Connect with us

Kerala

നടിയെ ആക്രമിച്ച കേസ്: കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെ ശിക്ഷാവിധി നാളെ

പ്രതികള്‍ക്ക് പരമാവധി ശിക്ഷയായ ജീവപര്യന്തം തടവ് നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെടും.

Published

|

Last Updated

കൊച്ചി| നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെ ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷാവിധി പുറപ്പെടുവിക്കുക. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി. മണികണ്ഠന്‍, നാലാം പ്രതി വി പി വിജീഷ്, അഞ്ചാം പ്രതി എച്ച് സലീം, ആറാം പ്രതി പ്രദീപ് എന്നിവരാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് വിധി പ്രസ്താവിച്ചത്. പ്രതികള്‍ക്ക് പരമാവധി ശിക്ഷയായ ജീവപര്യന്തം തടവ് നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെടും.

പ്രതികള്‍ക്കെതിരെ ചുമത്തിയ കൂട്ടബലാത്‌സംഗം, തട്ടിക്കൊണ്ടുപോകല്‍, തടഞ്ഞുവെക്കല്‍, തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കല്‍, അശ്ലീല ചിത്രമെടുക്കല്‍, പ്രചരിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങളാണ് തെളിഞ്ഞതെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍, കേസില്‍ ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു.

2017 ഫെബ്രുവരി 17ന് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ഓടുന്ന വാഹനത്തില്‍ വച്ചാണ് നടി ആക്രമിക്കപ്പെട്ടത്. 2018 മാര്‍ച്ച് 8ന് ആരംഭിച്ച വിചാരണ നീണ്ട എട്ട് വര്‍ഷമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നടന്നത്. കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ആറ് പ്രതികളുടെയും ജാമ്യം റദ്ദാക്കി. ഇവരെ നിലവില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.

 

 

 

Latest