Kerala
പാളയം മാര്‍ക്കറ്റ് കല്ലുത്താന്‍ കടവിലേക്ക് മാറ്റുന്നതില്‍ പ്രതിഷേധം, പാളയത്ത് വന്‍സംഘര്‍ഷം; സംഭവം മുഖ്യമന്ത്രി ഉദ്ഘാടനത്തിന് എത്താനിരിക്കെ
പാളയം മാര്‍ക്കറ്റിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.

കോഴിക്കോട്|കോഴിക്കോട് പാളയം മാര്‍ക്കറ്റ് കല്ലുത്താന്‍ കടവിലേക്ക് മാറ്റുന്നതില്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തിലായി. പാളയത്ത് വ്യാപാരികളും തൊഴിലാളികളും നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കല്ലുത്താന്‍ കടവിലെ പുതിയ മാര്‍ക്കറ്റ് കെട്ടിടം മുഖ്യമന്ത്രി അല്‍പ സമയത്തിനകം ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് പ്രതിഷേധം.
പാളയം മാര്‍ക്കറ്റിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ഒരു വിഭാഗം വ്യാപാരികള്‍ മാര്‍ക്കറ്റ് മാറ്റുന്നതിനെതിരെ പ്രതിഷേധിച്ചിരുന്നു. ഇതിനിടെ കല്ലുത്താന്‍ കടവിലേക്ക് മാറ്റുന്നതിനെ അനുകൂലിക്കുന്നവര്‍ പ്രകടനമായി എത്തി. ഇവരെ പ്രതിഷേധക്കാര്‍ കൂകി വിളിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. തുടര്‍ന്ന് പോലീസുമായി ഇരുവിഭാഗവും ഉന്തും തള്ളുമുണ്ടായി. അതേസമയം, സമരവുമായി മുന്നോട്ട് പോകുമെന്ന ഉറച്ച തീരുമാനത്തിലാണ് പ്രതിഷേധക്കാര്‍.