Kerala
ഹരിത പെരുമാറ്റച്ചട്ടത്തില്‍ വിട്ടുവീഴ്ചയില്ല; ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി സര്‍ക്കാര്‍
എല്ലാ ഓഫീസുകളിലും ഹരിത പെരുമാറ്റച്ചട്ടം സ്ഥാപന മേധാവി ഉറപ്പുവരുത്തണം. ശുചിത്വ മാലിന്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പ്രത്യേക സമിതി രൂപവത്കരിക്കണം.

കൊച്ചി | സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഹരിത പെരുമാറ്റച്ചട്ടം വീണ്ടും കര്‍ശനമാക്കി. എല്ലാ ഓഫീസുകളിലും ഹരിത പെരുമാറ്റച്ചട്ടം സ്ഥാപന മേധാവി ഉറപ്പുവരുത്തണമെന്നും ശുചിത്വ മാലിന്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പ്രത്യേക സമിതി രൂപവത്കരിക്കണമെന്നും നിര്‍ദേശിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
പൊതുമേഖലാ സ്ഥാപനങ്ങളുള്‍പ്പെടെയുള്ള മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ശാസ്ത്രീയ മാലിന്യപരിപാലനം നടത്താന്‍ നടപടി വേണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ഓഫീസുകളുടെ പൊതു ശുചിത്വവും ടോയ്ലറ്റുകളുടെ വൃത്തിയും ഉറപ്പാക്കണം. ഈ മാസം 15 ന് മുമ്പ് ഓഫീസുകള്‍ പൂര്‍ണ ശുചിത്വം നേടണമെന്നും ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം തദ്ദേശവകുപ്പ് ഇറക്കിയ ഉത്തരവില്‍ നിര്‍ദേശിച്ചു.
സര്‍ക്കാര്‍ പരിപാടികളില്‍ പേപ്പര്‍ കപ്പില്‍ ചായയും വെള്ളവും മറ്റ് പാനീയങ്ങളും പേപ്പര്‍ പ്ലേറ്റില്‍ ഭക്ഷണവും നല്‍കുന്നത് പൂര്‍ണമായി വിലക്കി. പകരം കഴുകി ഉപയോഗിക്കാവുന്ന പാത്രങ്ങള്‍ എടുക്കാനാണ് നിര്‍ദേശം. നിരോധിത ഫ്‌ലക്‌സുകള്‍ക്ക് പകരം തുണിയില്‍ നിര്‍മിച്ച ബാനറുകള്‍ ഉപയോഗിക്കണം. അലങ്കാരങ്ങള്‍ക്ക് പ്രകൃതീ സൗഹൃദ വസ്തുക്കള്‍ മാത്രം മതി.
അജൈവ മാലിന്യങ്ങള്‍ കൃത്യമായി തരംതിരിച്ച് ഹരിത കര്‍മസേനക്ക് കൈമാറണം. ഉപയോഗശൂന്യമായ ഫര്‍ണിച്ചര്‍, ഇ-മാലിന്യങ്ങള്‍ എന്നിവ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണം തുടങ്ങിയ നിര്‍ദേശങ്ങളും ഉത്തരവിലുണ്ട്. സ്ഥല സൗകര്യമുള്ള ഓഫീസുകളില്‍ ജീവനക്കാരുടെ കൂട്ടായ്മയോടെ കമ്പോസ്റ്റ്, ബയോഗ്യാസ് സ്ലറി എന്നിവ ഉപയോഗിച്ച് ജൈവ പച്ചക്കറി കൃഷി നടത്താം.
സര്‍ക്കാര്‍ ജീവനക്കാര്‍ അവരവരുടെ വീടുകളില്‍ മാലിന്യം തരം തിരിച്ച് ജൈവമാലിന്യം കമ്പോസ്റ്റ് ചെയ്യണം. അജൈവ മാലിന്യം ഹരിത കര്‍മസേനക്ക് യൂസര്‍ഫീ നല്‍കി കൈമാറണം. ശുചീകരണ ജീവനക്കാര്‍ക്ക് ഹരിത ചട്ട പരിപാലനത്തിനായി പരിശീലനം നല്‍കണം. ശുചിത്വ പരിപാലനത്തിനായി പ്രത്യേക സമിതി രൂപവത്കരിച്ച് എല്ലാ മാസവും മാലിന്യ പരിപാലനം വിലയിരുത്തണം.
നിരോധിത ഡിസ്പോസിബിള്‍ ഉത്പന്നങ്ങളില്‍ ഭക്ഷണ, പാനീയ വിതരണം സര്‍ക്കാര്‍ പരിപാടികളില്‍ ഉള്‍പ്പെടെ വിലക്കി 2017ലും 2018ലുമെല്ലാം സര്‍ക്കാര്‍ ഉത്തരവുകള്‍ ഇറക്കിയെങ്കിലും ഇവയൊന്നും പാലിക്കുന്നില്ലെന്ന് കണ്ടാണ് മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട് പുതിയ സര്‍ക്കുലര്‍ ഇറക്കിയത്. ഉത്തരവുകള്‍ പാലിക്കാത്ത സര്‍ക്കാര്‍ ഓഫീസുകള്‍ക്കെതിരെ കടുത്ത നടപടിയും ഉണ്ടായേക്കും.