ഗഡില്‍ കന്യാസ്ത്രീമാരെ ജയിലില്‍ അടച്ചതിനെതിരെ കണ്ണൂര്‍ കരുവഞ്ചാലില്‍ കത്തോലിക്കാ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബിഷപ് പാംപ്ലാനി.
ഭരണഘടന പശു തിന്നുന്ന ഗതികേടിലാണ് രാജ്യം. ഭൂരിപക്ഷത്തിന്റെ പിന്‍ബലത്തിലും അധികാരത്തിന്റെ തണലിലും സാമൂഹ്യ ദ്രോഹികളാണ് അഴിഞ്ഞാടുന്നത്. ബജ്രംഗ്ദള്‍ പോലുള്ള സാമൂഹ്യ വിരുദ്ധരാണ് ഛത്തീസ്ഗഡില്‍ പോലീസ് സ്റ്റേഷന്‍ ഭരിക്കുന്നത്. അവരെ നിലക്കുനിര്‍ത്താന്‍ ഭരിക്കുന്നവര്‍ തയ്യാറാകണം. കാലം മാപ്പ് നല്‍കാത്ത കാപാലികത്വമാണ് നടക്കുന്നത്. കേക്കും ലഡുവുമായി തന്റെ അരമനയില്‍ ആരും വന്നിട്ടില്ല. ഇരയോടൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം നില്‍ക്കുകയും ചെയ്യുന്ന നാടകം ഇനിയും വിശ്വസിക്കില്ല. വിശ്വാസം അനുസരിച്ച് ജീവിക്കാനുള്ള അവകാശം ഓലപ്പാമ്പ് കാണിച്ച് പേടിപ്പിച്ചാല്‍ അടിയറവ് വെക്കില്ലെന്നും പാംപ്ലാനി പറഞ്ഞു.
കണ്ണൂരില്‍ കത്തോലിക്കാ കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനത്തില്‍ കേക്കും വേണ്ട ലഡുവും വേണ്ട.. അരമന കാണാന്‍ വരികയും വേണ്ട.. എന്ന് സംഘപരിവാറിനെതിരെ മുദ്രാവാക്യം വിളിച്ചിരുന്നു. കന്യാസ്ത്രീകളുടെ അറസ്റ്റില്‍ കേന്ദ്ര സര്‍ക്കാറിന് കടുത്ത മുന്നറിയിപ്പുമായാണ് ക്രൈസ്തവ സഭാ നേതൃത്വം തെരുവിലിറങ്ങിയത്.