Kerala
പാസ്‌പോര്‍ട്ട് പുതുക്കാന്‍ എന്‍ഒസി നല്‍കിയില്ല; ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ എന്‍ പ്രശാന്ത്
ചീഫ് സെക്രട്ടറി എ ജയതിലക് ക്രിമിനല്‍ മനസോടെ തന്നെ ഉപദ്രവിക്കുകയാണ്. വിഷയത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് എന്‍ പ്രശാന്ത്.

തിരുവനന്തപുരം| ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ എന്‍ പ്രശാന്ത് ഐഎഎസ്. തന്റെ പാസ്പോര്‍ട്ട് പുതുക്കാന്‍ എന്‍ഒസി നല്‍കിയില്ലെന്നാണ് പ്രശാന്തിന്റെ ആരോപണം. പാസ്പോര്‍ട്ട് പുതുക്കാന്‍ നല്‍കിയ അപേക്ഷ കാണാനില്ലെന്നാണ് ചീഫ് സെക്രട്ടറി അറിയിച്ചതെന്ന് പ്രശാന്ത് പറയുന്നത്. പാസ്പോര്‍ട്ട് ലഭിക്കാത്തതിനാല്‍ തന്റെ ശ്രീലങ്ക യാത്ര മുടങ്ങിയെന്നും പ്രശാന്ത് ആരോപിച്ചു. പാര്‍ട്ട് ടൈം പിഎച്ച്ഡിക്ക് വേണ്ട എന്‍ഒസിയുടെ കാര്യത്തിലും ഇതേ അവസ്ഥയാണെന്നും പ്രശാന്ത് വ്യക്തമാക്കി. ചീഫ് സെക്രട്ടറി എ ജയതിലക് ക്രിമിനല്‍ മനസോടെ തന്നെ ഉപദ്രവിക്കുകയാണെന്നും പ്രശാന്ത് ആരോപിച്ചു. ഫേസ്ബുക്കിലൂടെയാണ് ജയതിലകിനെതിരെ എന്‍ പ്രശാന്ത് ആഞ്ഞടിച്ചത്.
മാസങ്ങള്‍ക്ക് മുന്‍പ് പ്ലാന്‍ ചെയ്തതായിരുന്നു ശ്രീലങ്ക യാത്ര. കൊളംബോയില്‍ ലൊയോള സ്‌കൂള്‍ റീയൂണിയനുമായി ബന്ധപ്പെട്ടായിരുന്നു യാത്ര. സസ്പെന്‍ഷനിലായതിനാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ചീഫ് സെക്രട്ടറി ഒരു സാധാരണ എന്‍ഒസി നല്‍കാന്‍ തയ്യാറാകാത്തതുകൊണ്ടാണ് യാത്ര മുടങ്ങിയത്. എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാസ്‌പോര്‍ട്ട് പുതുക്കാന്‍ ഇത് നിര്‍ബന്ധമാണ്. എന്‍ഒസിക്കും ഐഡന്റിറ്റി സര്‍ട്ടിഫിക്കറ്റിനും മാസങ്ങള്‍ക്ക് മുന്‍പ് തന്നെ അപേക്ഷ നല്‍കിയതാണ്. എന്നാല്‍ മറുപടിയില്ലായിരുന്നെന്നും പ്രശാന്ത് പറഞ്ഞു. ഇത് വെറും ബ്യൂറോക്രസിക്കളിയല്ല. വ്യക്തമായ ലക്ഷ്യത്തോടെയുള്ള, ക്രിമിനല്‍ മനസോടുകൂടിയുള്ള ഉപദ്രവമാണ്. ഒരു റീയൂണിയന്‍ നഷ്ടമാകുന്നത് ചെറിയ കാര്യമാണ്. പക്ഷേ ആത്മാഭിമാനവും നിയമപരമായ അവകാശങ്ങളും നിഷേധിക്കപ്പെടുന്നത് മറ്റൊരു കാര്യമാണ്. രേഖകള്‍ നീക്കം ചെയ്യുന്നതും ഔദ്യോഗിക ഫയലുകളില്‍ തിരിമറി നടത്തുന്നതും കുറ്റകരമാണെന്നും വിഷയത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നും എന്‍ പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.