Uae
അബൂദബി സ്ട്രീറ്റിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പുതിയ ട്രാഫിക് ലൈറ്റ്
എ ഐ ഉപയോഗിച്ചാണ് പുതിയ സംവിധാനം.

അബൂദബി | ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ സ്ട്രീറ്റിലേക്കുള്ള എന്‍ട്രി പോയിന്റുകളില്‍ റാമ്പ് മീറ്ററിംഗ് സംവിധാനം പ്രവര്‍ത്തന സജ്ജമാക്കിയതായി ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ (ഐ ടി സി) അറിയിച്ചു.
ഏഴ് പ്രധാന എന്‍ട്രി പോയിന്റുകളിലാണ് പുതിയ ട്രാഫിക് ലൈറ്റ് സംവിധാനം സ്ഥാപിച്ചത്. സെന്‍സറുകളെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകളെയും ആശ്രയിച്ചാണിത് പ്രവര്‍ത്തിക്കുന്നത്. തിരക്കേറിയ സമയങ്ങളില്‍ വാഹനങ്ങള്‍ പ്രവേശിക്കുന്നത് പരിമിതപ്പെടുത്തിക്കൊണ്ടും ട്രാഫിക് കുറഞ്ഞ സമയങ്ങളില്‍ കൂടുതല്‍ വാഹനങ്ങള്‍ കടത്തിവിട്ടുകൊണ്ടും ട്രാഫിക് ലൈറ്റുകള്‍ സ്വയമേ ക്രമീകരിക്കും.
ശഖ്ബൂത് ബിന്‍ സുല്‍ത്താന്‍ സ്ട്രീറ്റ്, ദഫീര്‍ സ്ട്രീറ്റ്, ഹദ്ബാത് അല്‍ ഗുബൈന സ്ട്രീറ്റ്, സാലമ ബിന്‍ത് ബുത്വി സ്ട്രീറ്റ്, അല്‍ ദഫ്‌റ സ്ട്രീറ്റ്, റബ്ദാന്‍ സ്ട്രീറ്റ്, ഉമ്മു യഫീന സ്ട്രീറ്റ് എക്സിറ്റ് തുടങ്ങിയ സ്ഥലങ്ങളിലാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്.
നഗരത്തിലെ ട്രാഫിക് കുരുക്ക് കുറയ്ക്കാന്‍ പുതിയ സംവിധാനം സഹായിക്കുമെന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സ്മാര്‍ട്ട് സംവിധാനങ്ങള്‍ എന്നിവ ഉപയോഗിച്ച് ട്രാഫിക് നിരീക്ഷിക്കാനും വിശകലനം ചെയ്യാനും സാധിക്കുമെന്നും ഐ ടി സി ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ ഡോ. അബ്ദുല്ല ഹമദ് അല്‍ ഗഫ്‌ലി പറഞ്ഞു.