Uae
അബുദാബി ഇന്ത്യന്‍ സ്‌കൂളിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി
യുഎഇ സഹിഷ്ണുതാ സഹവര്‍ത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ ഗോള്‍ഡന്‍ ജൂബിലി ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു
അബുദാബി | പ്രവാസ ലോകത്തെ വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയുടെ വിലാസമായ അബുദാബി ഇന്ത്യന്‍ സ്‌കൂളിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് വര്‍ണാഭമായ തുടക്കം. ചെയര്‍മാന്‍ എം.എ യൂസഫലിയുടെ സാന്നിദ്ധ്യത്തില്‍ യുഎഇ സഹിഷ്ണുതാ സഹവര്‍ത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ക്യാംപസില്‍ നടന്ന ചടങ്ങില്‍ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ ആശംസകള്‍ നേര്‍ന്നു.
സുസ്ഥിരമായ ഭാവിയുടെ അടിസ്ഥാനം തന്നെ വിദ്യാഭ്യാസത്തിലാണെന്നും, ഏറ്റവും മികച്ച പ്രവര്‍ത്തനമാണ് അബുദാബി ഇന്ത്യന്‍ സ്‌കൂള്‍ നടത്തുന്നതെന്നും ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ പറഞ്ഞു. യുഎഇയും ഇന്ത്യയും തമ്മിലുള്ള മികച്ച ആത്മബന്ധത്തിന്റെ പ്രതീകമാണ് അബുദാബി ഇന്ത്യന്‍ സ്‌കൂളെന്നും, വിദ്യാഭ്യാസ മേഖലയ്ക്ക് ഏറ്റവും മികച്ച പിന്തുണയാണ് യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ നല്‍കുന്നതെന്നും അദേഹം വ്യക്തമാക്കി. എം.എ യൂസഫലിയുടെ നേതൃത്വത്തിലുള്ള ബോര്‍ഡ് അംഗങ്ങള്‍ മാതൃകാപരമായാണ് സ്‌കൂള്‍ മുന്നോട്ട് നയിക്കുന്നതെന്നും പ്രശംസനീയമെന്നും ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ കൂട്ടിചേര്‍ത്തു.
ഇന്ത്യയും യുഎഇയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റെയും സൗഹൃദത്തിന്റെയും പ്രതിഫലനമാണ് അബുദാബി ഇന്ത്യന്‍ സ്‌കൂള്‍ എന്ന് എം എ യൂസഫലി വ്യക്തമാക്കി. ലക്ഷകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് അറിവിന്റെ വെളിച്ചമേകാന്‍ അവസരമേകി സ്‌കൂളിന് ഭൂമി അനുവദിച്ച യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ വലിയ മനസിനെ എക്കാലത്തും നന്ദിയോടെ പ്രവാസി സമൂഹം ഓര്‍മ്മിക്കുന്നുവെന്നും അദേഹം പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, സാമൂഹിക രംഗത്തെ പ്രമുഖര്‍ ഉള്‍പ്പടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ ഡോ ബാലാജി രാമസ്വാമി, ഐഐടി ഡല്‍ഹി-അബുദാബി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫസര്‍ ശാന്തനു റോയ്, സിബിഎസ്ഇ ദുബായ് ഡയറക്ടര്‍ ഡോ രാം ശങ്കര്‍, ജഷന്‍മാല്‍ ഗ്രൂപ്പ് സ്ഥാപക ചെയര്‍മാന്‍ മോഹന്‍ ജഷന്‍മാല്‍, ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്ങ്‌സ് എംഡി അദീബ് അഹമ്മദ്, ലുലു സിഇഒ സെയ്ഫി രൂപാവാല, പൂര്‍വ്വ വിദ്യാര്‍ത്ഥിയും പ്രശസ്ത ബോളിവുഡ് പിന്നണി ഗായകനുമായ ബെന്നി ദയാല്‍, സ്‌കൂള്‍ വൈസ് ചെയര്‍മാന്‍ ശരദ് ഭണ്ഡാരി, എഡ്യൂക്കേഷന്‍ ഹെഡ് ഷബീര്‍ എം.എം., പ്രിന്‍സിപ്പല്‍ ഋഷി പടേഗാവ്കര്‍ തുടങ്ങിയവരും ഭാഗമായി.




