Kerala
നിപ്പാ:സ്ഥിതി നിയന്ത്രണവിധേയം; ജില്ലകള്‍ ജാഗ്രത തുടരണമെന്ന് മന്ത്രി വീണാ ജോര്‍ജ്
ജില്ലയിലെ നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കേന്ദ്രസംഘവുമായി അവലോകന ചര്‍ച്ച നടത്തി

തിരുവനന്തപുരം | സംസ്ഥാനത്ത് പുതുതായി നിപ്പാ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കിലും ജില്ലകള്‍ ജാഗ്രത കൈവെടിയരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. എങ്കിലും പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടി സ്വീകരിക്കണം. സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ സമ്പര്‍ക്ക ദിവസം മുതല്‍ 21 ദിവസം ഐസൊലേഷനില്‍ തുടരണമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട്, തൃശൂര്‍, മലപ്പുറം, വയനാട്, പാലക്കാട്, കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഐസൊലേഷന്‍, ചികിത്സാ സംവിധാനങ്ങള്‍ എന്നിവ യോഗം വിലയിരുത്തി. ജില്ലകളില്‍ ഫീവര്‍ സര്‍വെയലന്‍സ്, എക്സപേര്‍ട്ട് കമ്മിറ്റി മീറ്റിഗ് എന്നിവ നടത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.എല്ലാ ജില്ലകളിലും പ്രത്യേകമായി ഒരു ആംബുലന്‍സ്, ഐസൊലേഷന്‍ വാര്‍ഡുകള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ഇ സഞ്ജീവനി ടെലിമെഡിസിന്‍ സേവനം ശക്തമാക്കിയതായും മന്ത്രി അറിയിച്ചു.
ജില്ലയിലെ നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കേന്ദ്രസംഘവുമായി അവലോകന ചര്‍ച്ച നടത്തി. മരുതോങ്കരയിലെ കുടുംബാരോഗ്യ കേന്ദ്രം സന്ദര്‍ശിച്ച് വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതുള്‍പ്പെടെ കേന്ദ്രസംഘം ചര്‍ച്ച ചെയ്തു. മരുതോങ്കരയിലും സമീപ പ്രദേശങ്ങളിലും സന്ദര്‍ശിച്ച് സാമ്പിള്‍ ശേഖരിച്ചതായി അറിയിച്ചു.നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി വവ്വാല്‍ സര്‍വേ ടീം, നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍സിഡിസി), ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) എന്നീ മൂന്ന് കേന്ദ്ര സംഘങ്ങളാണ് ജില്ലയിലുള്ളത്.