National
ലഡാക്കില്‍ ഇന്ത്യന്‍ ഭൂമി ചൈന കയ്യേറിയെന്ന് രാഹുല്‍ ഗാന്ധി; ലോക്സഭയില്‍ ഭരണ പ്രതിപക്ഷ തര്‍ക്കം
പുറത്തിറങ്ങാത്ത പുസ്തകത്തിലെ കാര്യങ്ങള്‍ സഭയില്‍ ഉന്നയിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്
ന്യൂഡല്‍ഹി | ലഡാക്കില്‍ ഇന്ത്യന്‍ ഭൂമി ചൈന കയ്യേറിയെന്ന് ലോക്സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മുന്‍ കരസേനാ മേധാവി ജനറല്‍ എം എം നരവനെയുടെ പുറത്തിറങ്ങാത്ത പുസ്തകത്തെ ഉദ്ധരിച്ചാണ് രാഹുല്‍ ഗാന്ധി സഭയില്‍ ഉന്നയിച്ചത്. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തോടെ ലോക്സഭയില്‍ ഭരണ പ്രതിപക്ഷ തര്‍ക്കം രൂക്ഷമായി. ഇതോടെ സഭ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു
പുറത്തിറങ്ങാത്ത പുസ്തകത്തിലെ കാര്യങ്ങള്‍ സഭയില്‍ ഉന്നയിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ചൂണ്ടിക്കാട്ടി. എന്നാല്‍ താന്‍ ഒരു മാഗസിനില്‍ വന്ന റിപ്പോര്‍ട്ടാണ് വായിക്കുന്നതെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. പുറത്തിറങ്ങാത്ത പുസ്തകം വായിക്കാനാകില്ലെന്ന് സ്പീക്കര്‍ ഓം ബിര്‍ല സൂചിപ്പിച്ചു. സഭാചട്ടം പാലിക്കണമെന്നും സ്പീക്കര്‍ നിര്‍ദേശിച്ചു.എന്നാല്‍ രാഹുല്‍ പ്രസംഗം തുടരാന്‍ ശ്രമിച്ചതോടെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും രാഹുല്‍ ഗാന്ധിയുമായി തര്‍ക്കമായി.
പുസ്തകം പ്രസിദ്ധീകരിച്ചോ എന്ന് രാഹുല്‍ വ്യക്തമാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചോദിച്ചു. ജനറല്‍ നരവനെയെ പുസ്തകം ഇറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചില്ലെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ബിജെപി എംപി തേജസ്വി സൂര്യ കോണ്‍ഗ്രസിന്റെ രാജ്യസ്നേഹത്തെയും സംസ്‌കാരത്തെയും ചോദ്യം ചെയ്തതോടെ തര്‍ക്കം രൂക്ഷമായി. ചൈനയുമായി ബന്ധപ്പെട്ട വിഷയം വളരെ ഗൗരവമേറിയതാണെന്നും, ലോക്‌സഭ പ്രതിപക്ഷ നേതാവിനെ സംസാരിക്കാന്‍ അനുവദിക്കമെന്നും സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധിയുടെ മൈക്ക് പലതവണ ഓഫാക്കിയത് സഭയില്‍ വന്‍ പ്രതിഷേധത്തിന് കാരണമായി.




