International
നാസയുടെ ഒസിരിസ് റെക്‌സ് ദൗത്യം ലക്ഷ്യം കണ്ടു; ഛിന്നഗ്രഹത്തില്‍ നിന്നുള്ള സാമ്പിളുകള്‍ ഭൂമിയിലെത്തി
അമേരിക്കയിലെ ഉട്ടാ മരുഭൂമിയിലാണ് ക്യാപ്‌സൂള്‍ ഇറങ്ങിയത്

വാഷിങ്ടണ്‍ | നാസയുടെ ഒസിരിസ് റെക്‌സ് ദൗത്യം വിജയകരം. ബെന്നു ഛിന്നഗ്രഹത്തില്‍ നിന്നുള്ള സാമ്പിളുകള്‍ ഒസിരിസ് റെക്‌സ് ഭൂമിയില്‍ എത്തി. പേടകത്തില്‍ സൂക്ഷിച്ചിരുന്ന സാമ്പിള്‍ ക്യാപ്‌സൂള്‍ സുരക്ഷിതമായി ഭൂമിയില്‍ ലാന്‍ഡ് ചെയ്തു. അമേരിക്കയിലെ ഉട്ടാ മരുഭൂമിയിലാണ് ക്യാപ്‌സൂള്‍ ഇറങ്ങിയത്.
ക്യാപ്‌സൂള്‍ നാസയുടെ വിദഗ്ധ സംഘം പരീക്ഷണശാലയിലേക്ക് മാറ്റി. ആസ്‌ട്രോമെറ്റീരിയല്‍സ് അക്വിസിഷന്‍ ആന്‍ഡ് ക്യുറേഷന്‍ ഫെസിലിറ്റിയിലായിരിക്കും തുടര്‍പഠനങ്ങള്‍. മറ്റ് രാജ്യങ്ങള്‍ക്കും സാമ്പിള്‍ പരിശോധനക്ക് സൗകര്യമൊരുക്കും. സൗരയൂധത്തിന്റെ ഉത്പത്തിയെക്കുറിച്ചടക്കമുള്ള നിര്‍ണായക വിവരങ്ങള്‍ ബെന്നുവില്‍ നിന്നുള്ള കല്ലും മണ്ണും പഠിക്കുന്നതിലൂടെ ലഭിക്കുമെന്നാണ് പ്രതീക്ഷ.
അതേ സമയം, പേടകത്തെ ഭൂമിയിലേക്ക് അയച്ച ഉപഗ്രഹം അടുത്ത ലക്ഷ്യസ്ഥാനത്തിലേക്കുള്ള യാത്ര തുടങ്ങിക്കഴിഞ്ഞു. അപോഫിസ് എന്ന ഛിന്നഗ്രഹത്തിലേക്കാണ് ഇനി യാത്ര. 2029 ലായിരിക്കും പേടകം അവിടെയെത്തുക. 2016 സെപ്റ്റംബര്‍ എട്ടിനാണ് ഒസിരിസ് ഉപഗ്രഹത്തെ വിക്ഷേപിച്ചത്.2020 ഒക്ടോബര്‍ ഇരുപതിനാണ് പേടകം ബെന്നുവില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ചത്.