Connect with us

Ongoing News

എല്ലാ കൊള്ളരുതായ്മക്കും നെറികേടിനും മുഖ്യമന്ത്രിയുടെ കൈയൊപ്പെന്ന് മുല്ലപ്പള്ളി

ഒരു ജനതയ്ക്ക് അവർ അർഹിക്കുന്ന ഭരണകൂടമേ ലഭിക്കുകയുള്ളൂവെന്ന പഴമൊഴി സത്യമാവുകയാണൊയെന്നും മുല്ലപ്പള്ളി ചോദിച്ചു.

Published

|

Last Updated

സി പി എം ഭരണകൂടം ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടത്തി കൊണ്ടിരിക്കുന്ന രാഷ്ട്രീയ ഇടപെടലുകൾക്കെതിരെ മൂർച്ചയേറിയ ഭാഷയിൽ പ്രതികരിച്ച കേരള ഗവർണറുടെ നിലപാട് ഗൗരവമേറിയതാണെന്ന് കെ പി സി സി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. സി പി എം ഭരണത്തിൽ നടക്കുന്ന വ്യാപക സ്വജന പക്ഷപാതത്തിന്റെയും ക്രമക്കേടുകളുടെയും ഉദാഹരണങ്ങൾ മാത്രമാണിത്. 34 വർഷം പശ്ചിമ ബംഗാൾ ഭരിച്ച സി പി എം ഉന്നത വിദ്യാഭ്യാസ രംഗത്ത് നടത്തിയ രാഷ്ട്രീയ ഇടപെടലിന്റെ തനിയാവർത്തനമാണ് ഇന്ന് നടക്കുന്നത്. സി പി എമ്മിന്റെ പൂർണ പിൻബലത്തിൽ, അക്കാദമിക രംഗം നിയന്ത്രിക്കുന്നതും ഭരിക്കുന്നതും വിദ്യാർഥി നേതാക്കളും അധ്യാപക സംഘടനാ നേതൃത്വവുമാണ്. ഒരു ജനതയ്ക്ക് അവർ അർഹിക്കുന്ന ഭരണകൂടമേ ലഭിക്കുകയുള്ളൂവെന്ന പഴമൊഴി സത്യമാവുകയാണൊയെന്നും മുല്ലപ്പള്ളി ചോദിച്ചു. പോസ്റ്റ് പൂർണരൂപത്തിൽ

ഗവർണ്ണരുടെ ആത്മാലാപവും ഡെന്മാർക്കിലെ ചീഞ്ഞുനാറ്റവും…..

സി.പി.എം. ഭരണകൂടം ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടത്തി കൊണ്ടിരിക്കുന്ന രാഷ്ട്രീയ ഇടപെടലുകൾക്കെതിരെ മൂർച്ചയേറിയ ഭാഷയിൽ പ്രതികരിച്ച കേരള ഗവർണ്ണരുടെ നിലപാട് ഗൗരവമേറിയതാണ്.
കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലറെ പ്രായ പരിധി കടന്ന് പുനർ നിയമനം നടത്തിയതും കാലടി സർവ്വകലാശാല വൈസ് ചാൻസലർ നിയമനത്തിന് മൂന്ന് പേരുടെ പാനൽ തനിയ്ക്കു സമർപ്പിക്കാതെ ഏക പക്ഷീയമായി ഒരു പേരു മാത്രം സമർപ്പിച്ചതും കലാമണ്ഡലം വൈസ് ചാൻസലർ , ചാൻസലറായ ഗവർണ്ണർക്ക് സർവ്വകലാശാലയുടെ കാര്യങ്ങളിൽ എങ്ങിനെ ഇടപെടാനാകുമെന്ന് ചോദിച്ച് കോടതിയിൽ പോയതുമെല്ലാം ഗവർണ്ണരുടെ പരസ്യ വിമർശനത്തിന് വിധേയമായിരിക്കയാണ്.
സി.പി.എം. ഭരണത്തിൽ നടക്കുന്ന വ്യാപക സ്വജന പക്ഷപാതത്തിന്റെയും ക്രമക്കേടുകളുടെയും ഉദാഹരണങ്ങൾ മാത്രമാണിത്.
34 വർഷം പശ്ചിമ ബംഗാൾ ഭരിച്ച സി.പി.എം ഉന്നത വിദ്യാഭ്യാസ രംഗത്ത് നടത്തിയ രാഷ്ട്രീയ ഇടപെടലിന്റെ തനിയാവർത്തനമാണ് ഇന്ന് നടക്കുന്നത്.
സി.പി.എം. നേതാക്കന്മാരുടെ ഭാര്യമാർ , ബന്ധുക്കൾ, പാർശ്വവർത്തികൾ എന്നിവരെയെല്ലാം ഈ സർക്കാർ തലങ്ങും വിലങ്ങും വിവിധ സർവ്വകലാശാലകളിൽ നിയമിച്ചു കൊണ്ടിരിക്കയാണ്.
അധികാര ദുർവിനിയോഗത്തെയും സ്വജനപക്ഷ പാതത്തെയും അല്പം പോലും മന:സാക്ഷിക്കുത്തില്ലാതെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി, മന്ത്രിമാർ ഇവരെല്ലാം കേരളത്തിന് തീരാകളങ്കം ചാർത്തിയിരിക്കുകയാണ്.
സി.പി.എം ന്റെ പൂർണ്ണ പിൻബലത്തിൽ, അക്കാദമിക രംഗം നിയന്ത്രിക്കുന്നതും ഭരിക്കുന്നതും വിദ്യാർത്ഥി നേതാക്കളും അദ്ധ്യാപക സംഘടനാ നേതൃത്വവുമാണ്.
തിരുവനന്തപുരം യൂനിവെഴ്സിറ്റി കോളേജ് ആയുധപ്പുരയായി മാറ്റിയതും, ക്യാമ്പസ് കൗമാര കുറ്റവാളികളുടെ വളർത്ത് കേന്ദ്രമായി തീർന്നതും സി.പി.എം ന്റെ അഭിശപ്ത നേതൃത്വത്തിന്റെ അറിവോടെയാണ്.
പൊതു സമൂഹം പല കുറി ഇത് ചൂടുപ്പിടിച്ച് ചർച്ചയാക്കിയിട്ടുണ്ട് .
എല്ലാ കൊള്ളരുതായ്മക്കും നെറികേടിനും മുഖ്യമന്ത്രിയുടെ കൈയ്യൊപ്പുണ്ടന്നതാണ് ദുഃഖ യഥാർത്ഥ്യം.
ഗവർണ്ണറുടെ ആത്മാലാപം, ഡൻമാർക്കിലെ ചീഞ്ഞുനാറ്റത്തെ കുറിച്ചുള്ള തുറന്നു പറച്ചിൽ മാത്രം.
ഒരു ജനതയ്ക്ക് അവർ അർഹിക്കുന്ന ഭരണകൂടമെ ലഭിക്കുകയുള്ളൂവെന്ന പഴമൊഴി സത്യമാവുകയാണോ?
കേരളമേ, നാം ലജ്ജിച്ചു തല താഴ്ത്തുക !
– മുല്ലപ്പളളി രാമചന്ദ്രൻ

Latest