Kerala
ചുരത്തില്‍ നിന്നു കൊക്കയിലേക്ക് ചാടിയ മയക്കുമരുന്നു കടത്തുകാരനെക്കുറിച്ച് വിവരമില്ല
മലപ്പുറം നന്നമ്പ്ര സ്വദേശി ഷഫീക്കിനെയാണ് കണ്ടെത്താന്‍ കഴിയാത്തത്

കോഴിക്കോട് | താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ മയക്കുമരുന്നു കടത്തുകാരനെ കണ്ടെത്താനായില്ല. വാഹന പരിശോധനയ്ക്കിടെ പോലീസിനെ കണ്ട് കൊക്കയിലേക്ക് ചാടിയ മലപ്പുറം നന്നമ്പ്ര സ്വദേശി ഷഫീക്കിനെയാണ് കണ്ടെത്താന്‍ കഴിയാത്തത്.
ഇയാള്‍ ഉപേക്ഷിച്ച കാറില്‍ നടത്തിയ പരിശോധനയില്‍ പോലീസ് മയക്കുമരുന്ന് കണ്ടെത്തി.
പ്രതിയുടെ ബന്ധുവിന്റെ കാറാണിത്. കാറില്‍ നിന്നു ലഭിച്ച ഫോണില്‍ നിന്നാണ് കൊക്കയിലേക്ക് ചാടിയ ആളെ തിരിച്ചറിഞ്ഞത്. ഇയാള്‍ നേരത്തെ മയക്കുമരുന്നു കേസില്‍ പിടിയിലായിട്ടുണ്ട്.
കാറില്‍ നിന്ന് മൂന്ന് പാക്കറ്റ് എം ഡി എം എ കണ്ടെത്തി. പോലീസും അഗ്‌നിരക്ഷാ സേനയും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് കൊക്കയില്‍ തിരച്ചില്‍ നടത്തി വരികയാണ്. കാറില്‍ മയക്കുമരുന്നു കടത്താന്‍ രഹസ്യ അറകള്‍ ഉണ്ടെന്നാണു സംശയം. കാര്‍ വെട്ടിപ്പൊളിച്ച് പരിശോധിക്കാനാണ് പോലീസ് തീരുമാനം.
ചുരത്തില്‍ പോലീസ് പതിവ് വാഹന പരിശോധന നടത്തുന്നതിനിടെ പോലീസിനെ കണ്ട യുവാവ് വാഹനം നിര്‍ത്തി കൊക്കയിലേക്ക് എടുത്തുചാടുകയായിരുന്നു. ഇയാള്‍ രക്ഷപ്പെട്ടോ എന്നകാര്യം ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.