Connect with us

Cover Story

കേരളത്തിനപ്പുറത്തെ നോമ്പോർമകൾ

ആത്മീയതയുടെ ഓരംപറ്റി നടക്കുന്ന ആൾക്കൂട്ടം. പണക്കാരും പാവപ്പെട്ടവരും യാചകരും റിക്ഷവലിക്കാരും ഒരേ താളത്തിൽ തങ്ങളുടെ സാന്നിധ്യംകൊണ്ട് പകിട്ടേകുന്ന റമസാൻ പകലിരവുകൾ. സ്‌നേഹവും സാഹോദര്യവും എല്ലാ അതിർത്തികളെയും ഭേദിക്കുന്ന ഹൃദ്യമായ അനുഭവം. ആത്മീയ ധന്യമായ വൈകുന്നേരങ്ങൾ. പ്രതീക്ഷാനിർഭരമായ പ്രഭാതങ്ങൾ. തണുപ്പും ചൂടും മനസ്സിന് സമാധാനം ചൊരിഞ്ഞ് അതിജീവനത്തിന്റെയും സംസ്‌കാരസമ്പന്നതയുടെയും കഥപറയുന്ന വാങ്മയചിത്രങ്ങൾ. ഡൽഹിയുടെ നോമ്പോർമകൾക്ക് എന്നും ഗൃഹാതുരമായ വശ്യതയും മനോഹാരിതയുമുണ്ട്.

Published

|

Last Updated

ഡൽഹി ജുമാമസ്ജിദ്. രാജ്യത്തെ എല്ലാ നോമ്പോർമകളും ഉൾവഹിക്കുന്നയിടം. ഇഫ്താറും തറാവീഹും രാത്രിയാത്രയും കൊണ്ട് മുഖരിതമായ ജുമാ മസ്ജിദും പരിസരവും. വിവിധ പേരുകളിലുള്ള സ്വാദിഷ്ടമായ ഭക്ഷണവിഭവങ്ങളുടെ ചൂടുപകർന്ന് ജുമാ മസ്ജിദിലേക്കുള്ള ഗല്ലികൾ. ആത്മീയതയുടെ ഓരംപറ്റി നടക്കുന്ന ആൾക്കൂട്ടം. പണക്കാരും പാവപ്പെട്ടവരും യാചകരും റിക്ഷവലിക്കാരും ഒരേ താളത്തിൽ തങ്ങളുടെ സാന്നിധ്യംകൊണ്ട് പകിട്ടേകുന്ന റമസാൻ പകലിരവുകൾ. സ്‌നേഹവും സാഹോദര്യവും എല്ലാ അതിർത്തികളെയും ഭേദിക്കുന്ന ഹൃദ്യമായ അനുഭവം. ആത്മീയ ധന്യമായ വൈകുന്നേരങ്ങൾ. പ്രതീക്ഷാനിർഭരമായ പ്രഭാതങ്ങൾ. തണുപ്പും ചൂടും മനസ്സിന് സമാധാനം ചൊരിഞ്ഞ് അതിജീവനത്തിന്റെയും സംസ്‌കാരസമ്പന്നതയുടെയും കഥപറയുന്ന വാങ്മയചിത്രങ്ങൾ. ഡൽഹിയുടെ നോമ്പോർമകൾക്ക് എന്നും ഗൃഹാതുരമായ വശ്യതയും മനോഹാരിതയുമുണ്ട്.

ജുമാമസ്ജിദിലേക്കുള്ള ഗല്ലികൾ

ജുമാമസ്ജിദിലേക്കുള്ള തെരുവുകളാണ് ഡൽഹിയിലെ റമസാൻ ജീവിതത്തെ കൂടുതൽ മനോഹരമാക്കുന്നത്. ഓൾഡ് ഡൽഹിയിലെ വിവിധ ഗല്ലികളിൽ നിരനിരയായി നിൽക്കുന്ന ഭക്ഷണശാലകൾ വൈകുന്നേരമാകുമ്പോഴേക്കും സജീവമാകും. ഇഫ്താർ വിഭവങ്ങളുടെ സമൃദ്ധമായ സ്വാദാണ് ഡൽഹിയെ മറ്റു നഗരങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട അനുഭവം. ഇഫ്താർ ഡൽഹി ജുമാമസ്ജിദിലെ വിശാലമായ മുറ്റത്ത്. കുടുംബസമേതമാണ് വിശ്വാസികൾ ഇവിടെ നോമ്പുതുറക്കെത്തുന്നത്. പ്രവിശാലമായ അങ്കണത്തിൽ വരിവരിയായി വിരിച്ചുവെച്ച മാറ്റുകളിൽ വിഭവസമൃദ്ധമായ ഭക്ഷണം മഗ്‌രിബ് ബാങ്ക് കൊടുക്കുന്നതിനും എത്രയോ മുമ്പ് തയ്യാറായിട്ടുണ്ടാകും. ഡൽഹിയിൽ ലഭ്യമായ ഒട്ടുമിക്ക പഴങ്ങളും തളികയിലുണ്ടാകും. റൂഹ് അഫ്‌സ എന്ന പാനീയമാണ് ശ്രദ്ധേയം. ആത്മാവിനെ തണുപ്പിക്കുന്ന തീർത്തും ആരോഗ്യദായകമായ ഡ്രിങ്ക് ആണത്. ഉത്തരേന്ത്യൻ ഇഫ്താറുകളിൽ ഒഴിച്ചുനിർത്താൻ സാധിക്കാത്ത റൂഹ് അഫ്‌സ. യുനാനി വൈദ്യശാസ്ത്രത്തിന്റെ പ്രമുഖ ഉപജ്ഞാതാവും ഹംദർദ് സ്ഥാപകനുമായ ഹകീം ഹാഫിസ് അബ്ദുൽ മജീദാണ് 1906ൽ ഈ വിശിഷ്ട പാനീയം ആദ്യമായി നിർമിക്കുന്നത്. ഡൽഹിയിലെ ചൂടുകാലത്ത് ജനങ്ങളെ കൂളായി നിലനിർത്താൻ വേണ്ടി ഔഷധക്കൂട്ടുകളുടെ ഒരുഗ്രൻ കോമ്പിനേഷൻ. പുരാതന ഡൽഹിക്കാരാണ് ആദ്യമായി റൂഹ് അഫ്‌സയുടെ രുചിയറിഞ്ഞവർ. ഡൽഹിയുടെ ഇഫ്താറിന് ഇന്നും മധുരസാന്നിധ്യമായി നിൽക്കുന്നു ഈ പാനീയം.

ഇഫ്താറും മഗ്‌രിബ് നിസ്‌കാരവും കഴിഞ്ഞാൽ പിന്നെ ജുമാമസ്ജിദിന് സമീപത്തെ തെരുവുകളിലേക്കുള്ള യാത്രയാണ്. ചെറുതും വലുതുമായ നിരവധി ഭക്ഷണശാലകൾ. കൊതിയൂറുന്ന റമസാൻ സ്‌പെഷ്യൽ വിഭവങ്ങൾ. ചൗരി ബസാറും മഠിയ മഹലും ചാന്ദ്‌നി ചൗകും മീനാ ബസാറും അപ്പോഴേക്കും നിറഞ്ഞുകവിയും. ജനബാഹുല്യത്തിന് നടുവിലൂടെ നടക്കുമ്പോൾ മുഗൾ ഭരണാധികാരികളുടെ അതിസമ്പന്നമായ രാജവീഥിയിലൂടെ ചരിത്രത്തിൽ നിന്ന് വർത്തമാനത്തിലേക്ക് യാത്രയാകുന്ന പ്രതീതിയാണ്. തൊപ്പിക്കച്ചവടക്കാരും തസ്ബീഹ് മാല വിൽക്കുന്നവരും ചൂടുള്ള റൊട്ടി തയ്യാറാക്കുന്നവരും പിന്നെ നൂറുകണക്കിന് പേരുകളിൽ അറിയപ്പെടുന്ന ചിക്കൻ വിഭവങ്ങളൊരുക്കുന്നവരുമെല്ലാം ഈ റമസാനിലെ വിശിഷ്ടസാന്നിധ്യങ്ങളായി മാറുന്നു. ചിരിയും സന്തോഷവും സമാധാനവും വിശ്വാസികൾക്ക് സമ്മാനിക്കുന്ന തെരുവുകൾ. അതിദരിദ്രരും യാചകരും ഈ രാജവീഥിയിലെ അതിഥികളാണ്. നോമ്പനുഷ്ഠിച്ചെത്തുന്ന അതിഥികളുടെ മനസ്സ് നിറക്കുന്ന സ്വാദിഷ്ടമായ വിഭവങ്ങളാണെങ്ങുമുള്ളത്. റമസാനിൽ ആരും പട്ടിണി കിടക്കാത്ത നഗരം. ആത്മീയധന്യമായ നോമ്പനുഭവത്തെ ഉൾവഹിക്കുന്ന ആഘോഷമുഖരിതമായ ഭാവമാണ് ഈ തെരുവുകളിൽ കാണാനാകുക. ആവി പറക്കുന്ന തന്തൂരി റൊട്ടി, രുചികരമായ മുഗളൈ ചങ്കേസി ചിക്കൻ, ഡൽഹിയുടെ സ്വന്തം ശേഖ് കബാബ്, മട്ടൺ ബിരിയാണി, കമീരി റൊട്ടി, ശാഹി ദസ്താർ ഖാന, ഖീർ, ആലു പ്യാസ് നാൻ, മട്ടൺ കക്കോരി കബാബ്, അഫ്ഗാനി ചിക്കൻ, ചിക്കൻ നിഹാരി തുടങ്ങി രാവേറെ ചെന്നാലും വിഭവസമ്പന്നമായ ഭക്ഷണം ഈ തെരുവിൽ റെഡിയാണ്. സഹ്‌രി-അത്താഴം-വരെ വിരുന്നൂട്ടുന്ന തെരുവുകൾ.


ഡൽഹിയിലെ ഇഫ്താർ

ഡൽഹിയിലെ വിവിധ ക്യാമ്പസുകളിൽ ഉന്നതവിദ്യാഭ്യാസം നടത്തുന്ന വിദ്യാർഥികളുടെ ഇഫ്താർ സംഗമങ്ങൾ ഏറെ മനോഹരമാണ്. ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ യൂനിവേഴ്‌സിറ്റി, ഡൽഹി യൂനിവേഴ്‌സിറ്റി, ജവഹർലാൽ നെഹ്‌റു യൂനിവേഴ്‌സിറ്റി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, എയിംസ്, ഹംദർദ് യൂനിവേഴ്‌സിറ്റി തുടങ്ങിയ കേന്ദ്ര സർവകലാശാലകളിലെയും പ്രീമിയർ സ്ഥാപനങ്ങളിലെയും വിദ്യാർഥി കൂട്ടായ്മകൾ സംഘടിപ്പിക്കുന്ന ഇഫ്താർ വിരുന്നുകളിൽ രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിൽ നിന്നുമുള്ളവർ പങ്കെടുക്കുകയും സ്‌നേഹം പങ്കിടുകയും ചെയ്യുന്നു. ആത്മീയധന്യമായ അന്തരീക്ഷത്തിൽ സാംസ്‌കാരികമായ കൊടുക്കൽ വാങ്ങലുകൾ സാധ്യമാക്കുന്ന വിശിഷ്ടമായ സംഗമങ്ങളാണ് ഇവിടെ ഓരോ ക്യാമ്പസ് ഇഫ്താറും. സംഘാടനത്തിനും സമൃദ്ധമായ വിഭവങ്ങളൊരുക്കാനും തറാവീഹിന് നേതൃത്വം നൽകാനും ഒപ്പം അക്കാദിക ചർച്ചകൾ നയിക്കാനുമെല്ലാം മലയാളി വിദ്യാർഥികളാണ് മുൻപന്തിയിലുണ്ടാകുക. ക്യാമ്പസുകൾക്ക് പുറത്ത് തെരുവുകളിൽ അന്തിയുറങ്ങുന്ന പാവപ്പെട്ടവർക്കായി നിരവധി ചാരിറ്റി പ്രവർത്തനങ്ങളും റമസാനിൽ നടക്കുന്നു. എല്ലാം വിദ്യാർഥി കൂട്ടായ്മകളുടെ നേതൃത്വത്തിൽ. രാഷ്ട്രീയ, മത, സാംസ്‌കാരിക സംഘടനാ വ്യത്യാസമില്ലാതെ ഇത്തരം കൂട്ടായ്മകൾ വിശുദ്ധ റമസാനിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ അത്ഭുതകരമായ സാമൂഹിക മുന്നേറ്റമാണ്.

മഹാന്മാരുടെ നഗരം

മഹാന്മാരായ സൂഫികളുടെ നഗരമാണ് ഡൽഹി. എവിടെയും കാണാം ഏതെങ്കിലും ഒരു വലിയ്യിന്റെ മഖ്ബറ. ഈ നഗരത്തെ ഇത്രമേൽ ആത്മീയധന്യമായി നിലനിർത്തുന്ന മഹാസാന്നിധ്യങ്ങൾ. ഡൽഹിയുടെ വിവിധ ഭാഗങ്ങളിലായി നൂറുകണക്കിന് മഹാന്മാരാണ് അന്തിയുറങ്ങുന്നത്. ഒരുപക്ഷേ, മറ്റൊരു ഇന്ത്യൻ നഗരത്തിലും ഇല്ലാത്തത്ര മഹാന്മാരാണ് ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നത്. റമസാനിൽ ഈ ദർഗകളെല്ലാം കൂടുതൽ സജീവമാകും. ഓരോ മസാറിലും ഓരോ രീതിയാണ്. ഓരോയിടത്തും അന്തിയുറങ്ങുന്ന മഹാനുഭാവന്റെ ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്ന ശീലങ്ങൾ. നോമ്പുതുറക്കും അത്താഴത്തിനുമെല്ലാം ഇവിടെയെത്തുന്ന സന്ദർശകർക്ക് അത് അനുഭവഭേദ്യമാകും. ഖ്വാജാ ഖുതുബുദ്ദീൻ ബക്തിയാർ ഖാക്കി, ഹസ്‌റത്ത് നിസാമുദ്ദീൻ ഔലിയ, അമീർ കുസ്‌റു, ഷാഹ് തുർക്കുമൻ ബയാബനി, ശൈഖ് നസീറുദ്ദീൻ ചിറാഗ് ദഹ്‌ലവി തുടങ്ങി നിരവധി മഹാന്മാരാണ് ഡൽഹിയിൽ അന്തിയുറങ്ങുന്നത്. ഒരോ ദർഗയിലും റമസാനിലെ ജീവിതം ഏറെ ഹൃദ്യമാണ്.

സഹ്‌രിയും തറാവീഹും

അത്താഴത്തിന് പാലും സേമിയയും കൊണ്ടുണ്ടാക്കിയ രുചികരമായ വിഭവമാണ് പ്രധാനം. ഒപ്പം നിരവധി മധുരപലഹാരങ്ങളുമുണ്ടാകും. വളരെ ലളിതമായ സഹ്‌രിയാണ് ഡൽഹിയുടെത്. പഴങ്ങളാണ് പ്രധാനമായും അത്താഴത്തിന് കഴിക്കുന്ന വിഭവം. അതിശൈത്യമുള്ള സമയത്ത് അത്താഴത്തിന് എഴുന്നേറ്റ് കുടിക്കുന്ന ചായയുണ്ട്; അതീവ ഹൃദ്യമായ അനുഭവമാണത്. വെള്ളമൊഴിക്കാതെ പാൽ തിളപ്പിച്ച് അതിൽ ചായപ്പൊടിയിട്ട് തിളപ്പിച്ചുവറ്റിക്കുന്ന ചായ. അതുമാത്രം മതിയാകും റമസാനിലെ നല്ലൊരു ദിവസം ആരംഭിക്കാൻ. തറാവീഹ് നിസ്‌കാരം അതീവ ചാരുതയോടെയാണ് നടക്കുക. ആത്മീയമായ എന്തോ ഉള്ളിൽ സംഭവിക്കുന്ന അനുഭവമാണ് അത്. റമസാൻ അവസാനിക്കുമ്പോഴേക്കും വിശുദ്ധ ഖുർആൻ പൂർണമായും ഉത്തരേന്ത്യൻ ശൈലിയിൽ മനോഹരമായി ഓതുന്ന തറാവീഹുകൾ.

തിരുശേഷിപ്പുകൾ

പ്രവാചകൻ മുഹമ്മദ് നബി(സ)യുടെ തിരുശേഷിപ്പുകൾ ഏറെ ആദരവോടെ ഡൽഹി ജുമാമസ്ജിദിൽ സൂക്ഷിക്കുന്നു. മറ്റുള്ള കാലത്ത്, എല്ലാ ജുമുഅക്ക് ശേഷവും ജുമാ മസ്ജിദിന്റെ തെക്കേ മൂലയിലുള്ള മുറിതുറന്ന് ഖാദിമുകൾ ഇവ വിശ്വാസികൾക്കായി കാണിച്ചുകൊടുക്കാറുണ്ട്. റമസാനായാൽ എല്ലാ ദിവസവും അസറിന് ശേഷം ഇവിടുത്തെ തിരുശേഷിപ്പുകൾ ദർശിക്കാൻ സാധിക്കും. പ്രവാചകരുടെ തിരുകേശം, കാൽപാദം പതിഞ്ഞ കല്ല്, തിരുവസ്ത്രം, പ്രവാചകാനുയായി അലി(റ) സ്വന്തം കൈകൊണ്ടെഴുതിയ ഖുർആൻ തുടങ്ങി നിരവധി തിരുശേഷിപ്പുകളാണ് ഇവിടെയുള്ളത്. റമസാനിലെ മനോഹരമായ വൈകുന്നേരങ്ങളിൽ ഉറുദുവിലുള്ള പ്രവാചക പ്രകീർത്തനങ്ങളുടെ വശ്യമനോഹരമായ ഈരടികളുടെ പശ്ചാത്തലത്തിൽ ഈ തിരുശേഷിപ്പുകൾ ദർശിക്കുന്നത് എത്രമേൽ ധന്യം.
.

Latest