Kerala
ലോംഗ് ഡ്രൈവിനൊരുങ്ങി മുഴപ്പിലങ്ങാട് ബീച്ച്; മുഖ്യമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും
പൂര്‍ത്തിയായത് നാല് ഘട്ടങ്ങളായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഒന്നാം ഘട്ടം
കണ്ണൂര്‍ | ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇന്‍ ബീച്ചായ മുഴപ്പിലങ്ങാടിനെയും ധര്‍മ്മടം ബീച്ചിനെയും അന്താരാഷ്ട നിലവാരത്തിലേക്കുയര്‍ത്തുന്ന ടൂറിസം വികസന പദ്ധതിയുടെ ഒന്നാം ഘട്ട ഉദ്ഘാടനം ഇന്ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും.
നാല് ഘട്ടങ്ങളായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഒന്നാംഘട്ടമാണ് പൂര്‍ത്തിയായത്. നടപ്പാത, കുട്ടികള്‍ക്കുള്ള കളിസ്ഥലം, ടോയ്ലെറ്റ് ബ്ലോക്കുകള്‍, കിയോസ്‌കുകള്‍, ഇരിപ്പിടങ്ങള്‍, അലങ്കാര ലൈറ്റുകള്‍, ഷെയ്ഡ് സ്ട്രക്ചര്‍, ശില്‍പ്പങ്ങള്‍, ഗസിബോ, ലാന്‍ഡ് സ്‌കേപിംഗ് എന്നിവക്കായി 79.5 കോടി രൂപയാണ് ചെലവായത്. കിഫ്ബിയുടെയും കെ ഐ ഐ ഡി സിയുടെയും 233.71 കോടി രൂപയുടെ സാമ്പത്തിക സഹായത്തോടെയാണ് ബൃഹദ് പദ്ധതി നടപ്പാക്കുന്നത്.
രണ്ടാം ഘട്ടത്തില്‍ വാട്ടര്‍ സ്‌പോര്‍ട്ട്, കിയോസ്‌ക്‌സ്, സൈനജസ്, എക്‌സര്‍സൈസിംഗ് ഏരിയ, കാര്‍ പാര്‍ക്കിംഗ് എന്നിവ ഉള്‍പപ്പെടുന്നു. രണ്ടാംഘട്ട പ്രവൃത്തി ടെന്‍ഡര്‍ ചെയ്തു കഴിഞ്ഞു. 60 കോടി രൂപ ചെലവഴിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 18 മാസം കൊണ്ട് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയാണ് ധര്‍മ്മടം ബീച്ചിലെ വികസന പ്രവര്‍ത്തനങ്ങള്‍. മ്യൂസിക്കല്‍ ഫൗണ്ടൈന്‍, ജയന്റ് വീല്‍, സൈക്ലിംഗ് ആന്‍ഡ് ജോഗിംഗ് ട്രാക്ക്, ബോട്ട് റെസ്റ്റോറന്റ്‌സ് എന്നിവയാണ് ഉള്‍പ്പെട്ടിട്ടുള്ളത്.നാലാം ഘട്ട പ്രവര്‍ത്തനങ്ങള്‍ ധര്‍മ്മടം ദ്വീപിലാണ്. എലിവേറ്റഡ് നേച്ചര്‍ വാക്കും അനുബന്ധ സൗകര്യങ്ങളും സ്‌കൂള്‍പ്പര്‍ ഗാര്‍ഡന്‍ എന്നിവ നിര്‍മിക്കും. ധര്‍മ്മടം ബീച്ചിലെയും ദ്വീപിലേയും പ്രവൃത്തികള്‍ക്ക് നൂറ് കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപറേറ്റീവ് സൊസൈറ്റിക്കാണ് പദ്ധതിയുടെ നിര്‍മാണ ചുമതല. ബീച്ച് വികസനത്തോടൊപ്പം അനുബന്ധ റോഡുകളുടെയും സൗകര്യങ്ങളുടെയും വികസനവും സമാന്തരമായി നടപ്പാക്കുമെന്ന് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ പി ആര്‍ ഡി ചേംബറില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ടി സജിത പറഞ്ഞു. ടൂറിസം വകുപ്പ് മേഖലാ ജോയിന്റ് ഡയറക്ടര്‍ ഡി ഗിരീഷ് കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ടി സി മനോജ് പങ്കെടുത്തു.




