Kerala
തദ്ദേശ തെരഞ്ഞെടുപ്പ്; രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളിലാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ്.
തിരുവനന്തപുരം| തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴിനാണ് വോട്ടെടുപ്പ് തുടങ്ങിയത്. വൈകുന്നേരം ആറുമണി വരെയാണ് വോട്ടെടുപ്പ്. വോട്ടെടുപ്പ് തുടങ്ങുന്നതിന് മുൻപ് തന്നെ പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട വരി പ്രത്യക്ഷപ്പെട്ടു.
വടക്കൻ കേരളത്തിലെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്. 470 ഗ്രാമപ്പഞ്ചായത്ത്, 77 ബ്ലോക്ക് പഞ്ചായത്ത്, ഏഴ് ജില്ലാ പഞ്ചായത്ത്, 47 മുനിസിപ്പാലിറ്റി, 3 കോർപറേഷൻ എന്നിവിടങ്ങളിലായി 12,391 വാർഡുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ആകെ 1. 53 കോടി വോട്ടർമാരാണ് പട്ടികയിലുള്ളത്. ഇതിൽ 72. 46 ലക്ഷം പുരുഷന്മാരും 80. 90 ലക്ഷം സ്ത്രീകളും 161 ട്രാൻസ്ജെൻഡറും ഉൾപ്പെടുന്നു. 38,994 സ്ഥാനാർത്ഥികളാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന്‍റെ മത്സരരംഗത്തുള്ളത്. കഴിഞ്ഞ ദിവസം വോട്ടിങ് യന്ത്രം തകരാറിലായ ആലപ്പുഴ മണ്ണഞ്ചേരി ഹൈസ്കൂൾ ബൂത്തിലെ റീപോളിങ്ങും ഇന്നാണ്. എല്ലായിടത്തും മറ്റന്നാളാണ് വോട്ടെണ്ണൽ.
രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ ആകെ 18274 പോളിങ് സ്റ്റേഷനുകളാണുളളത്. ഇതില്‍ 2055 എണ്ണം പ്രശ്‌നബാധിത ബൂത്തുകളായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തൃശൂർ- 81, പാലക്കാട്-180, മലപ്പുറം- 295, കോഴിക്കോ ട്- 166, വയനാട്- 189, കണ്ണൂർ-1,025, കാസർകോട്- 119 എന്നിങ്ങനെയാണ് പ്രശ്നബാധിത ബൂത്തുകളുള്ളത്.
കണ്ണൂർ ജില്ലയിലെ ആന്തൂർ മുനിസിപാലിറ്റിയിലെ മൊറാഴ, കൊടല്ലൂർ, തളിയിൽ, പൊടിക്കുണ്ട്, അഞ്ചാംപീടിക എന്നീ വാർഡുകളിലും കാസർകോട് ജില്ലയിലെ മംഗൽ പാടി, മടിക്കൈ ഗ്രാമപഞ്ചായത്തുകളിൽ ഓരോ വാർഡുകളിലും കണ്ണൂർ ജില്ലയിലെ കണ്ണപുരം ഗ്രാമപഞ്ചായത്തി ലെ ആറ് വാർഡിലും മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ മൂന്ന് വാർഡിലും സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മലപ്പുറം ജില്ലയിലെ മുത്തേടം പഞ്ചായത്ത് പായിമ്പാടം ഏഴാം വാർഡിൽ സ്ഥാനാർഥി മരിച്ചതിനെ തുടർന്ന് ഇവിടെയും വോട്ടെടുപ്പ് ഉണ്ടാകില്ല. എന്നാൽ, അതത് പോളിംഗ് ബൂത്തുകളിൽ ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് നടക്കും.



