Kerala
വികസനത്തിന്റെയും സാമൂഹിക പുരോഗതിയുടെയും ഒമ്പത് വര്‍ഷം; സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി
നവകേരളത്തിലേക്കു നയിക്കുന്ന നയമാണ് ഇടതു സര്‍ക്കാര്‍ നടപ്പിലാക്കിയത്. സര്‍ക്കാരിന്റെ പ്രോഗ്രസ്സ് റിപോര്‍ട്ട് വെള്ളിയാഴ്ച പുറത്തിറക്കും.

തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസനത്തിന്റെയും സാമൂഹിക പുരോഗതിയുടെയും ഒമ്പത് വര്‍ഷമാണ് കടന്നുപോയത്. നവകേരളത്തിലേക്കു നയിക്കുന്ന നയമാണ് ഇടതു സര്‍ക്കാര്‍ നടപ്പിലാക്കിയതെന്ന് രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ പ്രോഗ്രസ്സ് റിപോര്‍ട്ട് വെള്ളിയാഴ്ച പുറത്തിറക്കും.
സാമ്പത്തിക രംഗത്ത് കേന്ദ്രം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കി. അര്‍ഹമായ പലതും തടഞ്ഞുവച്ച് കേന്ദ്രം കേരളത്തെ ഞെരുക്കുകയാണ്. ഈ പ്രതിസന്ധിയെയും കേരളം മറികടക്കും. സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്തമാക്കുകയാണ് ലക്ഷ്യം.
കൊച്ചി മെട്രോയും കണ്ണൂര്‍ വിമാനത്താവളവും ഗെയില്‍ പൈപ്പ്ലൈനും യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. ലോക ഭൂപടത്തെ അടയാളപ്പെടുത്തിയ വിഴിഞ്ഞം തുറമുഖവും യാഥാര്‍ഥ്യമാക്കി. തറക്കല്ലിട്ടത് യു ഡി എഫ് സര്‍ക്കാരിന്റെ കാലത്താണെങ്കിലും പദ്ധതിയുടെ നിര്‍മാണത്തിന്റെ നൂറു ശതമാനവും നടന്നത് കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലം മുതലാണ്. ദേശീയപാതാ വികസനം അടക്കം നടപ്പിലാക്കിയത് എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണ്. വഴിമുട്ടിയ പദ്ധതികള്‍ പലതും സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചു. ലൈഫ് മിഷന്‍ പദ്ധതി വഴി നാല് ലക്ഷത്തിലേറെ വീടുകള്‍ നിര്‍മിച്ചു. ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്കുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ വൈദ്യുതി പ്രസരണ വിതരണ രംഗത്തും കാര്‍ഷിക വ്യാവസായിക രംഗത്തും വന്‍ കുതിച്ചു ചാട്ടത്തിനു വഴിയൊരുക്കിയ ഇടമണ്‍-കൊച്ചി പവര്‍ഹൈവേയും ഉപേക്ഷിക്കപ്പെട്ട അവസ്ഥയില്‍ നിന്നും വീണ്ടെടുത്ത് സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചു. അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം, കൊച്ചി-ബാംഗ്‌ളൂര്‍ വ്യവസായ ഇടനാഴി, സിറ്റി ഗ്യാസ് വിതരണ പദ്ധതി, ഐ ടി കോറിഡോര്‍, പുതുവൈപ്പിന്‍ എല്‍ പി ജി ടെര്‍മിനല്‍, മലയോര ഹൈവേ, കോസ്റ്റല്‍ ഹൈവേ, വയനാട് തുരങ്കപാത, കെ-ഫോണ്‍, കൊച്ചി വാട്ടര്‍ മെട്രോ, പശ്ചിമ തീരകനാല്‍ വികസന പദ്ധതി, തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡ്, ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്, തുടങ്ങി കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിരവധി വന്‍പദ്ധതികള്‍ ചിലത് യാഥാര്‍ഥ്യമാവുകയാണ്, ചിലത് പുരോഗമിക്കുകയാണ്.
പബ്ലിക് സര്‍വീസ് കമ്മീഷന്‍
സര്‍ക്കാര്‍ മേഖലയില്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി സുതാര്യമായി നിയമനം നടത്തുന്നതിനും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴിയുള്ള രാജ്യത്തെ ആകെ നിയമനങ്ങളില്‍ 42 ശതമാനം കേരളത്തില്‍ നിന്നാണെന്ന് യു പി എസ് സി റിപോര്‍ട്ട് വ്യക്തമാക്കുന്നു. 2016 മുതല്‍ ഇന്നുവരെ കേരളത്തില്‍ 2,80,934 ഉദ്യോഗാര്‍ഥികള്‍ക്ക് പി എസ് സി വഴി നിയമനം നല്‍കി.
ലൈഫ് മിഷന്‍
ലൈഫ് മിഷന്‍ പദ്ധതിയിലൂടെ മാര്‍ച്ച് 2025 വരെ 4,51,631 വീടുകള്‍ പൂര്‍ത്തീകരിച്ച് നല്‍കി. 2016-ല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഇതുവരെ 4,00,956 പട്ടയങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്. ഇതില്‍ 2,23,945 പട്ടയങ്ങള്‍ 2021 ന് ശേഷം വിതരണം ചെയ്യപ്പെട്ടവയാണ്. അടുത്ത ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം പട്ടയങ്ങള്‍ കൂടി വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
സാമൂഹികക്ഷേമ പെന്‍ഷന്‍
സാമൂഹികക്ഷേമ പെന്‍ഷന്‍ 600 രൂപയില്‍ നിന്ന് 1600 രൂപയാക്കി 60 ലക്ഷം പേര്‍ക്ക് എല്ലാ മാസവും കൃത്യമായി നല്‍കുന്നു. കുടിശ്ശികയെല്ലാം കൊടുത്തു തീര്‍ത്തു.
പൊതുജനാരോഗ്യ സംവിധാനം
അവഗണിക്കപ്പെട്ടിരുന്ന പൊതുജനാരോഗ്യ സംവിധാനം ആധുനിക സംവിധാനങ്ങളോടെ രോഗീ സൗഹൃദമാക്കി. സംസ്ഥാനത്തെ 886 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നത്. അവയില്‍ 674 എണ്ണത്തെ ഇതിനോടകം കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി പരിവര്‍ത്തിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള ദേശീയ പുരസ്‌കാരം കേരളത്തിനാണ് ലഭിച്ചത്.
വിദ്യാഭ്യാസ രംഗം
വിദ്യാഭ്യാസ രംഗത്താകട്ടെ, അടിസ്ഥാന സൗകര്യ രംഗത്തും അക്കാദമിക രംഗത്തും സമാനതകളില്ലാത്ത ഇടപെടലുകളാണ് കഴിഞ്ഞ ഒമ്പതു വര്‍ഷമായി സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്നത്. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി മാത്രം 5,000 കോടിയോളം രൂപ ഇതിനോടകം അനുവദിച്ചിട്ടുണ്ട്. 50,000 ത്തിലധികം ക്ലാസ്മുറികളാണ് ഹൈടെക്കാക്കി മാറ്റിയത്. സ്‌കൂളുകളില്‍ ടിങ്കറിംഗ് ലാബ്, റോബോട്ടിക് ലാബുകള്‍ എന്നിവ സജ്ജീകരിച്ചു. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് പരിശീലനം നല്‍കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറി.
കേരളത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്. അവയുടെ ഫലമായി എട്ട് സര്‍വകലാശാലകള്‍ക്കും 359 കോളേജുകള്‍ക്കും നാക് അക്രഡിറ്റേഷന്‍ ലഭിച്ചു. മികച്ച കോളേജുകളുടെ ആദ്യത്തെ നൂറ് റാങ്കിനുള്ളില്‍ സംസ്ഥാനത്തെ 16 കോളേജുകളുണ്ട്. അവയില്‍ നാലെണ്ണം സര്‍ക്കാര്‍ കോളജുകളാണ്. എന്‍ ഐ ആര്‍ എഫ് റാങ്കിങ്ങില്‍ രാജ്യത്തെ മികച്ച 200 കോളജുകളില്‍ 42 എണ്ണവും കേരളത്തിലേതാണ്.
കെ ഫോണ്‍
കെ ഫോണ്‍ പദ്ധതിയിലൂടെ വീടുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്നു. കെ ഫോണ്‍ കണക്ഷന്‍ ലക്ഷം എന്ന നമ്പറിലേക്ക് എത്തുകയാണ്. ആധുനികമായ എല്ലാ കാഴ്ചപ്പാടുകളെയും സ്വാംശീകരിച്ചുമുള്ള വൈജ്ഞാനിക കുതിപ്പാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഐ ടി
നിലവില്‍ ടെക്‌നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍ പാര്‍ക്ക് എന്നിവിടങ്ങളിലായി 1,49,200 പേര്‍ തൊഴിലെടുക്കുന്നുണ്ട്. 2016 മുതല്‍ ഇതുവരെ 66,000 ത്തോളം തൊഴിലവസരങ്ങള്‍ പുതുതായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. 2016 ല്‍ കേരളത്തിലെ ഐ ടി പാര്‍ക്കുകളിലെ കമ്പനികളുടെ എണ്ണം 702 ആയിരുന്നെങ്കില്‍ ഇന്നത് 1156 ആയി വര്‍ധിച്ചു. 2019-2021 കാലയളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2021-2023 കാലയളവില്‍ സംസ്ഥാനം സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ മൂല്യത്തില്‍ 254% വര്‍ധന കൈവരിച്ചു എന്നാണ് സ്റ്റാര്‍ട്ട് അപ്പ് ജീനോം റിപോര്‍ട്ടില്‍ പറയുന്നത്. 2016 വരെ വെറും 300 സ്റ്റാര്‍ട്ടപ്പുകള്‍ മാത്രമായിരുന്നു കേരളത്തില്‍ ഉണ്ടായിരുന്നത്. ഇന്ന് കേന്ദ്ര ഗവണ്‍മെന്റിന്റെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ മൊത്തം സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 6,400 ആണ്.
കാര്‍ഷികം
കാര്‍ഷിക മേഖല വളര്‍ച്ച രേഖപ്പെടുത്തിയ കാലമാണിത്. നെല്ലിന്റെ ഉത്പാദന ക്ഷമത ഹെക്ടറിന് 4.56 ടണ്‍ ആയി വര്‍ധിച്ചു. പച്ചക്കറി ഉത്പാദനം 7 ലക്ഷം മെട്രിക് ടണ്‍ ആയിരുന്നത് 17.2 ലക്ഷംമെട്രിക് ടണ്ണായി വര്‍ധിച്ചു. കാര്‍ഷിക മൂല്യവര്‍ദ്ധനവ് ലക്ഷ്യംവെച്ചുള്ള വിവിധ പാര്‍ക്കുകള്‍ക്ക് തുടക്കം കുറിച്ചു. രാജ്യത്ത് ആദ്യമായി പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും താങ്ങുവില ഏര്‍പ്പെടുത്തുന്ന സംസ്ഥാനമായും കേരളം മാറി.
പൊതുവിതരണം
പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുന്നതിന് യുഡിഎഫ് സര്‍ക്കാര്‍ 5242 കോടിയാണ് നീക്കി വെച്ചത്. അഞ്ചുവര്‍ഷം കൊണ്ട് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ ഇനത്തില്‍ ചെലവഴിച്ചത് 10,697 കോടി രൂപയാണ്. ഏകദേശം ഇരട്ടിത്തുക. 2024 വരെയുള്ള കണക്കെടുത്താല്‍ 14,000 കോടിയോളം രൂപ വിപണി ഇടപെടലിനു മാത്രമായി സംസ്ഥാന സര്‍ക്കാര്‍ വിവിധ മാര്‍ഗങ്ങളിലൂടെ ചെലവഴിച്ചിട്ടുണ്ട്.
ടൂറിസം
കേരളത്തിന്റെ സമ്പദ് വ്യസ്ഥയ്ക്കു വലിയ സംഭാവന നല്‍കുന്ന ടൂറിസം മേഖലയും പുതിയ ഉയരങ്ങളിലേയ്ക്ക് കുതിക്കുകയാണ്. കഴിഞ്ഞ വര്‍ഷം രണ്ടേകാല്‍ കോടിയോളം ആഭ്യന്തര വിനോദസഞ്ചാരികള്‍ കേരളത്തിലേക്ക് വന്നു. ഏഴര ലക്ഷത്തോളം വിദേശ വിനോദസഞ്ചാരികളും കേരളം സന്ദര്‍ശിച്ചു.
സമാധാനപൂര്‍ണമായ ജീവിത സാഹചര്യം
ഏതൊരു സമൂഹത്തിനും ഏറ്റവും പ്രധാനമാണ് സമാധാനപൂര്‍ണമായ ജീവിതം. ഭദ്രമായ ക്രമസമാധാനനിലയും വര്‍ഗീയ സംഘര്‍ഷങ്ങളോ കലാപങ്ങളോ ഇല്ലാത്ത സമാധാനപൂര്‍ണമായ സാമൂഹിക ജീവിതവും സംസ്ഥാനത്ത് ഉറപ്പാക്കാനായിട്ടുണ്ട്. സൈബര്‍ കേസുകളുള്‍പ്പെടെ അന്വേഷിച്ച് പ്രതികളെ നിയമത്തിന് മുമ്പില്‍ എത്തിക്കാന്‍ സാധിക്കും വിധം മികവുറ്റ ശാസ്ത്രീയ അന്വേഷണസംവിധാനങ്ങളും കാര്യപ്രാപ്തിയും നമ്മുടെ പോലീസ് സേനയ്ക്കുണ്ട്.
വയനാട് ചൂരല്‍മലയില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ നാടിനെയാകെ ദുഃഖത്തിലാഴ്ത്തിയ സംഭവം ആണ്. ഒരു നിമിഷം പോലും വൈകാതെ രക്ഷപ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞു. അടിയന്തര സഹായങ്ങള്‍ എത്തിക്കുന്നതില്‍ നടത്തിയ ഇടപെടലുകള്‍ മാതൃകാപരമായി എല്ലാവരും അംഗീകരിച്ചതാണ്. തുടര്‍ന്നു അവര്‍ക്ക് ജീവനോപാധി അടക്കമുള്ള എല്ലാ സഹായങ്ങളും നല്‍കി. വീട് നഷ്ടപ്പെട്ടവര്‍ക്ക് ഒന്നിച്ചു താമസിക്കാന്‍ സൗകര്യം ഒരുക്കണമെന്ന ദുരന്ത ബാധിതരുടെ ആവശ്യം അംഗീകരിച്ചാണ് ടൗണ്‍ഷിപ്പ് പദ്ധതി പ്രഖ്യാപിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.