Uae
അൽ ഐൻ സഖർ ഇന്റർചേഞ്ച് തുറന്നു
പദ്ധതി 185 ദശലക്ഷം ദിർഹം ചെലവിൽ

അൽ ഐൻ| അൽ ഐനിലെ സഖർ ഇന്റർചേഞ്ച് അടിസ്ഥാന സൗകര്യങ്ങൾ നവീകരിച്ച് തുറന്നു. മുനിസിപ്പാലിറ്റികളുടെയും ഗതാഗത വകുപ്പാണ് (ഡി എം ടി) പദ്ധതി നടപ്പാക്കിയത്. നഗരത്തിലെ ഗതാഗത കാര്യക്ഷമത വർധിപ്പിക്കുന്നതിന്റെ ഭാഗമാണിത്. 185 ദശലക്ഷം ദിർഹം ചെലവിൽ പൂർത്തിയാക്കിയ ഈ പദ്ധതി പൂർത്തിയാക്കാൻ 22 മാസമെടുത്തു. അൽ ഐനിന്റെ വടക്കും തെക്കും ബന്ധിപ്പിക്കുന്ന പ്രധാന പാതയായ ഹസ്സ ബിൻ സുൽത്താൻ സ്ട്രീറ്റിന് കീഴിൽ ഓരോ ദിശയിലും മൂന്ന് വരികളുള്ള 900 മീറ്റർ തുരങ്കവും നിർമിച്ചു.
കിഴക്ക് ഫലാജ് ഹസ്സ പ്രദേശത്തെയും പടിഞ്ഞാറ് സഖർ പ്രദേശത്തെയും ബന്ധിപ്പിക്കുന്ന ഈ ഇന്റർസെക്ഷൻ, സഖർ, ശാബ് അൽ അശ്്കർ, നാമ, ഐൻ അൽ ഫായിദ, ഷുബത്ത് അൽ വത്ത എന്നീ പ്രദേശങ്ങൾക്കും വടക്കൻ പ്രദേശങ്ങൾക്കും ഇടയിലുള്ള യാത്രാ സമയം കുറയ്ക്കുന്നതിന്, പ്രത്യേകിച്ച് സ്വകാര്യ സ്‌കൂൾ പ്രദേശങ്ങൾക്കിടയിലുള്ള യാത്രാ കുരുക്ക് കുറക്കുന്നതിന് സഹായിക്കും.
നിലവിലുള്ള റൗണ്ട്എബൗട്ടിനെ ട്രാഫിക് ലൈറ്റുകൾ ഘടിപ്പിച്ച നാല് വശങ്ങളിലേക്കുള്ള കവലയാക്കി മാറ്റുക, യാത്രാ സമയം കുറക്കുക, ഗതാഗത സുരക്ഷ വർധിപ്പിക്കുക എന്നിവ പദ്ധതിയുടെ ലക്ഷ്യമാണെന്ന് അൽ ഐൻ മുനിസിപ്പാലിറ്റിയിലെ ഇൻഫ്രാസ്ട്രക്ചർ സെക്ടർ എക്‌സിക്യൂട്ടീവ് ഡയറക്ടർ അബ്ദുല്ല ഹംദാൻ അൽ അമീരി പറഞ്ഞു.