Connect with us

Siraj Article

തീര്‍ച്ച, നമ്മുടെ ജനാധിപത്യം വല്ലാതെ ‘ത്രസിപ്പിക്കുന്നു’

കൊലചെയ്യപ്പെട്ട കര്‍ഷകരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ പുറപ്പെട്ട പ്രിയങ്കാ ഗാന്ധിയെയും അഖിലേഷ് യാദവിനെയുമൊക്കെ തടയാനും കരുതല്‍ തടങ്കലില്‍ വെക്കാനും ശുഷ്‌കാന്തി കാട്ടിയ ഉത്തര്‍ പ്രദേശ് പോലീസ്, മന്ത്രി പുത്രന്റെ കാര്യത്തില്‍ കരുതലെടുത്തു. അതാണ് സുശക്തമായ, ത്രസിക്കുന്ന ജനാധിപത്യം. ജനാധിപത്യത്തില്‍ നടപ്പാകുന്നത് ഭൂരിപക്ഷ ഹിതമാണ്. ഭൂരിപക്ഷം ലഭിച്ച്, അധികാരത്തിലേറുന്നവരുടെ ഹിതം. അവരുടെ ഹിതമനുസരിച്ചാണെങ്കില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ രാജ്യദ്രോഹികളാണ്

Published

|

Last Updated

2006 സെപ്തംബര്‍. ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ സമ്മേളിക്കുന്നു. അക്കാലം യുനൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയുടെ പ്രസിഡന്റായിരുന്ന ജോര്‍ജ് ബുഷ്, പൊതുസഭയില്‍ സംസാരിച്ചതിന് പിറ്റേന്നാണ് വെനസ്വേലയുടെ പ്രസിഡന്റായിരുന്ന ഹ്യൂഗോ ഷാവെസ് അഭിസംബോധന ചെയ്തത്. ചരിത്രത്തില്‍ ഇടംപിടിച്ചു ഷാവെസിന്റെ പ്രസംഗം. “”ഇന്നലെ ഈ വേദിയില്‍ ഒരു ചെകുത്താന്‍ വന്നുപോയി. ഇവിടെ ഇപ്പോഴും സള്‍ഫറിന്റെ (വെടിമരുന്ന്) മണമുണ്ട്. ഈ ലോകത്തിന്റെ മുഴുവന്‍ ഉടയോനാണെന്നാണ് ആ ചെകുത്താന്‍ സ്വയം കരുതുന്നത്”- അങ്ങനെ പോയി ഷാവെസിന്റെ വാക്കുകള്‍. മാരക പ്രഹര ശേഷിയുള്ള ആയുധങ്ങളുടെ ശേഖരമുണ്ടെന്ന കള്ളം പ്രചരിപ്പിച്ച് ഇറാഖിനെ ആക്രമിച്ച്, ആയിരക്കണക്കിനാളുകളെ കൊന്നൊടുക്കിയ ശേഷം, ആണവ പദ്ധതിയുടെ പേരില്‍ ഇറാനെ അമേരിക്ക ലക്ഷ്യമിടുന്ന കാലത്ത്, ആ നൃശംസതക്ക് നേതൃത്വം നല്‍കിയ ജോര്‍ജ് ബുഷിനെ പേരെടുത്ത് പറയാതെ വിമര്‍ശിക്കുകയായിരുന്നു ഷാവെസ്. അഫ്ഗാനിസ്ഥാനുള്‍പ്പെടെ വിവിധ രാഷ്ട്രങ്ങളില്‍ ഭീകരത അവസാനിപ്പിക്കാനെന്ന പേരില്‍ നടത്തുന്ന ആക്രമണങ്ങളെയും. തലേന്ന് സംസാരിച്ച ജോര്‍ജ് ബുഷ്, ഭീകരത ഇല്ലാത്ത, പ്രതീക്ഷാനിര്‍ഭരമായ ഒരു ലോകത്തെക്കുറിച്ചുള്ള പ്രതീക്ഷകളാണ് പങ്കുവെച്ചത്. ആ പ്രതീക്ഷകള്‍ നിറവേറ്റുന്നതിന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രങ്ങളിലൊന്നായ അമേരിക്ക വഹിക്കുന്ന പങ്കിനെക്കുറിച്ചും. ലോകത്തിന്റെയാകെ ഉടയോന്‍ ചമഞ്ഞ്, ഏതൊരു ജനവിഭാഗത്തെയും ആക്രമിക്കാനും അടിച്ചമര്‍ത്താനും അധികാരമുണ്ടെന്ന് വിശ്വസിച്ച് പ്രവര്‍ത്തിക്കുന്നവര്‍ ജനാധിപത്യവാദികളായി ചമയുന്ന ചെകുത്താന്മാരാണെന്ന് പറഞ്ഞുവെക്കുകയായിരുന്നു ഷാവെസ്. വെടിമരുന്നിന്റെ മണം മായാത്ത ലോകമാണ് ഈ ചെകുത്താന്‍ സൃഷ്ടിച്ചതെന്ന് ഓര്‍മിപ്പിക്കുകയും.

എല്ലാ വര്‍ഷവും സെപ്തംബറിലാണ് ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ ചേരുക. ലോക നേതാക്കളൊക്കെ അവരുടെ അഭിപ്രായങ്ങളും ആശങ്കകളും പങ്കുവെച്ച് മടങ്ങും. അതിലപ്പുറമൊന്നും ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയിലെ ഈ ചടങ്ങിന് പ്രസക്തിയില്ല തന്നെ. ഇക്കുറിയും പതിവ് തെറ്റിയില്ല. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ലോക നേതാക്കളെത്തി. ഈടുറ്റ ജനാധിപത്യ സംവിധാനത്തെക്കുറിച്ച് പ്രസംഗിച്ച് മടങ്ങി. “”ജനാധിപത്യത്തിന്റെ മാതാവെന്ന് അറിയപ്പെടുന്ന രാജ്യത്തെയാണ് ഞാന്‍ പ്രതിനിധാനം ചെയ്യുന്നത്. ഞങ്ങളുടെ വൈവിധ്യമാണ് ഞങ്ങളുടെ ശക്തമായ ജനാധിപത്യത്തിന്റെ കാതല്‍. നിരവധി ഭാഷകള്‍, ജീവിത ശൈലികള്‍, ഭക്ഷണ വൈവിധ്യം ഒക്കെയാണ് ഞങ്ങളുടെ ജനാധിപത്യത്തെ ത്രസിപ്പിക്കുന്നത്” – നമ്മുടെ പ്രധാനമന്ത്രി ഐക്യരാഷ്ട്ര സഭയില്‍ ചൂണ്ടിക്കാട്ടി. ഇതടക്കം ജനാധിപത്യത്തെക്കുറിച്ചുള്ള വാഗ്‌ധോരണികള്‍ നിറഞ്ഞപ്പോള്‍ ഹ്യൂഗോ ഷാവെസിനെ ഓര്‍ത്തുപോയത് തികച്ചും യാദൃച്ഛികമായാണ്.

വേഷം, ഭാഷ, ഭക്ഷണം, സംസ്‌കാരം എന്നിവയിലൊക്കെയുള്ള വൈവിധ്യങ്ങളെ ഇല്ലാതാക്കി ഹിന്ദുത്വ എന്ന ഒറ്റച്ചരടില്‍ കോര്‍ക്കാന്‍ സംഘ്പരിവാരം തീവ്രമായി ശ്രമിക്കുകയും നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ നിയമവഴിയിലും അല്ലാതെയും അതിന് സകല പിന്തുണയും നല്‍കുകയും ചെയ്യുമ്പോഴാണ് വൈവിധ്യത്താല്‍ ത്രസിക്കുന്ന ജനാധിപത്യത്തെക്കുറിച്ച് നമ്മുടെ പ്രധാനമന്ത്രി സംസാരിച്ചത്. സുശക്തമായ ജനാധിപത്യ സംവിധാനം പ്രദാനം ചെയ്യുന്ന അവസരങ്ങള്‍ മുതലെടുക്കാന്‍ ആഗോള സമൂഹത്തെ, വിശിഷ്യാ വ്യവസായികളെ അദ്ദേഹം ഇന്ത്യയിലേക്ക് ക്ഷണിക്കുമ്പോള്‍ ഹനിക്കപ്പെട്ട അവകാശങ്ങള്‍ ചൂണ്ടിക്കാട്ടി കര്‍ഷകര്‍ സമരം തുടങ്ങിയിട്ട് മാസങ്ങളായിരുന്നു. കൊവിഡിന്റെ വ്യാപനം ജനങ്ങളെ കരുതല്‍ തടങ്കലിലാക്കിയത് മുതലെടുത്ത് പല മാറ്റങ്ങളും നടപ്പാക്കിയിട്ടുണ്ട് നരേന്ദ്ര മോദി സര്‍ക്കാര്‍. അതിന്റെ തുടര്‍ച്ചയിലാണ് കാര്‍ഷിക മേഖലയെ ബാധിക്കുന്ന മൂന്ന് നിയമങ്ങളില്‍ മാറ്റം വരുത്തിയത്. അതുണ്ടാക്കാന്‍ ഇടയുള്ള ആഘാതം ഗുരുതരമായിരിക്കുമെന്ന് തിരിച്ചറിഞ്ഞ് സമരത്തിനിറങ്ങിയ കര്‍ഷകരെ ദീര്‍ഘനാള്‍ അവഗണിച്ചു ഭരണകൂടം. പിന്നെ രാജ്യദ്രോഹികളെന്ന് മുദ്രകുത്തി, സമരത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചു. ഒടുവില്‍ ചില ചര്‍ച്ചാ പ്രഹസനങ്ങളിലൂടെ കര്‍ഷകരെ അപഹസിച്ചു. ജനാധിപത്യ മര്യാദകളൊന്നും പാലിക്കാതെ നടത്തിയ നിയമ ഭേദഗതികള്‍ ചോദ്യം ചെയ്തുള്ള സമരത്തെ അത്രതന്നെ തീവ്രമായ ജനാധിപത്യവിരുദ്ധതയോടെ കൈകാര്യം ചെയ്യുകയായിരുന്നു സര്‍ക്കാര്‍. ആ സര്‍ക്കാറിന് നേതൃത്വം നല്‍കുന്ന വ്യക്തി, ഐക്യരാഷ്ട്ര സഭയുടെ വേദിയിലെത്തി രാജ്യത്തെ ജനാധിപത്യത്തിന്റെ കരുത്തിനെക്കുറിച്ച് പറഞ്ഞപ്പോള്‍ ഷാവെസിനെ ഓര്‍ത്തുപോയത് തീര്‍ത്തും യാദൃച്ഛികമായാണ്.

ത്രസിക്കുന്ന ജനാധിപത്യത്തെക്കുറിച്ച് സാഭിമാനം പറഞ്ഞ് നാട്ടിലേക്ക് മടങ്ങി ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് സ്വന്തം മന്ത്രിസഭയിലെ അംഗത്തിന്റെ മകന്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഓടിച്ച് കയറ്റി നാല് പേരുടെ ജീവനെടുത്തത്. കാര്‍ഷിക നിയമങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍ ചോദ്യം ചെയ്ത് സമരം ചെയ്യുന്നത് ഏതാനും കര്‍ഷകര്‍ മാത്രമാണെന്നും അത് അവസാനിപ്പിക്കേണ്ട മാര്‍ഗം അറിയാമെന്നും ആഭ്യന്തര സഹമന്ത്രിയായ അജയ് മിശ്ര പ്രസംഗിച്ച് ആഴ്ചയൊന്ന് പിന്നിടുമ്പോഴായിരുന്നു മകന്‍ ആശിഷ് മിശ്രയുടെ “വീര’കൃത്യം. ഉത്തര്‍ പ്രദേശ് നിയമസഭയിലേക്ക് അടുത്തവര്‍ഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ സ്ഥാനാര്‍ഥിയാകുമെന്ന് പ്രതീക്ഷിക്കുന്നയാള്‍ കൂടിയാണ് ആശിഷ്. ആ ദേഹത്തിന്റെ കാര്‍മികത്വത്തില്‍ സമരക്കാര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റിയ സംഭവമുണ്ടായിട്ട്, സുശക്ത ജനാധിപത്യത്തിന്റെ വക്താവായ പ്രധാനമന്ത്രി ഒരക്ഷരം ഉരിയാടിയില്ല. കര്‍ഷക സമരത്തെ അടിച്ചമര്‍ത്തുക എന്നത് ജനാധിപത്യ സര്‍ക്കാറിന്റെ നയമല്ല എന്നോ അക്രമം കാട്ടിയവരെ സംരക്ഷിക്കില്ല എന്നോ മേനിക്കെങ്കിലും പറഞ്ഞതായി കേട്ടില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന “പഴംചൊല്ലെ’ങ്കിലും ആവര്‍ത്തിക്കാനുള്ള ജനാധിപത്യബോധം പോലും പ്രകടിപ്പിച്ചതുമില്ല.

അതിനോട് മത്സരിക്കാന്‍ മടിച്ചില്ല, രാജര്‍ഷിയുടെ പിന്‍ഗാമിയാകുമെന്ന് കരുതുന്ന യോഗിവര്യന്‍. സംഭവത്തില്‍ കേസെടുക്കേണ്ടതുണ്ടോ ഇല്ലയോ എന്ന് കൂലംകഷമായി ആലോചിച്ചു. കേസെടുത്തപ്പോള്‍ തന്നെ പ്രതിസ്ഥാനത്ത് ആരൊക്കെ വേണമെന്ന് ശങ്കിച്ചു. പരമോന്നത കോടതി സ്വമേധയാ കേസെടുത്ത് ആരെയൊക്കെ അറസ്റ്റു ചെയ്തുവെന്ന് അറിയിക്കണമെന്ന് പറഞ്ഞപ്പോള്‍, ആരോപണവിധേയനായ മന്ത്രിപുത്രനൊരു സമന്‍സ് അയക്കാനുള്ള സൗമനസ്യം കാട്ടി.
സമന്‍സിന്റെ വിവരമറിഞ്ഞ മന്ത്രി പുത്രന്‍, സ്വമേധയാ ഹാജരാകും വരെ കാത്തിരിക്കാന്‍ പോലീസിനോട് നിര്‍ദേശിച്ചു. ആരും കാണാതെ സ്റ്റേഷനിലേക്ക് എത്താനും രാത്രി വൈകുവോളം നീണ്ട സുഖവാസത്തിന് ശേഷം കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ റിമാന്‍ഡിലേക്ക് കൈമാറാനും പോലീസ് സന്നദ്ധരായി. ഏത് കേസിലും ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെടാറുള്ള പോലീസ് ഇവിടെ അത്തരമൊന്നിനും മുതിര്‍ന്നതേയില്ല.
കൊലചെയ്യപ്പെട്ട കര്‍ഷകരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ പുറപ്പെട്ട പ്രിയങ്കാ ഗാന്ധിയെയും അഖിലേഷ് യാദവിനെയുമൊക്കെ തടയാനും കരുതല്‍ തടങ്കലില്‍ വെക്കാനും ശുഷ്‌കാന്തി കാട്ടിയ ഉത്തര്‍ പ്രദേശ് പോലീസ്, മന്ത്രി പുത്രന്റെ കാര്യത്തില്‍ കരുതലെടുത്തു.
അതാണ് സുശക്തമായ, ത്രസിക്കുന്ന ജനാധിപത്യം. ജനാധിപത്യത്തില്‍ നടപ്പാകുന്നത് ഭൂരിപക്ഷ ഹിതമാണ്. ഭൂരിപക്ഷം ലഭിച്ച്, അധികാരത്തിലേറുന്നവരുടെ ഹിതം. അവരുടെ ഹിതമനുസരിച്ചാണെങ്കില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ രാജ്യദ്രോഹികളാണ്. രാജ്യദ്രോഹികളെ ഇല്ലായ്മ ചെയ്യുകയോ അടിച്ചമര്‍ത്തുകയോ ചെയ്യുക എന്നത് സുശക്തമായ ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതവും. ആകയാല്‍ അജയ് മിശ്രയുടെ ഭീഷണി നടപ്പാക്കാന്‍ പുറപ്പെട്ട, അടുത്ത നിയമസഭയില്‍ അംഗമായുണ്ടാകണമെന്ന് യോഗിയും ബി ജെ പിയും ആഗ്രഹിക്കുന്ന ആശിഷ് മിശ്ര നടത്തിയത് ജനാധിപത്യത്തെ കൂടുതല്‍ ത്രസിപ്പിക്കാനുള്ള ഇടപെടലാണ്. അതംഗീകരിച്ച് പട്ടും വളയും നല്‍കുക എന്നതാണ് ജനാധിപത്യത്തില്‍ ഉചിതമായുള്ളത്. കൊളോണിയല്‍ കാലത്തിന്റെ തുടര്‍ച്ചയായി നിലനില്‍ക്കുന്ന നിയമ വ്യവസ്ഥകള്‍ അത്രത്തോളം രാജ്യസ്‌നേഹത്തില്‍ അധിഷ്ഠിതമല്ലാത്തതിനാലും പരമോന്നത കോടതി അവലംബിക്കുന്നത് ഇപ്പോഴും ആ നിയമത്തിലെ വ്യവസ്ഥകളെ ആകയാലും തത്കാലം അറസ്റ്റെന്ന നാടകവും ജയിലെന്ന മറയും വേണ്ടിവരുന്നുവെന്ന് മാത്രം. ജനാധിപത്യം കൂടുതല്‍ സുശക്തമാകുകയും അത് കൂടുതല്‍ ത്രസിക്കുകയും ചെയ്യുമ്പോള്‍ ക്രിമിനല്‍ നിയമങ്ങളിലും വേണ്ട മാറ്റമുണ്ടാകുമെന്ന് കരുതാം. അപ്പോഴാരും ഷാവെസിനെ ഓര്‍ക്കേണ്ടതില്ല.