Connect with us

editorial

നെഹ്‌റു യുവ കേന്ദ്രയിലും നെഹ്‌റു ഔട്ട്

എത്രയൊക്കെ വിസ്മൃതിയിലാഴ്ത്താന്‍ ശ്രമിച്ചാലും ഇന്ത്യന്‍ ഭരണഘടനക്ക് മികച്ച ആമുഖം തയ്യാറാക്കിയ, ആധുനിക ഇന്ത്യയുടെ ശില്‍പ്പിയായ നെഹ്‌റു, ഇന്ത്യക്കും ലോകത്തിനും നല്‍കിയ സംഭാവനകള്‍ എന്നും തെളിഞ്ഞു നില്‍ക്കും.

Published

|

Last Updated

നെഹ്‌റു യുവ കേന്ദ്ര (എന്‍ വൈ കെ)യില്‍ നിന്ന് നെഹ്‌റു പുറത്തായി! മോദി സര്‍ക്കാര്‍ “മേരാ യുവഭാരത്’ എന്നാക്കി മാറ്റിയിരിക്കുകയാണ് നെഹ്‌റു യുവ കേന്ദ്രയുടെ പേര്. 2023ല്‍ പ്രഖ്യാപിച്ചതാണ് പേര് മാറ്റമെങ്കിലും പ്രാബല്യത്തിലായത് ഈ മാസം 13നാണ്. നെഹ്‌റു യുവ കേന്ദ്രയുടെ ലോഗോ ഉള്‍പ്പെടെ മാറ്റാന്‍ സര്‍ക്കാര്‍ നേരത്തേ ഉത്തരവിട്ടിരുന്നു.

രാഷ്ട്രനിര്‍മാണ പ്രക്രിയയില്‍ പങ്കാളികളാകാന്‍ യുവാക്കള്‍ക്ക് അവസരം നല്‍കുക, യുവതയുടെ വ്യക്തിത്വ, നൈപുണി വികസനത്തിന് അവസരമൊരുക്കുക എന്നീ ലക്ഷ്യങ്ങളോടെ 25ാമത് സ്വാതന്ത്ര്യദിന വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 1972ലാണ് നെഹ്‌റു യുവ കേന്ദ്ര സ്ഥാപിതമായത്. യുവജനകാര്യ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എന്‍ വൈ കെയെ പിന്നീട് രാജീവ് ഗാന്ധി സ്വയം ഭരണാവകാശമുള്ള സൊസൈറ്റിയായി പ്രഖ്യാപിച്ചു. 8.5 ദശലക്ഷം യുവാക്കള്‍ അംഗങ്ങളായുള്ള ലോകത്തെ ഏറ്റവും വലിയ യുവജന സംഘടനകളിലൊന്നാണ് നിലവില്‍ ഇത്. സാക്ഷരത- വിദ്യാഭ്യാസം, ആരോഗ്യം-കുടുംബക്ഷേമം, ശുചിത്വം, പരിസ്ഥിതി സംരക്ഷണം, സ്ത്രീ ശാക്തീകരണം, ഗ്രാമീണ വികസനം, ദുരന്തനിവാരണം-പുനരധിവാസം, സാമൂഹിക വിഷയങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കല്‍ തുടങ്ങിയ രംഗങ്ങളിലാണ് എന്‍ വൈ കെ കൂടുതല്‍ ശ്രദ്ധയൂന്നുന്നത്.

സ്തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഈ സ്ഥാപനത്തിന്റെ പേര് മാറ്റുന്നതെന്തിനെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നില്ല. ആധുനിക ഇന്ത്യയുടെ മുഖ്യ ശില്‍പ്പിയായ ജവഹര്‍ലാല്‍ നെഹ്‌റുവിനെ വിസ്മൃതനാക്കാനുള്ള സംഘ്പരിവാര്‍ ഗൂഢപദ്ധതിയുടെ ഭാഗമായാണ് കോണ്‍ഗ്രസ്സും പ്രതിപക്ഷ പ്രസ്ഥാനങ്ങളും പേര് മാറ്റത്തെ വിലയിരുത്തുന്നത്. സമീപ കാലത്ത് ഉടലെടുത്തതല്ല സംഘ്പരിവാറിന്റെ നെഹ്‌റു വിരോധം; സ്വാതന്ത്ര്യ സമര കാലത്തേ തുടങ്ങിയതാണ്. മതേതര ജനാധിപത്യത്തോടുള്ള നെഹ്‌റുവിന്റെ പ്രതിബദ്ധതയാണ് കാരണം. പാശ്ചാത്യന്‍ ആശയമാണ് മതേതര ജനാധിപത്യമെന്നും “ഭാരതീയ സംസ്‌കാര’ത്തിന്റെ അന്തസ്സത്തക്ക് അത് ഭീഷണിയാണെന്നുമാണ് ഗോള്‍വാള്‍ക്കറിനെ പോലുള്ള തീവ്ര ഹിന്ദുത്വ സൈദ്ധാന്തികരുടെ വാദം. കോണ്‍ഗ്രസ്സിന്റെ നേതൃത്വം പിടിച്ചടക്കാന്‍ ഹിന്ദുമഹാസഭ നടത്തിയ നീക്കങ്ങള്‍ പരാജയപ്പെടുത്തിയത് നെഹ്‌റുവാണെന്നും അവര്‍ വിശ്വസിക്കുന്നു. ഇന്ത്യ, പാക് വിഭജനാനന്തരം, വിഭജനത്തിനുത്തരവാദി നെഹ്‌റുവാണെന്ന പ്രചാരണവും അഴിച്ചുവിട്ടു സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍.

2014ല്‍ ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെയാണ് ഭരണതലത്തില്‍ നെഹ്‌റു വിരോധം പ്രകടമായി തുടങ്ങിയത്. നെഹ്‌റുവുമായി ബന്ധപ്പെട്ട സ്മാരകങ്ങള്‍, പുരസ്‌കാരങ്ങള്‍, കലാലയങ്ങള്‍, പ്രതിമകള്‍, പാഠപുസ്തകങ്ങളിലെ അദ്ദേഹത്തെ കുറിച്ചുള്ള ഭാഗങ്ങള്‍ തുടങ്ങിയവ ഒന്നൊന്നായി ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രിപദത്തിലിരിക്കെ നെഹ്‌റുവിന്റെ ഔദ്യോഗിക വസതിയായിരുന്ന തീന്‍മൂര്‍ത്തി ഭവനില്‍ പ്രവര്‍ത്തിക്കുന്ന “നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി’ യുടെ പേര് “പ്രൈംമിനിസ്റ്റേഴ്‌സ് മ്യൂസിയം’ എന്നാക്കി മാറ്റി. 2023 ജൂണിലായിരുന്നു പേര് മാറ്റം. മ്യൂസിയത്തില്‍ നെഹ്‌റു മുതല്‍ നരേന്ദ്ര മോദി വരെയുള്ള എല്ലാ പ്രധാനമന്ത്രിമാരുടെയും സംഭാവനകള്‍ പ്രദര്‍ശിപ്പിക്കുന്നതു കൊണ്ടാണ് പേര് മാറ്റിയതെന്നായിരുന്നു അന്നത്തെ വിശദീകരണം.

സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷ വേളയില്‍ കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് (ഐ സി എച്ച് ആര്‍) “ആസാദി കാ അമൃത് മഹോത്സവ്’ തയ്യാറാക്കിയ പോസ്റ്ററില്‍ പ്രഥമ ഇന്ത്യന്‍ സര്‍ക്കാറിലെ ആഭ്യന്തര മന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭ് ഭായി പട്ടേലിന്റേതടക്കം പ്രമുഖരുടെ പടങ്ങള്‍ ഇടം പിടിച്ചപ്പോള്‍ ദേശീയ സമര നായകരില്‍ പ്രമുഖനും പ്രഥമ പ്രധാനമന്ത്രിയുമായ നെഹ്‌റുവിന്റേത് കണ്ടില്ല. അബദ്ധത്തില്‍ സംഭവിച്ചതല്ല. മുകളില്‍ നിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്നാണ് നെഹ്‌റു ഔട്ടായത്.

ബി ജെ പിയുടെയും മോദിയുടെയും നെഹ്‌റു വിരോധം രഹസ്യമല്ല. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2013ല്‍ അഹമ്മദാബാദില്‍ നരേന്ദ്ര മോദി നടത്തിയ ഒരു പ്രസംഗം നെഹ്‌റുവിനോടുള്ള അദ്ദേഹത്തിന്റെ വീക്ഷണം തുറന്നു കാട്ടുന്നു. “നെഹ്‌റുവിനു പകരം പട്ടേലായിരുന്നു പ്രധാനമന്ത്രിയെങ്കില്‍ ഇന്ത്യ കൂടുതല്‍ മെച്ചപ്പെടുകയും രാജ്യത്തിന്റെ പ്രതിഛായ വര്‍ധിക്കുകയും ചെയ്യുമായിരുന്നു’വെന്നാണ് അഹമ്മദാബാദില്‍ പട്ടേല്‍ മ്യൂസിയം ഉദ്ഘാടന വേളയില്‍, അന്നത്തെ പ്രധാനമന്ത്രി മന്‍മോഹൻ സിംഗിനെ വേദിയിലിരുത്തി മോദി പ്രസംഗിച്ചത്. രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയാകാന്‍ കൂടുതല്‍ അര്‍ഹത പട്ടേലിനാണെന്നും നെഹ്‌റുവും ഗാന്ധിജിയും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയിലാണ് പട്ടേല്‍ പുറന്തള്ളപ്പെടുകയും നെഹ്‌റു പ്രധാനമന്ത്രിപദത്തിലെത്തുകയും ചെയ്തതെന്നുമാണ് സംഘ്പരിവാറിന്റെ വാദം.

എത്രയൊക്കെ വിസ്മൃതിയിലാഴ്ത്താന്‍ ശ്രമിച്ചാലും ഇന്ത്യന്‍ ഭരണഘടനക്ക് മികച്ച ആമുഖം തയ്യാറാക്കിയ, ആധുനിക ഇന്ത്യയുടെ ശില്‍പ്പിയായ നെഹ്‌റു, ഇന്ത്യക്കും ലോകത്തിനും നല്‍കിയ സംഭാവനകള്‍ എന്നും തെളിഞ്ഞു നില്‍ക്കും. ബഹിരാകാശ ഗവേഷണത്തില്‍ ഇന്ത്യ വന്‍കുതിപ്പ് നടത്തുകയും അപ്പേരില്‍ നിലവിലെ ഭരണകൂടം അഭിമാനം കൊള്ളുകയും ചെയ്യുമ്പോള്‍ രാജ്യത്തിന്റെ ശാസ്ത്രീയ വളര്‍ച്ചക്ക് അടിത്തറ പാകിയത് നെഹ്‌റുവായിരുന്നുവെന്ന വസ്തുത ഓര്‍ക്കാതിരിക്കാനാകുമോ? 2019 സെപ്തംബറില്‍ അമേരിക്കയിലെ ഹൂസ്റ്റണില്‍ നടന്ന “ഹൗഡി മോദി’ പരിപാടിയില്‍, അമേരിക്കന്‍ പാര്‍ലിമെന്റ് സീനിയര്‍ നേതാവ് സ്റ്റെനി ഹോയര്‍ നടത്തിയ നെഹ്‌റു അപദാനങ്ങള്‍ വേദിയിലിരുന്ന് കേള്‍ക്കേണ്ടി വന്നു മോദിക്ക്. ഗാന്ധിയുടെയും നെഹ്‌റുവിന്റെയും ആശയങ്ങളിലൂന്നിയുള്ള പ്രവര്‍ത്തനങ്ങളാണ് ഇന്ത്യയുടെ മുന്നേറ്റത്തിന് കാരണമെന്ന സ്റ്റെനി ഹോയറുടെ പരാമര്‍ശം കേവലം ഭംഗിവാക്കല്ല, ചരിത്ര യാഥാര്‍ഥ്യവും നെഹ്‌റുവിനെ ലോകം എങ്ങനെ നോക്കിക്കാണുന്നുവെന്ന് അടയാളപ്പെടുത്തലുമാണ്.

---- facebook comment plugin here -----

Latest