Kerala
നല്ലത് അംഗീകരിക്കാന്‍ ചിലര്‍ക്ക് പ്രയാസം; പാളയം മാര്‍ക്കറ്റ് കല്ലുത്താന്‍ കടവിലേക്ക് മാറ്റി; മുഖ്യമന്ത്രിയുടെ ഉദ്ഘാടനത്തിന് മുമ്പ് പാളയത്ത് വന്‍ പ്രതിഷേധം
കല്ലുത്താന്‍ കടവിലെ പുതിയ മാര്‍ക്കറ്റ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

കോഴിക്കോട്| നല്ലത് അംഗീകരിക്കാന്‍ ചിലര്‍ക്ക് പ്രയാസമുണ്ടെന്നും അതാണ് ഇപ്പോള്‍ ഇവിടെ കാണുന്നതെന്നും അതൊന്നും അംഗീകരിക്കേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് കല്ലുത്താന്‍ കടവിലെ പുതിയ മാര്‍ക്കറ്റ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുപാട് നാടകങ്ങള്‍ കാണേണ്ട സാഹചര്യമാണുള്ളത്. നല്ല കാര്യങ്ങള്‍ നടന്നാല്‍ അത് നല്ലതാണെന്ന് അംഗീകരിച്ചാല്‍ പ്രയാസമാണെന്ന് ചിന്തിക്കുന്ന തരത്തിലേക്ക് ചിലര്‍ മാറുകയാണ്. നല്ലകാര്യത്തിന് എല്ലാവരും ഒത്തുചേരുക എന്നതാണ് പ്രധാനം. നമ്മളില്ലെന്ന് ഒരു കൂട്ടര്‍ മുന്‍കൂട്ടി പറയുകയാണ്.
ഇപ്പോ എല്ലാവര്‍ക്കും കാര്യങ്ങള്‍ മനസിലായി തുടങ്ങി. എന്തിനാണ് നാടിന്റെ നല്ല കാര്യത്തെ അംഗീകരിക്കാതെ തള്ളിപ്പറയാന്‍ തയ്യാറാവുന്നത്? എന്താണ് അതിന് പിന്നിലുള്ള ചേതോവികാരം? മുഖ്യമന്ത്രി ചോദിച്ചു. മത്സരം തെരഞ്ഞെടുപ്പില്‍ മാത്രമാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വികസനത്തെ പിന്തുണക്കണം. പ്രതിപക്ഷം ഉദ്ഘാടന പരിപാടിയില്‍ നിന്നും വിട്ട് നില്‍ക്കുന്നു. കോണ്‍ഗ്രസ് -ലീഗ് അംഗങ്ങള്‍, സ്ഥലം എംപിയും പരിപാടിയില്‍ ഇല്ല. എല്ലാകാര്യത്തെയും എതിര്‍ക്കുന്നത് ആണോ പ്രതിപക്ഷം?. നല്ല കാര്യങ്ങള്‍ക്ക് പിന്തുണ നല്‍കണം. കണ്‍മുന്നിലുള്ള നേട്ടങ്ങള്‍ പ്രതിപക്ഷം കണ്ടില്ലെന്ന് നടിക്കുകയാണ്. പ്രതിപക്ഷം തിരുത്തുമെന്ന് കരുതുന്നില്ല. ഈ പദ്ധതി സംസ്ഥാനത്തിന് മാതൃകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കോഴിക്കോട് പാളയം മാര്‍ക്കറ്റാണ് കല്ലുത്താന്‍ കടവിലേക്ക് മാറ്റുന്നത്. ഒരു വിഭാഗം വ്യാപാരികള്‍ മാര്‍ക്കറ്റ് മാറ്റുന്നതിനെതിരെ പ്രതിഷേധവുമായി ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് രംഗത്തെത്തിയിരുന്നു. പാളയം മാര്‍ക്കറ്റ് മാറ്റുന്നതിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ സംഘര്‍ഷവുമുണ്ടായിരുന്നു. പ്രതിഷേധങ്ങള്‍ക്കിടെയാണ് മുഖ്യമന്ത്രി പുതിയ മാര്‍ക്കറ്റ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. പ്രതിഷേധം നടത്തുന്ന കച്ചവടക്കാരും തൊഴിലാളികളുമായും വീണ്ടും ചര്‍ച്ച നടത്തുമെന്ന് ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ് പറഞ്ഞു.