Kerala
പ്രേംനസീര്‍ മാധ്യമ പുരസ്‌കാരം നൗഷാദ് അത്തിപ്പറ്റക്ക്
അവാര്‍ഡിന് അര്‍ഹനാക്കിയത് സിറാജ് ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച 'തൊഴിലില്ല; കരിങ്കല്ലില്‍ കരവിരുത് തീര്‍ക്കുന്നവര്‍ പ്രതിസന്ധിയില്‍' എന്ന വാര്‍ത്ത.
തിരുവനന്തപുരം | ഏഴാമത് പ്രേംനസീര്‍ മാധ്യമ പുരസ്‌കാരം സിറാജ് പ്രാദേശിക ലേഖകന്‍ നൗഷാദ് അത്തിപ്പറ്റക്ക്. സിറാജ് ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ‘തൊഴിലില്ല; കരിങ്കല്ലില്‍ കരവിരുത് തീര്‍ക്കുന്നവര്‍ പ്രതിസന്ധിയില്‍’ എന്ന വാര്‍ത്തയാണ് മികച്ച പ്രാദേശിക സാമൂഹിക വിശകലന റിപോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരത്തിന് നൗഷാദ് അത്തിപ്പറ്റയെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പ്രേം നസീര്‍ സുഹൃദ് സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി തെക്കന്‍ സ്റ്റാര്‍ ബാദുഷ, ജൂറി ചെയര്‍മാന്‍ ഡോ. പ്രമോദ് പയ്യന്നൂര്‍, ജൂറി അംഗങ്ങളായ എസ് രാധാകൃഷ്ണന്‍, ബീന രഞ്ജിനി, സി വി പ്രേംകുമാര്‍, അരീക്കല്‍ ആയുര്‍വേദ ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോക്ടര്‍ സ്മിത്ത് കുമാര്‍, സുഹൃദ് സമിതി സംസ്ഥാന പ്രസിഡന്റ് പനച്ചമൂട് ഷാജഹാന്‍ എന്നിവരാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
കേരളപ്പിറവി ദിനമായ നവം: ഒന്നിന് വൈകിട്ട് 5.30ന് പ്രേംനസീര്‍ സുഹൃദ് സമിതിയും അരീക്കല്‍ ആയുര്‍വേദ ആശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന ചടങ്ങില്‍ പ്രേംനസീര്‍ അച്ചടി-ദൃശ്യ മാധ്യമ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. തിരുവനന്തപുരം തൈക്കാട് ഭാരത് ഭവന്‍ ഓഡിറ്റോറിയത്തില്‍ ഒരുക്കുന്ന ചടങ്ങില്‍ ജസ്റ്റീസ് ബി കെമാല്‍പാഷ അവാര്‍ഡ് സമര്‍പ്പിക്കും.
ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറിയും ചലച്ചിത്ര നാടക സംവിധായകനുമായ ഡോ. പ്രമോദ് പയ്യന്നൂര്‍ ജൂറി ചെയര്‍മാനായ കമ്മിറ്റിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്. ആകാശവാണി മുന്‍ ഡയറക്ടര്‍ എസ് രാധാകൃഷ്ണന്‍, സാഹിത്യകാരി ബീന രഞ്ജിനി, ചലച്ചിത്ര സംവിധായകന്‍ സി വി പ്രേംകുമാര്‍ എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.
തലസ്ഥാനം കേന്ദ്രമായി രൂപവത്കരിച്ച പ്രേംനസീര്‍ സുഹൃദ് സമിതി 20-ാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. കേരളത്തിലും പുറത്തും നാല് ഗള്‍ഫ് രാഷ്ട്രങ്ങളിലുമായി ഈ സംഘടനയുടെ ചാപ്റ്ററുകള്‍ വളരെ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. വളാഞ്ചേരി, കുറ്റിപ്പുറം, കാടാമ്പുഴ പ്രദേശത്തെ സിറാജ് ദിനപത്രത്തിന്റെ ലേഖകനായ നൗഷാദ് വളാഞ്ചേരി കുറ്റിപ്പുറം പ്രസ് ക്ലബ് അംഗമാണ്. ഭാര്യ: നസീമ. മക്കള്‍: മുഹമ്മദ് നസ്ല്‍, നസ്‌ല റിന്‍ഷിദ, മുഹമ്മദ് റസല്‍.



