Connect with us

International

യുക്രൈനില്‍ വെടിനിര്‍ത്തല്‍ ഇല്ല; ട്രംപ്-പുടിന്‍ കൂടിക്കാഴ്ച നിഷ്ഫലം

ചര്‍ച്ചയില്‍ വലിയ പുരോഗതിയുണ്ടെന്നുമാത്രമാണ് ചര്‍ച്ചക്കൊടുവില്‍ സംയുക്ത വാര്‍ത്താസമ്മേളനം നടത്തിയ നേതാക്കള്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്

Published

|

Last Updated

അലാസ്‌ക | അലാസ്‌കയില്‍ രണ്ടര മണിക്കൂര്‍ നീണ്ട ട്രംപ്-പുടിന്‍ കൂടിക്കാഴ്ച ഫലം കാണാതെ അവസാനിച്ചു. യുക്രൈന്‍ യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് റഷ്യന്‍ പ്രസിഡന്റ് പുടിനുമായി സുപ്രധാന ചര്‍ച്ച നടത്തിയത്.

ചര്‍ച്ചയില്‍ വലിയ പുരോഗതിയുണ്ടെന്നുമാത്രമാണ് ചര്‍ച്ചക്കൊടുവില്‍ സംയുക്ത വാര്‍ത്താസമ്മേളനം നടത്തിയ നേതാക്കള്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. യുക്രൈന്‍ യുദ്ധം അവസാനിക്കണമെങ്കില്‍ റഷ്യയുടെ ആശങ്കകള്‍ പരിഹരിക്കപ്പെടണം എന്ന നിലപാടില്‍ പുടിന്‍ ഉറച്ചു നിന്നുവെന്നാണ് റിപ്പോര്‍ട്ട്.

വിശദാംശങ്ങള്‍ യുക്രൈനുമായും യൂറോപ്യന്‍ യൂണിയനുമായും ഉടന്‍ ചര്‍ച്ചചെയ്യുമെന്ന് ട്രംപ് അറിയിച്ചു. ചര്‍ച്ചയിലുണ്ടായ ധാരണകളെ കുറിച്ച് യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കിയുമായും നാറ്റോ നേതാക്കളുമായും സംസാരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. വൈകാതെ തന്നെ ആ ലക്ഷ്യത്തിലെത്താനാകും. പുടിനുമായി നേരിട്ടുള്ള ചര്‍ച്ച തുടരുമെന്ന സൂചനയും ട്രംപ് നല്‍കി.

യുദ്ധം അവസാനിപ്പിക്കാന്‍ താത്പര്യമുണ്ടെന്നും സമാധാനപാത തുറക്കുമെന്നും പുടിന്‍ പ്രതികരിച്ചു. തുടര്‍ ചര്‍ച്ചക്കായി റഷ്യയിലേക്ക് ട്രംപിനെ പുടിന്‍ ക്ഷണിച്ചു. യുക്രൈനിലെ നിലവിലെ സാഹചര്യങ്ങള്‍ റഷ്യയുടെ ആഭ്യന്തര സുരക്ഷയ്ക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ട്. ദീര്‍ഘകാലത്തേക്കുള്ള സമാധാനം ഉണ്ടാവണമെങ്കില്‍ ഈ സംഘര്‍ഷങ്ങളുടെ മൂലകാരണങ്ങള്‍ ഇല്ലാതാവണം. യുക്രൈന്‍ തങ്ങളുടെ സഹോദര രാജ്യമാണ്. യുക്രൈന്റെ സുരക്ഷ ഉറപ്പുവരുത്തണമെന്ന കാര്യത്തില്‍ താന്‍ പ്രസിഡന്റ് ട്രംപിനോട് യോജിക്കുന്നുവെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.

 

---- facebook comment plugin here -----

Latest