Kerala
'സ്ത്രീലമ്പടന്മാര്‍' എന്താണ് കാട്ടിക്കൂട്ടുന്നത്, ലൈംഗിക വൈകൃത കുറ്റവാളികളെ 'വെല്‍ ഡ്രാഫ്റ്റഡ്' എന്ന് പറഞ്ഞ് ന്യായീകരിച്ചാല്‍ പൊതുസമൂഹം അംഗീകരിക്കില്ല; മുഖ്യമന്ത്രി
രാഹുലിനെതിരായ രണ്ടാമത്തെ പരാതി കെപിസിസിയല്ലേ പോലീസിന് കൈമാറിയതെന്ന് മുഖ്യമന്ത്രി ചോദിച്ചു
കണ്ണൂര്‍| തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പൂര്‍ണ ആത്മവിശ്വാസത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം എല്‍ഡിഎഫിന് മികച്ച ജനപിന്തുണയാണ് ലഭിച്ചത്. ഈ പിന്തുണ എല്‍ഡിഎഫിന് ചരിത്ര വിജയം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ പിണറായി പഞ്ചായത്തിലെ കാട്ടിലെപീടിക ചേരിക്കല്‍ ജൂനിയര്‍ ബേസിക് സ്‌കൂളില്‍ കുടുംബസമേതം എത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ വോട്ട് രേഖപ്പെടുത്തി.
ശബരിമല സ്വര്‍ണക്കൊള്ള തെരഞ്ഞെടുപ്പില്‍ ഏശില്ല. ശബരിമലയുടെ കാര്യത്തില്‍ നടക്കാന്‍ പാടില്ലാത്തത് നടന്നുവെന്നത് വസ്തുതയാണ്. അതില്‍ കര്‍ശന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഈ സര്‍ക്കാര്‍ അല്ലായിരുന്നെങ്കില്‍ ഇത്തരമൊരു നടപടിയുണ്ടാകില്ലെന്ന് വിശ്വാസികള്‍ക്കടക്കം വ്യക്തമായി. എന്നാല്‍, വിഷയം യുഡിഎഫും ബിജെപിയും സര്‍ക്കാരിനെതിരായ ആയുധമാക്കുകയാണ്.
രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. രാഹുലിനെതിരായ രണ്ടാമത്തെ പരാതി കെപിസിസിയല്ലേ പോലീസിന് കൈമാറിയതെന്ന് മുഖ്യമന്ത്രി ചോദിച്ചു. വിഷയത്തില്‍ കോണ്‍ഗ്രസിലെ ‘സ്ത്രീലമ്പടന്മാര്‍’ എന്താണ് കാട്ടിക്കൂട്ടുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇരയായവര്‍ പ്രകടിപ്പിച്ച ആശങ്കകള്‍ നോക്കിയാല്‍ മനസിലാകും. എന്തുകൊണ്ടാണ് അവര്‍ പരാതിയുമായി മുന്നോട്ടുവരാത്തതെന്ന്. അക്കാര്യം ഗൗരവമായി പരിശോധിക്കണം. നിങ്ങളെ കൊന്ന് തള്ളും എന്നാണ് ഭീഷണി. നിസഹായവരായവര്‍ പുറത്തു പറയാന്‍ ഭയപ്പെടുകയാണ്. ജീവന്‍ അപകടത്തിലാകുമെന്ന് അവര്‍ ഭയപ്പെടുകയാണ്. വന്നതിനേക്കാള്‍ അപ്പുറമുള്ള കാര്യങ്ങളും ചിലപ്പോള്‍ പുറത്തുവന്നേക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലൈംഗിക വൈകൃത കുറ്റവാളികളെ ‘വെല്‍ ഡ്രാഫ്റ്റഡ്’ എന്ന് പറഞ്ഞ് ന്യായീകരിക്കാന്‍ വന്നാല്‍ പൊതുസമൂഹം അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നടിയെ ആക്രമിച്ച കേസില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞത് യുഡിഎഫിന്റെ നിലപാടായിട്ടേ കാണാനാകു. അതിജീവിതയ്‌ക്കൊപ്പമാണ് നാടും സര്‍ക്കാരുമുള്ളത്. അത് തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.



