Kerala
അശ്ലീല സന്ദേശങ്ങള്‍ അയച്ചു; യുവ നേതാവിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പുതുമുഖ നടി
നേതാവിന്റെ പേര് പറയാന്‍ റിനി ആന്‍ ജോര്‍ജ് തയ്യാറായില്ല. പേര് പറഞ്ഞാലും നീതി കിട്ടില്ലെന്ന് ഉറപ്പുണ്ടെന്നും റിനി. ശരിയല്ലെന്ന് ശക്തമായി പ്രതികരിച്ചിട്ടും വീണ്ടും തുടരുകയാണുണ്ടായത്.

കൊച്ചി | അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്ന് യുവ രാഷ്ട്രീയ നേതാവിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി പുതുമുഖ നടി റിനി ആന്‍ ജോര്‍ജ്. ഇത് ശരിയല്ലെന്ന് ശക്തമായി പ്രതികരിച്ചിട്ടും വീണ്ടും തുടരുകയാണുണ്ടായതെന്നും നടി പറഞ്ഞു. എന്നാല്‍, മാധ്യമ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു ചോദിച്ചിട്ടും നേതാവിന്റെ പേര് പറയാന്‍ റിനി ആന്‍ ജോര്‍ജ് തയ്യാറായില്ല. പേര് പറഞ്ഞാലും നീതി കിട്ടില്ലെന്ന് ഉറപ്പുണ്ടെന്നും റിനി പ്രതികരിച്ചു.
സാമൂഹിക മാധ്യമം വഴിയാണ് നേതാവിനെ പരിചയപ്പെട്ടത്. എന്നെ ഫൈവ് സ്റ്റാര്‍ ഹോസ്റ്റലിലേക്ക് ക്ഷണിച്ചു. മൂന്നര വര്‍ഷം മുമ്പാണ് ആദ്യമായി മോശം സന്ദേശങ്ങള്‍ അയച്ചത്. അതിനു ശേഷമാണ് അയാള്‍ ജനപ്രതിനിധിയായത്. അയാള്‍ കാരണം മറ്റു ബുദ്ധിമുട്ടുകളൊന്നും ഇതുവരെ ഇല്ലാത്തത് കൊണ്ടാണ് പരാതി നല്‍കാതിരുന്നത്. ആ വ്യക്തി ഉള്‍പ്പെട്ട പ്രസ്ഥാനത്തിലുള്ള പലരുമായും നല്ല ബന്ധമാണുള്ളതെന്നും നടി പറഞ്ഞു.
ഇയാളെ കുറിച്ചും തെറ്റായ പെരുമാറ്റത്തെ കുറിച്ചും പല നേതാക്കളോടും പറഞ്ഞിരുന്നു. നേതൃത്വത്തോട് പരാതിപ്പെടുമെന്ന് ഇയാളോട് പറഞ്ഞപ്പോള്‍ പോയി പറഞ്ഞോളൂ ഒരു പ്രശ്‌നവുമില്ല എന്നു മറുപടിയാണ് നല്‍കിയത്. നേതാക്കളോട് പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. പിന്നീടും അയാള്‍ക്ക് പുതിയ സ്ഥാനമാനങ്ങള്‍ ലഭിച്ചു. നേതാക്കളുടെ മക്കള്‍ക്കും ഇത്തരം ദുരനുഭവം ഇയാളില്‍ നിന്നുണ്ടായിട്ടുണ്ട്. പല സ്ത്രീകളെയും ഇയാള്‍ ദ്രോഹിച്ചിട്ടുണ്ട്. അവരെല്ലാം സമൂഹത്തോട് തുറന്നുപറയാന്‍ തയ്യാറാവണമെന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞു.