Connect with us

Uae

"ജബ്ർ' സംവിധാനത്തിൽ പ്രവാസികൾ ഉൾപ്പെടെയുള്ള എല്ലാ കുടുംബങ്ങൾക്കും പിന്തുണ ഉറപ്പാക്കും

ദുബൈ ആരോഗ്യ അതോറിറ്റി ഐ ടി വകുപ്പ് ഡയറക്ടറും "ജബ്ർ' (Jabr) സംവിധാനത്തിന്റെ ഔദ്യോഗിക വക്താവുമായ മാജിദ് അൽ മുഹൈരിയുമായി നടത്തിയ അഭിമുഖം.

Published

|

Last Updated

രണാനന്തര സേവനങ്ങളും നടപടിക്രമങ്ങളും ലളിതമാക്കുന്നതിനായി ദുബൈ ഹെൽത്ത് അതോറിറ്റി ഏകീകൃത സംവിധാനമായ ജബ്്ർ കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. മരണം രജിസ്റ്റർ ചെയ്താലുടൻ കുടുംബങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ വേഗത്തിലാക്കാനാണ് ഇത് ആവിഷ്‌കരിച്ചിരിക്കുന്നത്. മാജിദ് അൽ മുഹൈരി സംസാരിക്കുന്നു:

എന്താണ് “ജബ്ർ’ ചട്ടക്കൂട്, ദുബൈയിൽ ഇത് അവതരിപ്പിക്കാനുള്ള കാരണം?

പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെടുന്ന സമയത്ത് കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനായി ദുബൈ സർക്കാർ അവതരിപ്പിച്ച പുതിയ ചട്ടക്കൂടാണ് ജബ്ർ. കുടുംബങ്ങൾ ഏറ്റവും ദുർബലരായിരിക്കുന്ന ഈ സമയത്ത് അവർ അഭിമുഖീകരിക്കുന്ന വൈകാരികവും പ്രായോഗികവും ഭരണപരവുമായ വെല്ലുവിളികൾ ലഘൂകരിക്കുന്നതിനാണ് ഇത് തയ്യാറാക്കിയത്. മരണം രജിസ്റ്റർ ചെയ്യുന്ന നിമിഷം മുതൽ കുടുംബങ്ങൾക്ക് പിന്തുണ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളെയും ഒരു ഏകീകൃത, സജീവ മാതൃകയിൽ ഈ ചട്ടക്കൂട് ഒരുമിപ്പിക്കുന്നു. ഒരു പ്രത്യേക സർക്കാർ സേവന ഉദ്യോഗസ്ഥൻ കുടുംബത്തിന് വേണ്ടി എല്ലാ നടപടിക്രമങ്ങളും കൈകാര്യം ചെയ്യുകയും വ്യക്തത, അനുകമ്പ, തടസ്സമില്ലാത്ത ഏകോപനം എന്നിവ ഉറപ്പാക്കുകയും ചെയ്യും.

ഒരു മരണം റിപ്പോർട്ട് ചെയ്യുമ്പോൾ “ജബ്ർ’ ചട്ടക്കൂട് എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

ആശുപത്രി സംവിധാനത്തിൽ മരണം രജിസ്റ്റർ ചെയ്താൽ ഉടൻ തന്നെ “ജബ്ർ’ സജീവമാകും. ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി ബന്ധപ്പെട്ട എല്ലാ സർക്കാർ സ്ഥാപനങ്ങളിലേക്കും ഒരേസമയം ഓട്ടോമേറ്റഡ് അറിയിപ്പുകൾ അയക്കുകയും ആവശ്യമായ നടപടികൾ മുൻകൂട്ടി എടുക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യും. തുടർന്ന്, ഒരു പ്രത്യേക സർക്കാർ സേവന ഉദ്യോഗസ്ഥൻ കുടുംബവുമായി ബന്ധപ്പെടുകയും അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കി എല്ലാ നടപടിക്രമങ്ങളും വ്യക്തമായി വിശദീകരിക്കുകയും ആവശ്യമായ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുകയും ചെയ്യും. ഈ ഏകീകൃത പ്രക്രിയ, കുടുംബങ്ങൾക്ക് വിവിധ ഓഫീസുകളെ സമീപിക്കേണ്ടി വരാതെ വേഗത്തിലുള്ളതും കൃത്യമായതുമായ പിന്തുണ നൽകും.

പ്രവാസികളുടെ ഒരു വലിയ സമൂഹമുള്ള സ്ഥലമാണ് ദുബൈ. ഇതിലൂടെ എങ്ങനെയാണ് താമസക്കാർക്കും സന്ദർശകർക്കും സേവനം നൽകുന്നത്?

ദുബൈയിലെ ഓരോ ദുരിതത്തിലായവർക്കും (താമസക്കാർ, ഇമാറാത്തി പൗരന്മാർ, സന്ദർശകർ) “ജബ്ർ’ വഴി സേവനം നൽകും. താമസക്കാരെ സംബന്ധിച്ചിടത്തോളം, ദുബൈയിൽ അന്തിമ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലോ, അല്ലെങ്കിൽ മൃതദേഹം അവരുടെ മാതൃരാജ്യത്തേക്ക് കൊണ്ടുപോകാൻ തീരുമാനിക്കുന്നുണ്ടെങ്കിലോ പൂർണ പിന്തുണ ഉണ്ടാവും. സർക്കാർ സേവന ഉദ്യോഗസ്ഥൻ ആവശ്യമായ എല്ലാ ഏകോപനങ്ങളും രേഖകളും അംഗീകാരങ്ങളും കൈകാര്യം ചെയ്യുകയും നടപടികൾ വേഗത്തിലും മാന്യമായും പൂർത്തിയാക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യും.

നിരവധി സർക്കാർ സ്ഥാപനങ്ങളുടെ ഏകോപനം ഉൾപ്പെടുന്ന ഒരു വിഷയമാണല്ലോ ഇത്. എങ്ങനെയാണ് ജബ്ർ വികസിപ്പിച്ചത്?

ദുബൈ ആരോഗ്യ അതോറിറ്റിയുടെ നേതൃത്വത്തിൽ 22 സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെ വിപുലമായ സഹകരണത്തിന്റെ ഫലമാണ് “ജബ്ർ’. സിറ്റി മേക്കേഴ്‌സ് സംരംഭത്തിന് കീഴിലാണ് ഈ സംവിധാനം രൂപപ്പെടുത്തിയത്. നടപടിക്രമങ്ങൾ പുനർരൂപകൽപ്പന ചെയ്യാനും ആവർത്തനം ഒഴിവാക്കാനും രേഖകൾ ലളിതമാക്കാനും കുടുംബങ്ങൾക്ക് പിന്തുണ വേഗത്തിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും ഓരോ സ്ഥാപനവും അവരുടെ വൈദഗ്ദ്ധ്യവും അറിവും പങ്കുവെച്ചു. ലോകോത്തര നിലവാരവും സ്മാർട്ട് സൊല്യൂഷനുകളും ഉപയോഗിച്ച് ആണ് ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമും സജീവമായ മാതൃകയും വികസിപ്പിച്ചെടുത്തത്.

“ജബ്ർ’ കുടുംബങ്ങൾക്ക് നൽകുന്ന പ്രായോഗിക സേവനങ്ങൾ എന്തൊക്കെയാണ്?

സംയോജിത സേവനങ്ങളാണ് നൽകുക. സർക്കാർ സേവന ഉദ്യോഗസ്ഥൻ ഇവ കൈകാര്യം ചെയ്യും. ഡിജിറ്റൽ മരണ സർട്ടിഫിക്കറ്റ് മുൻകൂട്ടി നൽകുകയും വിതരണം ചെയ്യുകയും ചെയ്യും, നടപടിക്രമങ്ങളെക്കുറിച്ചുള്ള മാർഗനിർദേശങ്ങൾ, രേഖകൾ സംബന്ധിച്ച പിന്തുണ, ഏകീകൃത ചാനൽ വഴിയുള്ള ഇലക്ട്രോണിക് പേയ്‌മെന്റ‌്, യാത്രയിലുടനീളം വ്യക്തമായ ആശയവിനിമയം എന്നിവ ഇതിന്റെ പ്രത്യേകതയാണ്.

ദുബൈയിൽ അന്തിമകർമങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന കുടുംബങ്ങൾക്കായി ആവശ്യമായ എല്ലാ ക്രമീകരണങ്ങളും സുഗമമാക്കും. മാതൃരാജ്യത്തേക്ക് കൊണ്ടുപോകാൻ തിരഞ്ഞെടുക്കുന്നവർക്ക്, കാലതാമസം കൂടാതെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ബന്ധപ്പെട്ട അധികാരികളുമായി വേഗത്തിൽ ഏകോപനം ഉറപ്പാക്കും.

നടപടിക്രമങ്ങളുടെ നടത്തിപ്പിനപ്പുറം  കുടുംബങ്ങൾക്ക് നൽകുന്ന മറ്റ് പിന്തുണ എന്തൊക്കെയാണ്?

വൈകാരികവും സാമൂഹികവുമായ പിന്തുണ ഉറപ്പാക്കാനും കൂടിയാണ് ജബ്ർ ചട്ടക്കൂട് രൂപപ്പെടുത്തിയത്. മാതാപിതാക്കളെ നഷ്ടപ്പെടുന്ന കുട്ടികളെ സഹായിക്കുന്നതിന് പരിശീലനം ലഭിച്ച സ്‌കൂൾ കൗൺസിലർമാർ ഉൾപ്പെടെയുള്ളവരുടെ, ഓരോ കുടുംബത്തിന്റെയും ആവശ്യങ്ങൾക്കനുസരിച്ച് രൂപപ്പെടുത്തിയ സാമൂഹിക പിന്തുണാ സേവനങ്ങൾ, കുടുംബങ്ങൾക്ക് ആശയക്കുഴപ്പമോ ഭാരമോ തോന്നുന്നില്ലെന്ന് ഉറപ്പാക്കുന്ന വ്യക്തമായ ആശയവിനിമയവും മാർഗനിർദേശങ്ങളും സർട്ടിഫിക്കറ്റുകളും അപ്‌ഡേറ്റുകളും തുടങ്ങിയ സ്വയമേവ നൽകുകയും എല്ലാ ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി അവ പങ്കുവെക്കലും  ഇതിന്റെ ഭാഗമാണ്.

“ജബ്‌റി’നെക്കുറിച്ച് പൊതുജനങ്ങൾക്ക് നൽകാൻ നിങ്ങൾ ആഗ്രഹിക്കുന്ന സന്ദേശം എന്താണ്?

ഞങ്ങളുടെ സന്ദേശം ലളിതമാണ്. നിങ്ങൾ ഒറ്റക്കല്ല. പിന്തുണ, വ്യക്തത, അനുകമ്പ, മാന്യത എന്നിവ ഉറപ്പാക്കി ഓരോ ഘട്ടത്തിലും സംവിധാനം കൂടെയുണ്ടാവും എന്നതാണത്.

 

---- facebook comment plugin here -----

Latest