Connect with us

uthra murder case

ഉത്ര വധം; അപൂർവങ്ങളിൽ അപൂർവമായ കേസിൽ വിധി ഇന്ന്

പാമ്പുകളെ നൽകിയ സുരേഷ് മാപ്പ് സാക്ഷി

Published

|

Last Updated

കൊല്ലം | കൊല്ലം ആറാം അഡീഷനൽ സെഷൻസ് കോടതി അപൂർവങ്ങളിൽ അപൂർവമായ ഉത്ര വധക്കേസിൽ ഇന്ന് വിധി പറയും. 2020 മേയ് ഏഴിനാണ് അഞ്ചൽ ഏറം വെള്ളശേരിൽ ഉത്ര(25)യെ സ്വന്തംവീട്ടിൽ പാന്പ് കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. അറസ്റ്റിലായ ഭർത്താവ് അടൂർ പറക്കോട് സ്വദേശി സൂരജ് (27) ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെയാണ് വിസ്താരം പൂർത്തിയാക്കിയത്.

ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനും അവരുടെ സ്വത്ത് കൈക്കലാക്കാനും വേണ്ടി പ്രതി പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. അത് സർപ്പകോപമാണെന്ന് വരുത്തിത്തീർക്കാനും ശ്രമിച്ചു. കേസ് അത്യപൂർവമാകുന്നത് കൊലപാതകം നടപ്പാക്കാനുള്ള പ്രതിയുടെ സമാനതകളില്ലാത്ത കുബുദ്ധിയും ഉപയോഗിച്ചത് പാമ്പ് എന്ന ആയുധവുമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു. പ്രോസിക്യൂഷൻ ഭാഗത്തു നിന്ന് 87 സാക്ഷികളെയും 288 രേഖകളും 40 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രതിഭാഗം മൂന്ന് സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകളും തൊണ്ടിമുതലായി മൂന്ന് സി ഡി കളും ഹാജരാക്കുകയും ചെയ്തു.

വാദത്തിനിടയിൽ ഡിജിറ്റൽ തെളിവുകൾ നേരിട്ട് പരിശോധിക്കേണ്ടതിനാൽ തുറന്ന കോടതിയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വാദം കേട്ടത്. സൂരജിന് പാമ്പുകളെ കൊടുത്തെന്ന് മൊഴി നൽകിയ ചാവർകാവ് സുരേഷിനെ കേസിൽ മാപ്പുസാക്ഷിയാക്കി. 2020 മാർച്ച് രണ്ടിന് ഉത്രയെ അണലിയെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. അത് പരാജയപ്പെട്ട് ഉത്ര ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോൾ സൂരജ് അടുത്ത പദ്ധതി തയ്യാറാക്കി. തുടർന്ന് 2020 മേയ് ഏഴിന് മൂർഖനെക്കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഉത്രയെ രണ്ട് പ്രാവശ്യം പാമ്പ് കടിച്ചപ്പോഴും സൂരജ് മാത്രമാണ് കിടപ്പുമുറിയിൽ ഉണ്ടായിരുന്നതെങ്കിലും എന്താണ് സംഭവിച്ചതെന്ന് കോടതിയിൽ വിശദീകരിക്കാൻ തയ്യാറാകാത്തത് ഗൗരവമേറിയ സാഹചര്യമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു. മൂർഖൻ പാമ്പിന് ഉത്ര കിടന്നമുറിയിൽ കയറാനുള്ള പഴുതുകൾ ഇല്ലായിരുന്നെന്നും ജനൽ വഴി കയറാനുള്ള സാധ്യത ഇല്ലെന്നും വിദഗ്ധ സാക്ഷികൾ മൊഴി നൽകിയിരുന്നു. ഉത്രയെ അണലിയെക്കൊണ്ടും മൂർഖനെക്കൊണ്ടും കടിപ്പിക്കുന്നതിന് മുന്പ് പലതവണ സൂരജ് ഇന്റർനെറ്റിൽ പാമ്പുകളെക്കുറിച്ച് തിരഞ്ഞതായി പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. പാമ്പിന്റെ തലയിൽ അമർത്തിപ്പിടിച്ച് വിഷം പുറത്തു വരുത്തിച്ചാണ് കൊലപ്പെടുത്തിയതെന്ന് തെളിയിക്കാൻ ഡമ്മി പരീക്ഷണം നടത്തിയതിന്റെ തെളിവുകളും ഹാജരാക്കി.

Latest