local body election 2025
റോഡില്ലേ... വോട്ടില്ല
ചോലയിൽ-കാളികുളങ്ങര റോഡിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം വേണം
എടവണ്ണപ്പാറ | പഞ്ചായത്തിലെ ആറാം വാർഡിനെയും 12-ാം വാർഡിനെയും വേർതിരിക്കുന്ന ചോലയിൽ-കാളികുളങ്ങര റോഡിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനൊരുങ്ങി നാട്ടുകാർ. കഴിഞ്ഞ 12 വർഷത്തോളമായി അറ്റകുറ്റപ്പണികൾ ഒന്നും നടത്താത്തതിനാൽ റോഡ് പൂർണമായും തകർന്ന നിലയിലാണ്.
ടാർ ചെയ്തതിന്റെ ലക്ഷണങ്ങൾ പോലും അവശേഷിക്കാത്ത വിധം റോഡ് പൊട്ടിപ്പൊളിഞ്ഞ് വികൃതമായിരിക്കുകയാണ്. ഓട്ടോറിക്ഷകൾ പോലും ഇതുവഴി വരാൻ മടിക്കുന്നത് പ്രദേശവാസികളുടെ പ്രത്യേകിച്ച് രോഗികളുടെയും വിദ്യാർഥികളുടെയും യാത്ര ദുസ്സഹമാക്കുന്നു. റോഡിന്റെ ഉയർന്നതും മറുഭാഗം താഴ്ന്നതുമായ ഘടനയായതിനാൽ ചെറിയ മഴയത്ത് പോലും വെള്ളക്കെട്ട് രൂപപ്പെടുന്നത് പതിവാണ്.
റോഡിലെ വെള്ളക്കെട്ട് കാരണം പ്രദേശത്തെ അഞ്ചോളം വീടുകളിലെ കിണറുകൾ മലിനമായിരിക്കുകയാണ്. അഴുക്കുചാൽ സംവിധാനമില്ലാത്തതിനാൽ മലിനജലം കിണറുകളിലേക്ക് ഇറങ്ങി കുടിക്കാനോ കുളിക്കാനോ കഴിയാത്ത സാഹചര്യമാണ്.
തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി അഴുക്കുചാൽ നിർമിക്കാൻ ശ്രമം നടത്തിയെങ്കിലും അശാസ്ത്രീയമായ നിർമാണം കാരണം അതും ഫലം കണ്ടില്ല. നിർമിച്ച സ്ലാബുകൾ ലോറി കയറി തകരുകയും ചെയ്തു.
റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ആഗസ്റ്റിൽ പഞ്ചായത്തിന് മുന്നിൽ ബഹുജന ധർണ നടത്തുകയും നിവേദനം നൽകുകയും ചെയ്തിരുന്നു. പാർലിമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടൻ ഫണ്ട് അനുവദിച്ച് പണി തുടങ്ങുമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നെങ്കിലും തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങളായിട്ടും നടപടികളൊന്നും ആയിട്ടില്ല.
ഈ സാഹചര്യത്തിൽ റോഡ് ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്നും പ്രദേശവാസികൾ അറിയിച്ചു.



