Kerala
കുഞ്ഞുമുഹമ്മദിനെതിരായ പരാതി രണ്ടാഴ്ച കയ്യില്‍ വെച്ചിട്ടാണ് ഈ വീമ്പു പറച്ചില്‍; സ്ത്രീലമ്പടന്മാരെ സംരക്ഷിച്ചത് മുഖ്യമന്ത്രി; രമേശ് ചെന്നിത്തല
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളെ സ്ത്രീലമ്പടന്മാരെന്ന് ആരോപിച്ച് കടന്നാക്രമിച്ച മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി രമേശ് ചെന്നിത്തല.
തിരുവനന്തപുരം|രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളെ സ്ത്രീലമ്പടന്മാരെന്ന് ആരോപിച്ച് കടന്നാക്രമിച്ച മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംവിധായകന്‍ പിടി കുഞ്ഞുമുഹമ്മദിനെതിരായ പരാതി രണ്ടാഴ്ച കയ്യില്‍ വെച്ചിട്ടാണ് മുഖ്യമന്ത്രി ഈ വീമ്പു പറയുന്നത്. തങ്ങളെ കൊണ്ട് കൂടുതല്‍ പറയിപ്പിക്കരുതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കുഞ്ഞുമുഹമ്മദിനെതിരെ ഒരു നടി പരാതി കൊടുത്തിട്ട് രണ്ടാഴ്ചയായിട്ടും കൈയില്‍ വെച്ചോണ്ടിരുന്ന മുഖ്യമന്ത്രി ആണ് ഇപ്പോള്‍ ഈ വീമ്പു പറയുന്നത്. കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങിച്ചിരിക്കുന്ന ആളെ പാര്‍ലമെന്റ് സ്ഥാനാര്‍ഥിയാക്കി. കേരളത്തില്‍ സ്ത്രീപീഡനം ഉണ്ടാകുമ്പോള്‍ പാര്‍ട്ടി കോടതിയില്‍ വെച്ച് വിചാരണ നടത്തുന്ന മുഖ്യമന്ത്രിയാണ് ഇത്തരത്തില്‍ വര്‍ത്തമാനം പറഞ്ഞു കൊണ്ടിരിക്കുന്നത്. രാഹുല്‍ വിഷത്തില്‍ ഞങ്ങള്‍ മാതൃകാപരമായി നടപടി എടുത്തു. സിപിഎം എന്തു നടപടിയെടുത്തു? സ്ത്രീലമ്പടന്മാരെ മുഴുവന്‍ സംരക്ഷിക്കുകയും അവര്‍ക്ക് പദവികള്‍ വാരിക്കോരി കൊടുക്കുകയും ചെയ്ത മുഖ്യമന്ത്രിയാണ് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത്.
രാഹുലിനെതിരെയുള്ള രണ്ടാം പരാതി രാഷ്ട്രീയപ്രേരിതമാണോയെന്ന് കോടതി പരിശോധിക്കട്ടെ. സ്ത്രീപീഡനം നടത്തിയവരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. ഞങ്ങളുടെ പാര്‍ട്ടിയില്‍ ഇല്ലാത്ത ആളിനെ കുറിച്ച് ഇനിയും എന്താണ് പറയണ്ടേത്? ഇനിയും പരാതി വരാനുണ്ടെന്നു മുഖ്യമന്ത്രി പറയുന്നത് സ്വന്തം പാര്‍ട്ടിക്കാരെ കുറിച്ചാണോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.



