Connect with us

articles

ഇരുണ്ട കാലങ്ങളിലും ഇടര്‍ച്ചയില്ലാത്ത 'നരിമാന്‍'

ഇന്ദിരയുടെ താത്പര്യപ്രകാരമായിരുന്നു അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പദവിയില്‍ നരിമാനെത്തുന്നത്. അപ്പോഴും വിനീത വിധേയത്വത്തിന് അദ്ദേഹം മുതിര്‍ന്നില്ലെന്നോര്‍ക്കണം.

Published

|

Last Updated

പൗരാവകാശങ്ങള്‍ക്കും മതനിരപേക്ഷ മൂല്യങ്ങള്‍ക്കും നീതിന്യായ സ്വാതന്ത്ര്യത്തിനുമൊപ്പം തന്റെ കരിയറിലുടനീളം ഇടര്‍ച്ചയേതുമില്ലാതെ നിലകൊണ്ട നിയമജ്ഞനാണ് ഇന്നലെ വിടപറഞ്ഞ ഫാലി സാം നരിമാന്‍. അത്തരമൊരു ഇടര്‍ച്ചയില്ലാത്ത സാന്നിധ്യത്തിന് വര്‍ത്തമാനകാല ഇന്ത്യയില്‍ വലിയ പ്രാധാന്യമുണ്ടെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. ജുഡീഷ്യല്‍ കരിയറില്‍ പേരെടുത്ത പലരും ഭരണകൂടം പിടിമുറുക്കിയ കാലങ്ങളില്‍ അഴകൊഴമ്പന്‍ നിലപാടുകളിലേക്ക് വീഴുകയോ കീഴടങ്ങുകയോ ചെയ്തതിന് ഉദാഹരണങ്ങള്‍ പലതുണ്ട്. അടിയന്തരാവസ്ഥയില്‍ നിവര്‍ന്നു നിന്ന ന്യായാധിപര്‍ ആരൊക്കെയായിരുന്നെന്ന് ചോദിച്ചാല്‍ ഇന്ത്യന്‍ ജുഡീഷ്യറിക്ക് തലകുനിക്കേണ്ടി വരും. നടപ്പു കാലത്താണെങ്കില്‍ ഭരണകൂടത്തിന് പ്രധാനമായ നിയമ വ്യവഹാരങ്ങളില്‍ നീതിപീഠത്തില്‍ നിന്നുണ്ടായിക്കൊണ്ടിരിക്കുന്ന വിധികള്‍ പലപ്പോഴും നിയമ നീതിന്യായ തത്ത്വങ്ങള്‍ മാറ്റിവെച്ചു കൊണ്ടുള്ളവയാണെന്ന് നമ്മള്‍ കാണുന്നു. പക്ഷേ ഇരുണ്ട കാലങ്ങളിലൊരിടത്തും നീതിബോധത്തിന് അവധി കൊടുക്കാന്‍ സന്നദ്ധമാകാത്ത, രാജ്യം ദര്‍ശിച്ച അപൂര്‍വം ചില നിയമ വിശാരദന്‍മാരിലൊരാളാണ് ഫാലി സാം നരിമാന്‍.

ഇന്ദിരയുടെ താത്പര്യപ്രകാരമായിരുന്നു അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പദവിയില്‍ നരിമാനെത്തുന്നത്. അപ്പോഴും വിനീത വിധേയത്വത്തിന് അദ്ദേഹം മുതിര്‍ന്നില്ലെന്നോര്‍ക്കണം. അടിയന്തരാവസ്ഥയില്‍ പ്രതിഷേധിച്ച് പ്രസ്തുത പദവി രാജിവെച്ചൊഴിയുകയായിരുന്നു ഫാലി എസ് നരിമാന്‍. രാജ്യത്തിന്റെ ഇപ്പോഴത്തെ പ്രധാനമന്ത്രി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്ത് സര്‍ക്കാറിന് വേണ്ടി കോടതികളില്‍ ഹാജരായിരുന്നു നരിമാന്‍. ആയിടെ ഗുജറാത്തില്‍ ക്രൈസ്തവര്‍ ആക്രമിക്കപ്പെട്ട് കൊല്ലപ്പെടുകയും ദേവാലയങ്ങള്‍ നശിപ്പിക്കപ്പെടുകയും ചെയ്തപ്പോള്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ഇനി ഗുജറാത്തിനെ പ്രതിനിധാനം ചെയ്യാനില്ലെന്ന് പറഞ്ഞ് രാജിവെച്ചു പോന്നു നരിമാന്‍. പിന്നീടൊരിക്കല്‍ പ്രസ്തുത നടപടിയെക്കുറിച്ച് അഭിമുഖത്തില്‍ ചോദ്യമുയര്‍ന്നപ്പോള്‍, നിയമത്തോടൊപ്പം യാന്ത്രികമായി സഞ്ചരിക്കുന്ന അഭിഭാഷകനാകരുതെന്നായിരുന്നു അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത്. നിയമം ഹൃദയത്തിന്റെ വിഷയമാണ്. ഒപ്പം ശിരസ്സിന്റെയും. നിങ്ങള്‍ക്ക് ദയയും സഹാനുഭൂതിയും ഉണ്ടാകേണ്ടതുണ്ട്. ഉന്നതമായ മൂല്യങ്ങളാണതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തൊണ്ണൂറ്റഞ്ചാം വയസ്സില്‍ വിടപറയുമ്പോഴും സമീപ കാലത്തെയടക്കം നിര്‍ണായക നിയമ വ്യവഹാരങ്ങളില്‍ നീതിയുടെ പക്ഷത്ത് ഫാലി എസ് നരിമാനുണ്ടായിരുന്നു. ഒന്നാം മോദി സര്‍ക്കാറിന്റെ ആദ്യ നടപടികളിലൊന്ന് സുപ്രീം കോടതി കൊളീജിയം സംവിധാനം എടുത്തു കളഞ്ഞ് എക്സിക്യൂട്ടീവിന്റെ നിയന്ത്രണത്തിലുള്ള നാഷനല്‍ ജുഡീഷ്യല്‍ അപ്പോയിന്‍മെന്റ്സ് കമ്മീഷന്‍ കൊണ്ടുവരുന്നതിനുള്ള നിയമനിര്‍മാണമായിരുന്നു. ആ ശ്രമം സുപ്രീം കോടതിയില്‍ പരാജയപ്പെട്ടപ്പോള്‍ നീതിന്യായ സ്വാതന്ത്ര്യം അപകടപ്പെടുത്താനുള്ള ഭരണകൂട വാദമുഖങ്ങളെ കൃത്യമായി പ്രതിരോധിക്കാന്‍ ഫാലി എസ് നരിമാന്‍ കോടതി മുറിയില്‍ മുന്‍ നിരയിലുണ്ടായിരുന്നു. ഭരണഘടനയുടെ 30ാം അനുഛേദമനുസരിച്ച് ന്യൂനപക്ഷങ്ങള്‍ക്ക് ലഭ്യമായ അവകാശങ്ങളുടെ വ്യാപ്തി പ്രമേയമായ ടി എം എ പൈ കേസിലടക്കം പൗരാവകാശങ്ങളുടെയും മതനിരപേക്ഷതയുടെയും നീതിന്യായ സ്വാതന്ത്ര്യത്തിന്റെയും ശക്തനായ വക്താവായി കോടതി മുറികളില്‍ നിറഞ്ഞു നിന്നു നരിമാന്‍.

ആര്‍ബിട്രേഷന്‍ ലോയുമായി ബന്ധപ്പെട്ട നിയമ പ്രശ്നത്തില്‍ സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന് മുമ്പാകെ വരും ദിവസം ഹാജരാകാനിരിക്കെയാണ് പ്രതിഭാശാലിയായ മുതിര്‍ന്ന അഭിഭാഷകന്റെ വിയോഗം. തന്റെ കേസുകള്‍ക്കപ്പുറത്ത് രാജ്യത്തിന്റെ ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും ഭാവിയെ സ്വാധീനിക്കുന്ന നിയമ വ്യവഹാരങ്ങളെ ഭരണഘടനാപരമായി സമീപിക്കാനും ന്യായാസനങ്ങളുടെ അപഭ്രംശങ്ങളെ ന്യായയുക്തമായി വിചാരണ ചെയ്യാനും അദ്ദേഹം മടികാണിച്ചില്ല. ഭരണഘടനയുടെ 370ാം അനുഛേദം റദ്ദാക്കുക വഴി ജമ്മു കശ്മീരിന്റെ സവിശേഷ പദവി എടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടി വിയോജിപ്പിന്റെ ഒരു മറുവാക്കുപോലുമില്ലാതെ അഞ്ചംഗ സുപ്രീം കോടതി ഭരണഘടനാ ബഞ്ച് ശരിവെച്ചപ്പോള്‍ തുടരെ പ്രതികരിച്ചു നരിമാന്‍. ഭരണഘടനാ ബഞ്ചിന്റെ വിധി ഭരണഘടനാപരതയില്‍ നിന്നുള്ള വ്യതിചലനവും മോശം കീഴ് വഴക്കവുമാണെന്ന് ഒരുവേള പ്രതികരിച്ചപ്പോള്‍ വിസമ്മത വിധി ഇല്ലാതെ പോയത് ദുഃഖകരമാണെന്നും അഭിപ്രായപ്പെട്ടു അദ്ദേഹം.

ഇലക്ടറല്‍ ബോണ്ട് സ്‌കീമുമായി ബന്ധപ്പെട്ട സുപ്രധാന വിധി പോയവാരം ഉണ്ടായല്ലോ. ഹരജിക്കാര്‍ക്ക് വേണ്ടി സുപ്രീം കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും വാദിക്കാനുണ്ടായിരുന്നു. രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയുമായി ബന്ധപ്പെട്ട നിര്‍ണായക നിയമ വ്യവഹാരം വിജയിച്ചപ്പോള്‍ അഭിനന്ദനം അറിയിച്ചു കൊണ്ട് പ്രശാന്ത് ഭൂഷണ് കത്തയച്ചിരുന്നു ഫാലി എസ് നരിമാന്‍.

‘ബിഫോര്‍ മെമ്മറി ഫെയ്ഡ്സ്’ എന്ന ഫാലി എസ് നരിമാന്റെ ആത്മകഥ നിയമ മേഖലയില്‍ പരക്കെ വായിക്കപ്പെട്ട ഒരു രചനയാണ്. നിയമത്തെ പ്രൊഫഷനായി സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രചോദനം നല്‍കുന്ന ഒരു പുസ്തകം എന്നതിനപ്പുറം താന്‍ ജീവിച്ച നിയമ ലോകത്തിന്റെ ചലന ഗതിയുടെ ഉള്‍പിരിവുകളെ ഭരണഘടനക്കും നീതിവിചാരത്തിനുമൊത്ത് സമീപിക്കുകയായിരുന്നു നരിമാന്‍ തന്റെ ആത്മകഥയില്‍. താന്‍ ജീവിച്ചു വളര്‍ന്നത് മതേതര ഇന്ത്യയിലാണ്. ദൈവഹിതമെത്തുന്ന നേരം മതേതര ഇന്ത്യയില്‍ മരിക്കാനാണ് താനാഗ്രഹിക്കുന്നതെന്നും നരിമാന്‍ തന്റെ ആത്മകഥയില്‍ എഴുതിവെച്ചപ്പോള്‍ അത് പുതിയ കാല ഇന്ത്യനവസ്ഥയോട് ഏറ്റവും സര്‍ഗാത്മകമായും ആത്മവിശ്വാസത്തോടെയും പ്രതികരിക്കുന്ന ഒരു മുദ്രാവാക്യമായി മാറുകയായിരുന്നു.

1999ല്‍ രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്യപ്പെട്ട ഫാലി എസ് നരിമാന് 1991ല്‍ പത്മഭൂഷണും 2007ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തിന്റെ സേവനങ്ങളെ ആദരിച്ചു. മകന്‍ റോഹിംഗ്ടണ്‍ നരിമാന്‍ സുപ്രീം കോടതി ന്യായാധിപനായാണ് വിരമിച്ചത്. മുമ്പ് സോളിസിറ്റര്‍ ജനറലുമായിരുന്നു റോഹിംഗ്ടണ്‍ നരിമാന്‍.
രാജ്യത്തിന്റെ ഭരണഘടനക്കും ജനാധിപത്യത്തിനും വലിയ പോറലുകളേറ്റുകൊണ്ടിരിക്കുന്ന നാളുകളിലൂടെയാണ് സമീപ വര്‍ഷങ്ങളില്‍ നമ്മള്‍ ഗമിച്ചു കൊണ്ടിരിക്കുന്നത്. ഭരണകൂടം പാര്‍ലിമെന്റിലെ തങ്ങളുടെ മോശമല്ലാത്ത ഭൂരിപക്ഷത്തിന്റെ ഹുങ്കില്‍ ഭരണഘടനയെ ദുര്‍ബലപ്പെടുത്തുന്ന നടപടികളുമായി നിരന്തരം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. ഭരണഘടനക്ക് നിരക്കാത്ത നിയമങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പോലും അവസരം നല്‍കാതെ ചുട്ടെടുക്കാനുള്ള ഇടമാക്കി മാറ്റിയിരിക്കുന്നു ലോക്സഭയെയും രാജ്യസഭയെയും.

രാജ്യത്തെ ജനാധിപത്യ പ്രതിപക്ഷത്തെ പൂര്‍ണമായും അവഗണിക്കുന്നു. പാര്‍ലിമെന്റില്‍ പോലും പ്രതിശബ്ദമുയര്‍ത്താന്‍ അവസരമില്ലാത്ത വിധം ബനാന റിപബ്ലിക്കായി ഇന്ത്യ മാറിക്കൊണ്ടിരിക്കുന്നു. ഭരണഘടനാ സ്ഥാപനങ്ങളെയും ബ്യൂറോക്രസിയെയും ഭരണകൂട ഇംഗിത നടത്തിപ്പുകാരായി പരിവര്‍ത്തനം ചെയ്തതിന്റെ ഭീകര ദൃശ്യമായിരുന്നു ചണ്ഡീഗഢ് മേയര്‍ തിരഞ്ഞെടുപ്പില്‍ നമ്മള്‍ കണ്ടതെങ്കില്‍ രാജ്യം നിര്‍ണായകമായ ഒരു പൊതുതിരഞ്ഞെടുപ്പിന്റെ പടിവാതിലില്‍ നില്‍ക്കെ സുതാര്യമായ തിരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള ജനാധിപത്യ, മതനിരപേക്ഷ വിശ്വാസികളുടെ ആശങ്കകള്‍ ഘനീഭവിച്ചു നില്‍ക്കുന്നു.

ഭരണകൂടത്തോട് നേര്‍ക്കുനേര്‍ വരാന്‍ താത്പര്യപ്പെടാത്ത ജുഡീഷ്യറി കൂടിയാകുമ്പോള്‍ ജനാധിപത്യ ഇന്ത്യയുടെ ഭാവി പ്രവചനാതീതമാകുന്ന ഘട്ടത്തിലാണ് അക്ഷരാര്‍ഥത്തില്‍ ‘നരിമാനാ’യ ഫാലി സാം നരിമാന്‍ വിടപറഞ്ഞിരിക്കുന്നത്. ഇന്ത്യയുടെ മഹത്തായ പുത്രന്‍ എന്നാണ് പ്രഗത്ഭ അഭിഭാഷകനായ കപില്‍ സിബല്‍ നരിമാനെ അനുസ്മരിച്ചിരിക്കുന്നത്. ഫാലി എസ് നരിമാന്റെ വിടവില്‍ രാജ്യത്തെ ഭരണഘടനക്കും ജനാധിപത്യത്തിനും കാവലാളാകാന്‍ ഒരു പറ്റം ‘നരിമാന്‍’മാര്‍ക്കായി ഈ രാജ്യം ദാഹിക്കുന്നുണ്ട്.

 

Latest