Kerala
ഇപ്പോള്‍ എല്ലാം പോറ്റിയുടെ തലയിലായി; ശരിയായി അന്വേഷിച്ചാല്‍ അന്നത്തെ ദേവസ്വം മന്ത്രിയും പ്രതിയാകും- വിഡി സതീശന്‍
നൂറുകണക്കിന് പോലീസ് വാനുകളും ജീപ്പുകളും രാത്രി മുഴുവന്‍ റോന്ത് ചുറ്റി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി നിരപരാധികളെ അറസ്റ്റു ചെയ്യുകയാണ്

തൃശൂര്‍ | പേരാമ്പ്രയില്‍ പോലീസ് കള്ള സ്‌ഫോടന കേസുണ്ടാക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും നേതാക്കളെയും വേട്ടയാടുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അനാവശ്യമായാണ് പോലീസ് തല്ലിയതെന്ന് എസ്പി പോലും സമ്മതിച്ചതാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്‌ഫോടക വസ്തു എറിഞ്ഞുവെന്നത് കെട്ടിച്ചമച്ച കള്ളക്കേസാണ്. അതില്‍ ഷാഫി പറമ്പിലിനെയും കോണ്‍ഗ്രസ് നേതാക്കളെയും പ്രതിയാക്കിയിരിക്കുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു
നൂറുകണക്കിന് പോലീസ് വാനുകളും ജീപ്പുകളും രാത്രി മുഴുവന്‍ റോന്ത് ചുറ്റി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി നിരപരാധികളെ അറസ്റ്റു ചെയ്യുകയാണ്.ഗൗരവതരമായ സംഭവമാണ് പേരാമ്പ്രയില്‍ നടക്കുന്നത്. ഈ പരിപാടി നിര്‍ത്തണമെന്ന് പോലീസിലെ ഉന്നത ഉദ്യോഗസ്ഥരോട് ഓര്‍മ്മപ്പെടുത്തുകയാണ്. ഇല്ലെങ്കില്‍ നിങ്ങളൊക്കെ ഇരിക്കുന്ന സ്ഥലത്തേക്ക് ഞങ്ങള്‍ വരും. ഞങ്ങളെ വരുത്തരുത് എന്നാണ് വിനയപൂര്‍വം പറയാനുള്ളത്- സതീശന്‍ പറഞ്ഞു
ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ചയില്‍ പോറ്റിയെ അറസ്റ്റു ചെയ്തത് വൈകിപ്പോയി. എല്ലാ ഇപ്പോള്‍ പോറ്റിയുടെ തലയിലായി. പോറ്റി ഇതൊക്കെ ചെയ്‌തെന്ന് അറിയാവുന്ന രാഷ്ട്രീയ നേതാക്കളും ബോര്‍ഡിലെ അംഗങ്ങളുമുണ്ടായിരുന്നു. എന്നിട്ടും ഇവരെല്ലാം ചേര്‍ന്ന് അത് മൂടിവയ്ക്കുകയായിരുന്നെന്നാണ് ഹൈക്കോടതി പറഞ്ഞത്. അന്ന് എന്തുകൊണ്ടാണ് പോറ്റിയ്‌ക്കെതിരെ നടപടി എടുക്കാതിരുന്നത്. പോറ്റി കുടുങ്ങിയാല്‍ എല്ലാവരും കുടുങ്ങുമെന്ന് ഇവര്‍ക്ക് അറിയാം. ശരിയായി അന്വേഷിച്ചാല്‍ അന്നത്തെ ദേവസ്വം മന്ത്രിയും പ്രതിയാകും.പോറ്റിക്ക് കൂട്ടു നിന്ന ഉദ്യോഗസ്ഥരുമുണ്ട്. ചെമ്പു പാളിയെന്ന് രേഖപ്പെടുത്തി ഇവര്‍ പോറ്റിയെ രക്ഷിക്കാന്‍ ശ്രമിച്ചു. പോറ്റി കുടുങ്ങിയാല്‍ ഇവരും കുടുങ്ങും. കൂട്ടു നില്‍ക്കുന്ന ഉദ്യോസ്ഥരും ഇതിന് പിന്നിലുണ്ട്. മുന്‍ ദേവസ്വം മന്ത്രിക്ക് ഉള്‍പ്പെടെ പോറ്റിയുമായി ബന്ധമുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു
കെപിസിസി പുനസംഘടന പാര്‍ട്ടി ദേശീയ നേതൃത്വം ആലോചിച്ച് ചെയ്തതാണ്. ഒരുപാട് ചെറുപ്പക്കാരായ ആളുകളുണ്ട്. ഒരുപാട് കേസുകളില്‍ പ്രതികളായവരും ഒരുപാട് കഷ്ടപ്പെടുന്നവരുമുണ്ട്. അവരെക്കൂടി ഉള്‍ക്കൊള്ളിച്ചുള്ള സെക്രട്ടറി പട്ടിക കൂടി വന്നാല്‍ നന്നായിരുന്നുവെന്ന അഭിപ്രായം മാത്രമെ പങ്കുവയ്ക്കുന്നുള്ളൂ. സംഘടനാപരമായ കാര്യങ്ങളില്‍ അഭിപ്രായം പറയില്ല. അത് കെപിസിസി അധ്യക്ഷന്‍ പറയുമെന്നും വി ഡി സതീശന്‍ പറഞ്ഞു